വിവാഹത്തട്ടിപ്പ് വീരന്‍ അറസ്റ്റില്‍

Sunday 16 July 2017 4:05 pm IST

പോത്തന്‍കോട്: ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാം വിവാഹത്തിനൊരുങ്ങി പെണ്‍കുട്ടിയുടെ വീട്ടുകാരെ കബളിപ്പിച്ച് 25 ലക്ഷവുമായി മുങ്ങിയ യുവാവിനെ പോത്തന്‍കോട് പൊലീസ് പിടികൂടി. നെടുമങ്ങാട് കുപ്പക്കോണം റോഡില്‍ അനീഷ് അഹമ്മദ് പിള്ള (30 ) ആണ് പിടിയിലായത്. മുണ്ടേല സ്വദേശിയായ യുവതിയെയാണ് ഇയാള്‍ ആദ്യം വിവാഹം ചെയ്തത്. ഇവരില്‍ നിന്ന് സ്ത്രീധനമായി 140 പവനും വിലപിടിപ്പുള്ള കാറും ഇരുനിലവീടും 53 സെന്റ് സ്ഥലവും നല്‍കിയിരുന്നു. ഈ വിവാഹത്തില്‍ ഒരു കുഞ്ഞുമുണ്ട്. ഈ ബന്ധം നിയമപരമായി വേര്‍പ്പെടുത്താതെയാണ് പോത്തന്‍കോട് സ്വദേശിയായ യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. വിവാഹം ഉറപ്പിക്കുകയും ബിസിനസ് ആവശ്യത്തിനായി 25 ലക്ഷം കല്യാണത്തിന് മുമ്പ് വേണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് നല്‍കുകയും ചെയ്തു. പിന്നീട് കാറും 125 പവന്‍ സ്വര്‍ണവും ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അനീഷ് മുങ്ങുകയായിരുന്നു. ഇതിനിടെ ആദ്യഭാര്യയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരം അറിയിച്ചു. പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി വൈകിയതിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശം അനുസരിച്ചാണ് പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.