ദോക്‌ലാമില്‍ സംഭവിക്കുന്നത്‌

Saturday 15 July 2017 9:42 pm IST

ഇക്കഴിഞ്ഞ ജൂണില്‍ ഇന്ത്യ- ചൈന- ഭൂട്ടാന്‍ ട്രൈ ജങ്ഷനിലേക്ക് ചൈന റോഡ് നിര്‍മ്മാണം നടത്തുന്നതിനെ ഇന്ത്യയും ഭൂട്ടാനും എതിര്‍ക്കുകയും ഇരു രാജ്യങ്ങളും ചൈനക്കെതിരായി അതിര്‍ത്തികളില്‍ സൈനിക സന്നാഹം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. രാജ്യ സുരക്ഷയായിരുന്നു ഇവരുടെ ഉത്കണ്ഠ. ഇവ വെറും അതിര്‍ത്തി പ്രശ്‌നമാക്കി തള്ളിക്കളയാനാവില്ല. ഏഷ്യയില്‍ രാഷ്ട്രീയ മേല്‍ക്കോയ്മക്കായി ചൈന ഒരുക്കിക്കൊണ്ടിരിക്കുന്ന ദീര്‍ഘകാല രാഷ്ട്രീയ തന്ത്രത്തിന്റെയും സൈനികതന്ത്രത്തിന്റെയും ഭാഗമാണെന്ന് വേണം കരുതാന്‍. ഇന്ത്യ-ചൈന ബന്ധത്തിലെ പ്രശ്‌നങ്ങള്‍ 1950 കളില്‍ ചൈന എടുത്ത തീരുമാനമാണ്, അടുത്ത 15 വര്‍ഷത്തിനുള്ളില്‍ അമേരിക്കയുടെ സാമ്പത്തിക നിലയ്ക്കും, അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്റെ സാമ്പത്തിക നിലയ്ക്കും ഒപ്പമെത്തുകയെന്നത്. മുന്നോട്ടുള്ള വന്‍ ചുവടുവെയ്പ്പ് എന്ന നയത്തിന്റെ അടിസ്ഥാനവും സാമ്പത്തിക പുരോഗതിയിലേക്കുള്ള കുതിച്ചുചാട്ടം എന്നുള്ളതായിരുന്നു. അര്‍ത്ഥപൂര്‍ണ്ണമായ സാമ്പത്തിക പുരോഗതി കൈവരാന്‍ ദശാബ്ദങ്ങള്‍ എടുത്തെങ്കിലും, ഇക്കാര്യത്തിലൊക്കെ ഏറെക്കുറേ ചൈന വിജയം കൈവരിച്ചു എന്നുവേണം പറയാന്‍. 1962ലെ ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തില്‍, ചൈനീസ് സൈന്യത്തിന്റെ മുന്നേറ്റത്തെ തടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല എന്നതാണു വാസ്തവം. ഈ പോരാട്ടത്തില്‍ ഇന്ത്യക്ക് ഭൂപ്രദേശം മാത്രമല്ല ചില സൈനിക നാശവും ഉണ്ടായി. എന്നാല്‍ പോരാട്ടത്തിന് ശേഷം, ഇന്ത്യയും ചൈനയും വളരെയധികം സാമ്പത്തിക സാങ്കേതിക തലങ്ങളില്‍ മുന്നേറിയപ്പോഴും, ഇരുകൂട്ടരും ഇനിയൊരു സംഘര്‍ഷാവസ്ഥ അതിര്‍ത്തിയില്‍ ഉണ്ടാകരുതെന്ന് ശഠിച്ചിരുന്നു. ഇതിന് ചൈനയേക്കാളും ഇന്ത്യ പരിശ്രമിച്ചു എന്നുവേണം പറയാന്‍. പലസമയത്തും രാഷ്ട്രീയ നയതന്ത്രതലങ്ങളില്‍ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. രണ്ടു പ്രധാന മൂന്നാം ലോകരാഷ്ട്രങ്ങള്‍ എന്ന നിലയിലും, ഇന്ത്യയും ചൈനയും പലപ്പോഴും ഒരുമിച്ചുനിന്നിരുന്നു. അത് ഇന്നും അങ്ങനെ തുടരുന്നു. എല്ലാറ്റിലുമുപരി ഇന്ത്യയും ചൈനയും തമ്മില്‍ കഴിഞ്ഞ 40 വര്‍ഷമായി അതിര്‍ത്തി പ്രശ്‌നങ്ങളില്‍ സായുധ പോരാട്ടങ്ങള്‍ നടത്തിയിട്ടില്ലെന്നതും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. നാഥുലായിലും, ഛോലായിലും 