കുരുമുളക് സ്‌പ്രേ അടിച്ച് ബൈക്ക് യാത്രികന്റെ സ്വര്‍ണ്ണം കവര്‍ന്നു

Saturday 15 July 2017 9:40 pm IST

തൃശൂര്‍: ബൈക്ക് യാത്രികനെ തടഞ്ഞ് നിര്‍ത്തി കുരുമുളക് സ്‌പ്രേ മുഖത്ത് അടിച്ച ശേഷം സ്വര്‍ണ്ണം കവര്‍ന്നതായി പരാതി. ചങ്ങരത്ത് ബാലന്റെ മകന്‍ ദിനില്‍(25)ആണ് കവര്‍ച്ചക്കിരയായത്. വെള്ളിയാഴ്ച രാത്രി 8.10 ഓടെയാണ് സംഭവം. തൃശൂര്‍ ഭാഗത്ത് നിന്ന് അരിമ്പൂരിലെ വീട്ടിലേക്ക് വരുന്ന വഴി ചേറ്റുപുഴ പാലം കഴിഞ്ഞയുടനെ രണ്ട് പേര്‍ ഇയാളുടെ ബൈക്ക് തടഞ്ഞ് നിര്‍ത്തിയതായി പറയുന്നു. തുടര്‍ന്ന് ഹെല്‍മറ്റ് ധരിച്ചിരുന്ന ഇയാളുടെ മുഖത്തേക്ക് സ്‌പ്രേ അടിക്കുകയും കഴുത്തിലെ അഞ്ച് പവന്റെ മാല ഊരി വാങ്ങി സംഘം രക്ഷപ്പെടുകയുമായിരുന്നു. അതേ സമയം സംഭവത്തില്‍ ദുരൂഹതയുള്ളതായി പറയുന്നുണ്ട്.കവര്‍ച്ച നടന്നയുടനെ ഇയാള്‍ നാട്ടുകാരെ വിവരം അറിയിക്കാതെ നേരെ പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു.കുരുമുളകുപൊടി സ്‌പ്രേ ചെയ്തതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും പറയുന്നു. സംഭവത്തില്‍ അന്തിക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.