ഗതാഗത കുരുക്കിന് പരിഹാരമില്ല

Sunday 16 July 2017 4:08 pm IST

പാലോട് : ആറുമാസത്തിനിടെ അരഡസന്‍ അപകടങ്ങളുടെ പരമ്പര സൃഷ്ടിച്ചിട്ടും പാലോട്ടെ ഗതാഗതക്കുരുക്കിന് പരിഹാരമില്ല. ഏഴുവര്‍ഷം മുമ്പ് വ്യാപാരികളും മോട്ടോര്‍ തൊഴിലാളികളും തമ്മില്‍ ചര്‍ച്ച നടന്നതൊഴിച്ചാല്‍ നാളിതുവരെ പ്രശ്‌നപരിഹാരമുണ്ടായില്ല. വാഹനങ്ങളുടെ പാര്‍ക്കിംങ് തോന്നിയപടിയിലാണ്. സ്വകാര്യ ബസുകളും സമാന്തര സര്‍വ്വീസുകാരും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മില്‍ നിത്യവും അടിയും വഴക്കുമാണ്. കേസ് എടുക്കാനും ഒത്തുതീര്‍പ്പാക്കാനും പോലീസിന്റെ നെട്ടോട്ടവും. പ്രശ്‌നത്തിന് പരിഹാരം കാണേണ്ട ജനപ്രനിധികളും ഉദ്യോഗസ്ഥരും ഇതൊന്നും കണ്ടില്ലന്നമട്ടില്‍. നെടുമങ്ങാട് റോഡിലെ പാര്‍ക്കിംഗ് നേരത്തേ മഹാറാണി ഹോട്ടലിനുശേഷമായിരുന്നു. കൃത്യസമയത്തിനും അഞ്ച് മിനിറ്റ് മുന്‍പ് മാത്രം സ്റ്റാന്റില്‍ വന്ന് യാത്രക്കാരെ കയറ്റി പോകുന്നതായിരുന്നു പതിവ്.എന്നാല്‍ ഇപ്പോഴതില്ല. വാഹനങ്ങള്‍ അനിയന്ത്രിതമായി പാര്‍ക്ക് ചെയ്യ്ത് യാത്രക്കാരെ കയറ്റുന്നതും അപകടം വര്‍ദ്ധിപ്പിക്കുന്നു. കോളേജ് റോഡിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. നേരത്തേ എസ്ബിടി കഴിഞ്ഞായിരുന്നു പാര്‍ക്കിംഗ്. െ്രെപവറ്റ് ബസുകള്‍ സമാന്തര സര്‍വ്വീസുകാര്‍ എന്നിവരെ കൃത്യമായ സമയപരിധിയില്‍ കൊണ്ടുവരുന്നതിനും നിയന്ത്രിക്കുന്നതിനും പോലീസിനു സാധിച്ചിട്ടില്ല എന്നതാണ് ഗതാഗത കുരുക്കിനുള്ള പ്രധാന കാരണം.