ചൈനീസ് കമ്യൂണിസം ചവച്ചുതുപ്പിയ ഇര

Sunday 16 July 2017 6:31 pm IST

  ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായി നമ്മുടെ കൊച്ചുകേരളത്തില്‍ വിലസുന്ന കമ്മ്യൂണിസ്റ്റുകാരുടെ യഥാര്‍ത്ഥ മുഖംതേടി അങ്ങ് ചൈനയിലേയ്‌ക്കോ സോവിയറ്റ് യൂണിയനിലേയ്‌ക്കോ ഒന്നും പോകേണ്ട കാര്യമൊന്നുമില്ല. ഇവിടെത്തന്നെ ധാരാളം ലഭ്യവുമാണ്. പക്ഷെ ആവിഷ്‌കാരം പ്രസംഗിച്ചുകൊണ്ട് വിദ്യാദേവിയുടെ നഗ്നചിത്രം വരച്ചു പ്രദര്‍ശിപ്പിക്കുന്ന കമ്മിക്കുട്ടികളെങ്കിലും കഴിഞ്ഞദിവസം അന്തരിച്ച സമാധാന നൊബേല്‍ ജേതാവ് ലിയു സിയാബോയുടെ വിധിയെക്കുറിച്ചൊന്നു വായിച്ചിരിക്കുന്നത് നന്നായിരിക്കും. സ്വന്തം അഭിപ്രായം പറയാന്‍ വായ്തുറക്കാനുള്ള സ്വാതന്ത്ര്യത്തിനായായിരുന്നു 1989 ല്‍ ചൈനയിലെ ടിയാനെന്‍മന്‍ സ്‌ക്വയറില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും ബുദ്ധിജീവികളും ഒത്തുകൂടിയത്. സമരം ചെയ്യുവാനോ പ്രതിഷേധിക്കുവാനുള്ള അവകാശമോ അവര്‍ക്കു വേണ്ടിയിരുന്നില്ല. പകരം, ഏക പാര്‍ട്ടി സ്വേച്ഛാധിപത്യത്തില്‍ ഞെരിഞ്ഞമരുന്ന വ്യക്തിസ്വാതന്ത്ര്യങ്ങളേയും ജനാധിപത്യാവകാശങ്ങളേയും സംരക്ഷിച്ചെടുക്കാന്‍ ഒത്തുചേര്‍ന്ന് സമാധാനപരമായി പ്രതിഷേധിക്കാന്‍ അവര്‍ ആഗ്രഹിച്ചു. നിരായുധരായി, നിശബ്ദം പ്രതിഷേധിച്ചവരുടെ ശരീരത്തില്‍ക്കൂടെ പട്ടാളട്ടാങ്കറുകള്‍ ഓടിച്ചുകയറ്റി ചതച്ചരച്ചുകൊന്നുകൊണ്ടാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഈ ഒത്തുചേരലിനെതിരെ പ്രതികരിച്ചത്. ഈ പൈശാചികതയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ലോകപ്രശസ്ത എഴുത്തുകാരനും അദ്ധ്യാപകനും നൊബല്‍ സമ്മാനജേതാവുമായ ലിയു സിയാബോ ആണ് കഴിഞ്ഞ ദിവസം ചൈനയിലെ ഷെന്‍യാങ് ചൈന മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ മരണപ്പെട്ടത്. മരണം ചൈനീസ് മേധാവികള്‍ ആസൂത്രണം ചെയ്ത കൊലപാതകമാണെന്നുള്ള ആരോപണങ്ങളും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ആരോപണമുയര്‍ത്തിയിരിക്കുന്നത് മറ്റാരുമല്ല, അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരാണ് എന്നത് അവയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. 1955 ഡിസംബര്‍ 28 ന് ചാങ് യുന്‍ എന്ന സ്ഥലതത്താണ് ലിയു സിയോബോ ജനിച്ചത്. ടിയാനന്‍മന്‍ ചത്വരത്തിലെ കൂട്ടക്കൊലയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ അദ്ദേഹത്തിന് 1989 മുതല്‍ 1991 വരെയും, 1995 മുതല്‍ 1996 വരെയും, 1996 മുതല്‍ 1999 വരെയും, 2008 മുതല്‍ മരണം വരെയും തടവുശിക്ഷയനുഭവിക്കേണ്ടിവന്നു. മനുഷ്യാവകാശ പ്രവര്‍ത്തനം നടത്തിയതും സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചതും എഴുതിയതുമായിരുന്നു ചുമത്തപ്പെട്ട കുറ്റങ്ങള്‍. 2003 മുതല്‍ 2007 വരെ ലിയു ചൈനയിലെ സ്വതന്ത്ര എഴുത്തുകാരുടെ സംഘടനയായ ഇന്‍ഡിപ്പെന്‍ഡന്റ് ചൈനീസ് പെന്‍ സെന്റര്‍ പ്രസിഡണ്ടായിരുന്നു. പ്രശസ്ത ചൈനീസ് പ്രസിദ്ധീകരണമായ മിന്‍ഷു മാഗസിന്‍ പ്രസിഡണ്ടുമായിരുന്നു സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ലിയു കൊളംബിയ യൂണിവേഴ്‌സിറ്റി, ഓസ്ലോ യൂണിവേഴ്‌സിറ്റി, ഹവായ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ അദ്ധ്യാപകനുമായിരുന്നു. സ്വന്തം രാജ്യത്ത് വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്നും, അതിനെതിരെ പ്രതിഷേധിച്ച കുട്ടികളെ ചതച്ചരച്ചുകൊല്ലുന്നുവെന്നുമറിഞ്ഞതോടെ 