കലുങ്ക് പാലങ്ങള്‍ അപകടത്തില്‍

Sunday 16 July 2017 8:12 pm IST

എടത്വാ: നിര്‍മാണത്തിലിരിക്കുന്ന അമ്പലപ്പുഴ-നീരേറ്റുപുറം സംസ്ഥാനപാതയിലെ കലുങ്ക് പാലങ്ങള്‍ അപകട നിലയിലെന്ന് സൂചന. ആലപ്പുഴ, നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കലിനെ തുടര്‍ന്ന് ബലക്ഷയം സംഭവിച്ചതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിഗമനം. വെള്ളക്കിണറിന് സമീപത്തെ കലുങ്ക് പാലം പുനര്‍നിര്‍മ്മിക്കേണ്ട അവസ്ഥയില്‍ എത്തിയെന്നും സൂചനയുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലേയും അപ്രോച്ച് ഇടിഞ്ഞുതാഴ്ന്ന് പാലത്തിന് വിള്ളല്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റോഡ് നിര്‍മാണം ഏറ്റെടുത്ത സൊസൈറ്റിയുടെ ആരോപണം. പാലങ്ങളുടെ അപ്രോച്ച് ഇളക്കി മാറ്റിയുള്ള പൈപ്പ് സ്ഥാപിക്കലാണ് ബലക്ഷയത്തില്‍ കലാശിച്ചതെന്നാണ് ആക്ഷേപം. പൈപ്പ് സ്ഥാപിക്കാനായി ഇളക്കിമാറ്റിയ അപ്രോച്ച് പുനര്‍ നിര്‍മാക്കാതെയാണ് കരാറുകാരന്‍ പണി പൂര്‍ത്തിയാക്കി മടങ്ങിയത്. ജലഅഥോറിറ്റി ഉദ്യോഗസ്ഥരും ഇതിനെതിരെ പരാതി ഉന്നയിച്ചില്ല. പച്ച പാലത്തിന് കിഴക്കുവശത്തെ അപ്രോച്ച് കല്ല് ഇളക്കിമാറ്റിയ നിലയിലാണ് ഇപ്പോഴും കിടക്കുന്നത്. അപ്രോച്ച് മാറ്റിയ സ്ഥലത്തെ 11 കെ.വി വൈദ്യുതി പോസ്റ്റും അപകട നിലയിലാണുള്ളത്. അമ്പലപ്പുഴ-നീരേറ്റുപുറം സംസ്ഥാനപാതയിലെ ഒട്ടുമിക്ക പാലങ്ങളിലും അറ്റകുറ്റപണി നടന്നുവരുകയാണ്. റോഡ് നിര്‍മാണത്തിന് കരാര്‍ നല്കിയതിന് പിന്നാലെ അപകടനിലയിലായ പാലങ്ങള്‍ക്കും കരാര്‍നല്‍കി പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ വന്‍ദുരന്തം സംഭവിക്കാന്‍ ഇടയുണ്ട്. ആലപ്പുഴ, നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കല്‍ ആരംഭിച്ചപ്പോള്‍ തുടങ്ങിയ യാത്രാദുരിതത്തിന് അറുതിയായെന്ന് കാത്തിരിക്കുമ്പോഴാണ് കലുങ്ക് പാലങ്ങള്‍ വിനയായത്. പൈപ്പ് സ്ഥാപിക്കലോടെ അമ്പലപ്പുഴ, തകഴി, എടത്വാ, തലവടി പഞ്ചാത്തിലെ ഗ്രാമവാസികളാണ് മൂന്നുവര്‍ഷമായി കടുത്തദുരിതം അനുഭവിക്കുകയായിരുന്നു. ആലപ്പുഴ, നീരേറ്റുപുറം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെടുത്തി കരുമാടി-നീരേറ്റുപുറം റോഡില്‍ അടുത്ത പൈപ്പ് സ്ഥാപിക്കലിന് അനുമതി ലഭിച്ചതോടെ റോഡ് നിര്‍മാണത്തിന് വീണ്ടും പ്രതിസന്ധി നേരിടാന്‍ സാധ്യതയുണ്ട്. പൈപ്പ് സ്ഥാപിക്കല്‍ റോഡിന് നടുവിലൂടെ സ്ഥാപിക്കാനാണ് ജലഅഥോറിറ്റിയുടെ തീരുമാനം. ജലഅഥോറിറ്റിയുടെ തീരുമാനത്തെ കടുത്ത ഭാഷയില്‍ മന്ത്രി ജി. സുധാകരന്‍ വിമര്‍ശിച്ചിരുന്നു. ജലഅഥോറിറ്റിയുടെ അടുത്ത പൈപ്പ് സ്ഥാപിക്കല്‍ റോഡും പാലങ്ങളും പൂര്‍ണ തകര്‍ച്ചയില്‍ എത്താനാണ് സാധ്യത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.