എച്ച്1 എന്‍1 വ്യാപിക്കുന്നു ഡെങ്കിപ്പനി: പിഞ്ചുകുഞ്ഞ് മരിച്ചു

Saturday 15 July 2017 10:52 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ഡെങ്കിപ്പനി ബാധിച്ച് പിഞ്ചുബാലിക മരിച്ചു. തിരുവനന്തപുരം നേമം സ്വദേശിനി മറിയം ഫാത്തിമ (10 മാസം)യാണ് മരിച്ചത്. നേമം ശിവന്‍കോവിലിന് സമീപം നേമംകോണത്ത് വീട്ടില്‍ ഷെഫീക്-സെലീന ദമ്പതികളുടെ ഏകമകളാണ് മറിയം ഫാത്തിമ. ഡെങ്കിപ്പനി ബാധിച്ച് രണ്ടുദിവസങ്ങളായി തൈക്കാട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ മരണം സംഭവിച്ചു. മറ്റ് അഞ്ചുമരണങ്ങളില്‍ ഡെങ്കിപ്പനി ബാധ സംശയിക്കുന്നുണ്ട്. തിരുവനന്തപുരം പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി വിനോദ് (32), പൂന്തുറ സ്വദേശി സാംബശിവന്‍ (60), എറണാകുളം പെരുമ്പാവൂര്‍ സ്വദേശി യാസീന്‍ (9 മാസം), പാലക്കാട് തെങ്കര സ്വദേശി സക്കീര്‍ ബാബു (43), മലപ്പുറം നെടിയിരുപ്പ് സ്വദേശി വീരാന്‍ (62) എന്നിവരുടെ മരണത്തിലാണ് ഡെങ്കി ബാധ സംശയിക്കുന്നത്. തിരുവനന്തപുരം പൂന്തുറ സ്വദേശി നിസാര്‍ (45), മലപ്പുറം മഞ്ചേരി സ്വദേശി വിശ്വനാഥന്‍ (30) എന്നിവരുടെ മരണം എലിപ്പനി മൂലമാണോ എന്നും സംശയിക്കുന്നു. ഇന്നലെ പനി ബാധിച്ച് ചികിത്സതേടിയ 468 പേരില്‍ 211 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. പത്തുപേര്‍ക്ക് എലിപ്പനി സംശയിക്കുന്നു. ഇതില്‍ മൂന്നുപേര്‍ക്ക് സ്ഥിരീകരിച്ചു. അതേസമയം 27 പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം ഇതുവരെ 2,691 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നാലുപേര്‍ക്ക് ചിക്കുന്‍ഗുനിയയും 79 പേര്‍ക്ക് എലിപ്പനിയും പിടിപെട്ടെന്ന് സ്ഥിരീകരിച്ചു. 203 പേര്‍ എച്ച്1 എന്‍1 ന് ചികിത്സ തേടി. 28 പേര്‍ ഈ മാസം സാധാരണ പനി മൂലം മരിച്ചെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. ആറുപേര്‍ ഡെങ്കിപ്പനിയും എട്ടുപേര്‍ എച്ച്1 എന്‍1 ഉം ഒരാള്‍ എലിപ്പനി ബാധിച്ചും ഈ മാസം മരിച്ചു.ഇന്നലെ മാത്രം ഒപിയില്‍ 22,019 പേര്‍ പനിക്ക് ചികിത്സതേടി. 725 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിവിധ ജില്ലകളിലെ പനിബാധിതരുടെ എണ്ണം, ബ്രാക്കറ്റില്‍ ഡെങ്കിബാധിതരുടെ കണക്ക്: തിരുവനന്തപുരം 2918 (84), കൊല്ലം 1464 (26), പത്തനംതിട്ട 595 (17), ഇടുക്കി 484 (0), കോട്ടയം 897 (0), ആലപ്പുഴ 1238 (15), എറണാകുളം 1413 (21), തൃശൂര്‍ 2284 (10), പാലക്കാട് 2801 (5), മലപ്പുറം 3637 (5), കോഴിക്കോട് 1026 (28), വയനാട് 995 (2), കണ്ണൂര്‍ 1629 (1), കാസര്‍കോട് 640 (0). സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടെന്ന് തെളിയിക്കുന്നതാണ് പനിക്കണക്കുകള്‍. പകര്‍ച്ചപ്പനിക്കൊപ്പം, ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍പോക്‌സ്, എച്ച്1 എന്‍1, മഞ്ഞപ്പിത്തം, മലേറിയ എന്നിവയും വ്യാപിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 17.93 ലക്ഷം പേര്‍ക്കു പനി പിടിപെട്ടു. 2015 ല്‍ പനിബാധിച്ച് 114 പേര്‍ മരിച്ച സ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ മുന്നൂറിലേറെ പനിമരണങ്ങളുണ്ടായി. തുടര്‍പഠനങ്ങളും പരിശോധനകളും നടത്താതെ പനി മരണങ്ങള്‍ കണക്കുകളില്‍ മാത്രമൊതുക്കപ്പെടുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.