1967 ല്‍ നടന്ന അതിര്‍ത്തിത്തര്‍ക്കങ്ങളും, പിന്നീട് 1987ല്‍ അരുണാചല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായതും, ആള്‍നാശമോ അപായങ്ങളോ വരുത്തിയില്ല എന്നത് പ്രത്യേകം ചൂണ്ടിക്കാണിക്കപ്പെടേണ്ടതാണ്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഇന്ത്യയും ചൈനയും 1962 ലെ യുദ്ധത്തിന്നുശേഷം അതിര്‍ത്തിയുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല. അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടേ ഇരിക്കുന്നതിനാല്‍ ഇന്ത്യക്ക് ചൈനയുമായി പലപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ വര്‍ഷവും മഞ്ഞുകാലത്തിന്റെ അവസാനം ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ തമ്പടിക്കുകയും അതേപോലെതന്നെ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയുടെ ഇങ്ങേപ്പുറത്ത് തമ്പടിക്കുകയും ചെയ്യും. ഇത്തവണയും, മഞ്ഞുകാലം കഴിഞ്ഞതോടെ ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ തമ്പടിക്കുകയും, ദോക്‌ലാം എന്നറിയപ്പെടുന്ന ഇന്ത്യ- ഭൂട്ടാന്‍- ചൈന എന്നിവയുടെ മൂന്നു അതിര്‍ത്തികള്‍ സന്ധിക്കുന്നിടത്ത് (ട്രൈജങ്ഷനില്‍) ചൈനീസ് സേനാവിന്യാസം നടത്തുകയും, ആ സ്ഥലത്തുള്ള ദോക്‌ലാം പീഠഭൂമിയിലേക്ക് ചൈന റോഡ്‌നിര്‍മ്മാണത്തിന് ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ ചൈനീസ് സൈന്യം റോഡുപണിയുന്ന സ്ഥലം ഭൂട്ടാന്റെ ഭൂപ്രദേശമായതുകൊണ്ട്, ഭൂട്ടാന്റെ റോയല്‍ ആര്‍മി അതിനെ എതിര്‍ത്തിരുന്നു. പക്ഷേ ചൈനയോട് കിടപിടിക്കുന്ന ആര്‍മി ഭൂട്ടാന്റെ കൈവശം ഇല്ലാത്തതിനാലും, ഇന്ത്യ ഭൂട്ടാന്റെ പ്രതിരോധം ഉള്‍പ്പെടെ എല്ലാക്കാര്യത്തിലും സഹായിക്കുന്നതിനാലും ഇന്ത്യ ഇത്തവണ സ്വന്തം സൈന്യത്തെക്കൂടി അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചു. പല കാരണങ്ങളാലും ഈ പ്രദേശം ഇന്ത്യയെ സംബന്ധിച്ചു പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നു. ഒന്ന്, ഇന്ത്യയും ഭൂട്ടാനും ഇടയിലുള്ള അതിര്‍ത്തി പ്രദേശത്ത് സമാധാനം തുടരുക എന്നത് രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു സുപ്രധാനമാണ്. എന്നാല്‍ ഈ രണ്ടതിര്‍ത്തിക്കിടയിലേക്ക് ചൈനീസ് സൈന്യം തിക്കിക്കയറുന്നത്, ഇന്ത്യയേയും ഭൂട്ടാനേയും ബാധിക്കുകയും ചെയ്യും. കൂടാതെ, ദോക്‌ലാം പീഠഭൂമിയില്‍ ചൈനീസ് സൈന്യം വരുന്നതും ഇരിപ്പുറപ്പിക്കുന്നതും, ഇന്ത്യക്ക് സുരക്ഷാ ഭീഷണിയാണ്. എന്തെന്നാല്‍ ഭാരതത്തെ അതിന്റെ വടക്കു കിഴക്കന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പ്രദേശമായ സിലുഗുരി കോറിഡോര്‍ (ഏതാണ്ട് 200 കിലോമീറ്റര്‍ നീളവും 60 കി.