1989 ല്‍ ചൈനയിലേക്ക് മടങ്ങിയെത്തിയതായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് പ്രബന്ധമായിരുന്ന 'ആസ്തറ്റിക് ഹ്യൂമന്‍ ഫ്രീഡം' വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു പ്രതിപാദിച്ചിരുന്നത്. സ്വാതന്ത്ര്യം എന്ന വാക്ക് നിഘണ്ടുവിലില്ലാത്ത ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് ലിയുവിനെ അറസ്റ്റുചെയ്ത് ജയിലിലിടാന്‍ മറ്റു കാരണങ്ങള്‍ വേണ്ടിയിരുന്നില്ല. 2010 ഒക്‌ടോബര്‍ എട്ടിന് ആണ് ലിയുവിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുന്നത്. മനുഷ്യാവകാശത്തിനായുള്ള അഹിംസാമാര്‍ഗ്ഗത്തിലുള്ള സമരത്തിനായിരുന്നു നൊബേല്‍ സമ്മാനം. ചൈന ഈ അവാര്‍ഡ് വാര്‍ത്തയോട് പ്രതികരിച്ചത് അങ്ങേയറ്റം പ്രതിഷേധമുയര്‍ത്തുന്ന വിധമായിരുന്നു. സമ്മാന വാര്‍ത്ത ജനങ്ങളറിയാതിരിക്കാനും, ലിയുവിന്റെ കാതുകളിലെത്താതിരിക്കാനുമായി വിദേശ വാര്‍ത്താ ചാനലുകളായ സിഎന്‍എന്‍, ബിബിസി തുടങ്ങിയ മാധ്യമങ്ങളുടേതടക്കം വാര്‍ത്താ പ്രക്ഷേപണങ്ങള്‍ തടയപ്പെട്ടു. മറ്റ് വ്യക്തിപരമായ വാര്‍ത്താവിനിമയങ്ങള്‍ പോലും കര്‍ശനമായി സെന്‍സര്‍ ചെയ്തു.ലിയുവിന്റെ ഭാര്യയും മകനും വീട്ടുതടങ്കലിലാക്കപ്പെട്ടു. ലിയുവിനെ ഒരു തരത്തിലും നൊബേല്‍ സമ്മാന വാര്‍ത്ത അറിയിക്കുവാനോ സമ്മാനം സ്വീകരിക്കുവാനോ കമ്മ്യൂണിസ്റ്റ് ഭരണകൂടം സമ്മതിച്ചില്ല. വഞ്ചകന്‍, ക്രിമിനല്‍ തുടങ്ങിയ വിശേഷണങ്ങളായിരുന്നു ചൈനീസ് ഭരണകൂടം മനുഷ്യാവകാശ പ്രവര്‍ത്തകനും സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ ആ അദ്ധ്യാപകനില്‍ ചുമത്തിയ വിശേഷണങ്ങള്‍! ചൈനയില്‍ താമസിക്കുന്ന നൊബേല്‍ സമ്മാനിതനാകുന്ന ആദ്യ ചൈനീസ് പൗരനായിരുന്നു ലിയു സിയാബോ. ലോകത്തില്‍ത്തന്നെ ജയില്‍ വാസത്തിനിടയില്‍ സമ്മാനം ലഭിക്കുന്ന മൂന്നാമത്തെ വ്യക്തി. (കാള്‍ ഒണ്‍ ഒസിറ്റ്‌സ്‌കി - 1935, ആങ്‌സാന്‍ സ്യൂകി - 1991 എന്നിവരായിരുന്നു ആദ്യ രണ്ടുപേര്‍) നൊബേല്‍ സമ്മാനം വാങ്ങുന്നതില്‍നിന്നും അനുമതി നിഷേധിക്കപ്പെടുന്ന രണ്ടാമത്തെ വ്യക്തിയും. (കാള്‍ ഒണ്‍ ഒറ്റ്‌സ്‌കിയായിരുന്നു ആദ്യത്തെയാള്‍). ലോകസമാധാനത്തിനുവേണ്ടിയും സഹവര്‍ത്തിത്വത്തിനുവേണ്ടിയും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയും ലോകരാജ്യങ്ങളെല്ലാംതന്നെ കഠിനശ്രമങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയും, നിയമനിര്‍മ്മാണങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുകയുമാണ് കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെ ഈ സ്വാതന്ത്ര്യ ഹത്യയെന്നോര്‍ക്കണം. ലോകത്ത് ഏറ്റവും കൂടുതല്‍ എഴുത്തുകാരെയും ചിന്തകരെയും കൊന്നൊടുക്കിയ ഭരണകൂടമെന്ന നിലയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനും സോവിയറ്റു യൂണിയനുള്‍പ്പെടെ മറ്റ് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ക്കും ഈ സ്വാതന്ത്ര്യഹത്യകളുടെ കുപ്രസിദ്ധമായ പാരമ്പര്യമവകാശപ്പെടുവാനുണ്ടെങ്കിലും, ചൈനയുടെയും സോവിയറ്റ് യൂണിയന്റെയും പാരമ്പര്യമവകാശപ്പെടുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും വാചാലരാകുമ്പോള്‍, ലിയു സിയാബോവിനെപ്പോലുള്ളവരുടെ ജീവിതവും, മരണവും സ്വതന്ത്രമായി ചിന്തിക്കുന്നവരുടെ മനസ്സിലേക്കുള്ള ചില തീക്കോരിയിടലുകളാണ്; ചില ഓര്‍മ്മപ്പെടുത്തലുകളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.