മീ വീതിയുമുള്ള ഭൂപ്രദേശം) എന്നറിയപ്പെടുന്ന ഇടത്തിലേക്ക് പെെട്ടന്ന് ആക്രമണം നടത്താന്‍ ചൈനീസ് സൈന്യത്തിനു കഴിയും. ഇന്ത്യയുടെ വടക്കു- കിഴക്കന്‍ മേഖലയിലെ പല ഭാഗങ്ങളും തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് വാശിപിടിക്കുന്ന ചൈനയ്ക്ക് തന്ത്രപ്രധാനമായ സൈനിക ആക്രമണം നടത്താന്‍ കഴിയുന്ന ഒരിടംകൂടിയാണിത്. ഈ പ്രദേശത്തെ വേണമെങ്കില്‍ ഒരു സൈനിക മുന്നേറ്റം വഴി ഇന്ത്യയില്‍നിന്ന് ഭൗമശാസ്ത്രപരമായി അടര്‍ത്തി മാറ്റുകയും ചെയ്യാമെന്ന് ചൈന വ്യാമോഹിക്കുന്നുണ്ട് എന്നതും കണക്കിലെടുത്താല്‍, ഇതിന്റെ പ്രാധാന്യം മനസ്സിലാകും. ഇത്തരമൊരു അവസരം ഉണ്ടായാല്‍ വടക്കു കിഴക്കന്‍ മേഖലയിലേക്ക് അവശ്യ സാധനങ്ങളെത്തിക്കാനോ, സൈനിക വിന്യാസത്തിനോ ഇന്ത്യക്ക് കഴിയില്ല എന്നത് വടക്കു കിഴക്കന്‍ മേഖലയ്ക്ക് ഒരു ഭീഷണി ആണ്. ഇക്കാര്യങ്ങളെല്ലാം നോക്കുമ്പോള്‍, ഇപ്പോഴത്തെ തര്‍ക്കത്തിന്നു പാത്രമായ ഭൂപ്രദേശം എന്തുകൊണ്ടും ഇന്ത്യയ്ക്ക് വളരെ പ്രധാനമാണ്. ഭൂട്ടാനുമായി ഇന്ത്യയ്ക്കുള്ള ബന്ധം അഭേദ്യമാണ്. ഇരുരാജ്യങ്ങളും 1949 ല്‍ സൗഹൃദക്കാരാറുകള്‍ ഒപ്പുവയ്ക്കുകയും വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തു. എന്നും ഇന്ത്യയുടെ സുഹൃത്തായി നിന്നിട്ടുള്ള ഭൂട്ടാനുമായുള്ള ബന്ധം പ്രബലമാക്കാന്‍ 1968ലെ ഇന്ത്യ-ഭൂട്ടാന്‍ നയതന്ത്രബന്ധക്കരാറും 2007ലെ സൗഹൃദക്കരാറും സഹായിച്ചു. തങ്ങളുടെ കൈവശമുള്ള ഭൂപ്രദേശം തങ്ങളിലാര്‍ക്കെങ്കിലും ദോഷകരമായി അന്യദേശ ശക്തികള്‍ ഉപയോഗിക്കുന്നതിനെ ഈ കരാറുകള്‍ വിലക്കുന്നു. ഇരുരാജ്യങ്ങളുടെയും ദേശീയ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കണമെന്നും കരാറിലുണ്ട്. ഇതുപ്രകാരം, ഭൂട്ടാന്റെ അതിര്‍ത്തിയില്‍ ഏത് അതിക്രമം ആരു നടത്തിയാലും ചോദ്യം ചെയ്യാനും എതിര്‍ക്കാനും ഇന്ത്യക്ക് ഭൂട്ടാന്റെ അനുമതിയുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2014 ലെ സന്ദര്‍ശനവും സഹായിച്ചിട്ടുണ്ട്. എന്താണ് ചൈനയുടെ വാദം? ദോക്‌ലാം പീഠഭൂമി ഇന്ത്യയുടേയും ചൈനയുടേയും ഭൂട്ടാന്റെയും അതിര്‍ത്തികള്‍ സന്ധിക്കുന്ന സ്ഥലമാണ് എന്നു പറഞ്ഞുവല്ലോ. എന്നാല്‍ മൂന്നു രാജ്യങ്ങളുടെയും അതിര്‍ത്തി സന്ധിക്കുന്നത്, ദോക്ലാമിലല്ല, ദോക്ലാമില്‍നിന്ന് വളരെ തെക്കോട്ടുള്ള (അതായത് സിക്കിമിന്റെ അതിര്‍ത്തിയുടെ വശത്തുകൂടി സിലുഗുരി കോറിഡോറിനടുത്തേക്ക്) സ്ഥലമായ ഗാമോചെന്നിലാണെന്നാണ് ചൈനയുടെ വാദം. അതായത് ഈ പറയപ്പെടുന്ന അതിര്‍ത്തി സന്ധിയെ കൂടുതല്‍ തെക്കോട്ട് തള്ളി വയ്ക്കുകയും, അതുവഴി ദോകലാം പീഠഭൂമിയെ തങ്ങളുടെ അധീനതയിലാക്കുകയുമാണ് ചൈനയുടെ ലക്ഷ്യം. ദോക്ലാമിലേക്ക് എത്താന്‍ തങ്ങളുടെ അതിര്‍ത്തിവരെ പണ്ടേ റോഡുകള്‍ ചൈന നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഈ ട്രൈജങ്ഷന്‍ അതിര്‍ത്തി കുറെക്കൂടി തെക്കോട്ട് തള്ളി, ഇപ്പോഴുള്ള റോഡ് കൂടുതല്‍ തെക്കോട്ട് പണിത് സിലുഗുരി കോറിഡോറിലേക്കുള്ള വഴിതെളിക്കുകയാണ് ഇപ്പോള്‍ നടന്നത് എന്നാണ് പറയപ്പെടുന്നത്. ഈ ശ്രമം, ഇന്ത്യക്കെതിരെ ഒരു സൈനിക മേല്‍ക്കോയ്മ ഉണ്ടാക്കാനുള്ള താല്‍പര്യം ലക്ഷ്യംവച്ച് ചെയ്യുന്നതാണ് എന്നേ നമുക്ക് നോക്കിക്കാണാന്‍ കഴിയൂ. എന്നാല്‍ ചൈന ഈ താല്‍പര്യങ്ങളെ ന്യായീകരിക്കാന്‍ പ്രധാനമായും രണ്ടു കാര്യങ്ങളാണ് വാദിക്കുന്നത്. ഒന്ന്, പണ്ടുമുതല്‍ക്കേ ഭൗമശാസ്ത്രപരമായ ഏതു സ്വാര്‍ത്ഥതാല്‍പര്യങ്ങളേയും ന്യായീകരിക്കാന്‍ ചിങ് ഡൈനാസ്റ്റിയുടെ (1644 മുതല്‍ 1912 വരെ ചൈനയില്‍ അധികാരത്തില്‍ നിന്നിരുന്ന ഭരണം)അധീനതയില്‍ ഉണ്ടായിരുന്നതെന്നു പറയപ്പെടുന്ന സ്ഥലങ്ങളുടെ ഭൂപടമാണ് ചൈന ഉപയോഗിക്കുന്നത്. ഭൂമിയെ ശരിയായ രീതിയില്‍ അളക്കാനും, അതിര്‍ത്തി കുറ്റമറ്റ രീതിയില്‍ നിര്‍ണ്ണയിക്കാനും വേണ്ട സാങ്കേതിക വിദ്യപോലും ഇല്ലാതിരുന്ന സമയത്തുണ്ടാക്കിയ ഈ ഭൂപടമാണ് എല്ലാ തരത്തിലുള്ള ചൈനയുടെ അതിര്‍ത്തി അവകാശവാദങ്ങള്‍ക്കും ആധാരം. വ്യക്തമായ അതിര്‍ത്തി (ബോര്‍ഡര്‍) എന്ന സങ്കല്‍പ്പംപോലും ഇക്കാലത്തില്ലായിരുന്നു എന്നതും, ഒരു അതിര്‍ത്തിപ്രദേശം എന്ന അവ്യക്തമായ ധാരണകളെ ആധാരമാക്കിയാണ് ഈ ഭൂപടം ഉണ്ടാക്കിയതെന്നുമുള്ള കാരണത്താലും, ഏകപക്ഷീയമായി ഉണ്ടാക്കിയ ഈ ഭൂപടങ്ങള്‍ മറ്റ് രാജ്യങ്ങളുടെ ഭൂപ്രദേശത്തെ സംബന്ധിച്ചുള്ള പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് എന്നതിനാലും ചൈനയുടെ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല. ബുള്ളി ഇന്‍ ദ ബാക്യാര്‍ഡ് ഏഷ്യയില്‍, എല്ലാ അയല്‍ രാജ്യങ്ങളോടും അതിര്‍ത്തി തര്‍ക്കങ്ങളുള്ള രാജ്യമാണ് ചൈന. അതുകൊണ്ടുതന്നെയായിരിക്കാം പലരും ചൈനയെ ബുള്ളി അഥവാ 'ചട്ടമ്പി' എന്ന രീതിയില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. സോവ്യറ്റ് യൂണിയനുമായി 1960 കളില്‍ പലപ്പോഴും അതിര്‍ത്തിത്തര്‍ക്കങ്ങളും, സൈനിക ഉരസലുകളും ഉണ്ടായിട്ടുണ്ട്. ചൈനയുടെ കിഴക്കും തെക്കുമുള്ള അതിര്‍ത്തികളില്‍ ഉണ്ടായ യുദ്ധങ്ങളില്‍ ചൈനയ്ക്ക് വളരെയധികം ആള്‍നാശവും ഉണ്ടായതായി പറയപ്പെടുന്നു. എന്നാല്‍, 1990 കളില്‍ സോവ്യറ്റ് യൂണിയന്‍ ഛിന്നഭിന്നമാകുകയും തുടര്‍ന്നു റഷ്യയുമായും മധ്യേഷ്യയുമായും ചൈന കാരാര്‍ ഉണ്ടാക്കുകയും ചെയ്ത് അതിര്‍ത്തി പ്രശ്‌നങ്ങളില്‍ പലതും പരിഹരിക്കുകയും ചെയ്തു. പക്ഷേ, ജപ്പാനുമായി കിഴക്കെ ചൈനീസ് സമുദ്രത്തിലുള്ള അതിര്‍ത്തി തര്‍ക്കവും, തെക്ക് കിഴക്കേഷ്യന്‍ രാജ്യങ്ങളുമായി തെക്കേ ചൈനീസ് സമുദ്ര പ്രദേശത്തില്‍ കടലതിര്‍ത്തിത്തര്‍ക്കങ്ങളും ഇപ്പോഴും നടക്കുന്നു. സ്പ്രാറ്റ്‌ലി, പാരസെല്‍ ദ്വീപുകളെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ വിയറ്റ്‌നാമും, ഫിലിപ്പീന്‍സും പലപ്പോഴും ചൈനീസ് സൈന്യത്തിന്റെ ആക്രമണം നേരിട്ടിട്ടുണ്ട്. ഇത്തരത്തില്‍ മറ്റുരാജ്യങ്ങളുടെ ഭൂമി സ്വന്തമാക്കാനുള്ള ഈ അത്യാഗ്രഹത്തെ ചൈന പലപ്പോഴും ന്യായീകരിച്ചിരുന്നത് അവര്‍ ഇന്നും വില കല്‍പ്പിക്കുന്ന ചിങ് വാഴ്ചക്കാലത്തുള്ള ഭൂപടം അടിസ്ഥാനമാക്കിയാണ്. 'ഛുങ് ഗേ്വാ' (ZhongGuo) എന്നും 'ഛുങ് ഹ്വാ' (Zhonglzm) എന്നും സ്വയം വിശേഷിപ്പിക്കുന്ന ചൈനീസ് ജനത, ഈ വാക്കുകള്‍കൊണ്ട് പണ്ട് ഉദ്ദേശിച്ചിരുന്നത്, ലോകത്തിലെ സാംസ്‌കാരിക നാഗരികത ചൈനയില്‍ മാത്രമാണെന്നും, ബാക്കിയുള്ള ഭൂപ്രദേശങ്ങളില്‍ എല്ലാം അപരിഷ്‌കൃതര്‍ ആണെന്നും ആണ്. അങ്ങനെയുള്ള ഭൂമി ഭരിക്കാന്‍ സ്വര്‍ഗ്ഗം ഭൂമിയുടെ കൃത്യം നടുവിലായി തങ്ങളെ കൊണ്ടുവച്ചിരിക്കുകയാണെന്നും, ഭൂമി ഭരിക്കുന്ന ജോലി തങ്ങളെ ഏല്‍പിച്ചിരിക്കുകയാണെന്നും ആ കൃത്യനിര്‍വഹണം തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നുമുള്ള അപക്വമായ കാഴ്ചപ്പാട് ചൈനയില്‍ ഇപ്പോഴും പലരും വച്ചുപുലര്‍ത്തുന്നുണ്ടാകും. ചൈന സന്ദര്‍ശിച്ച പല വിദേശികള്‍ക്കും ഇത്തരം കാഴ്ചപ്പാടിനെപ്പറ്റി നേരിട്ടു കേള്‍ക്കാനും അറിയാനുമുള്ള അവസരം ഉണ്ടായിട്ടുണ്ടാകാം. ഈ ലോകത്ത് സാമ്പത്തികമായും ഭൗമശാസ്ത്രപരമായും തങ്ങളുടെ സ്വാധീനം കൂട്ടാന്‍ ചൈന കാണിക്കുന്ന വെമ്പല്‍, പലപ്പോഴും ഭൂമി ഭരിക്കുക എന്നുള്ള തങ്ങളുടെ പദ്ധതിയെ ഉയര്‍ത്തിക്കാണിക്കുന്ന ഒന്നാണ്. (ജെഎന്‍യുവിലെ അദ്ധ്യാപകനാണ് ലേഖകന്‍ . ലേഖനത്തിന്റെ രണ്ടാം ഭാഗം നാളെ)  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.