മഴപെയ്താല്‍ നഗരം വെള്ളത്തില്‍

Sunday 16 July 2017 8:13 pm IST

ചേര്‍ത്തല: കാലവര്‍ഷം കനക്കുമ്പോള്‍ ചേര്‍ത്തല നഗരം വെള്ളത്തിലാകും. കുണ്ടും കുഴിയും നിറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ റോഡുകളും പെയ്ത്ത് വെള്ളം ഒഴുകി പോകുന്നതിനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ് നഗരവാസികള്‍ക്ക് ദുരിതമാകുന്നത്. ഗവ. ടൗണ്‍ എല്‍പി സ്‌കൂള്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ഗേള്‍സ് ഹൈസ്‌കൂള്‍ കവലയ്ക്ക് തെക്കുഭാഗം, നഗരസഭ ഓഫീസിന് മുന്‍വശം, ദേവീക്ഷേത്രത്തിന് വടക്കുവശം, ഇരുമ്പുപാലത്തിന് സമീപം, താലൂക്ക് ആശുപത്രിക്ക് തെക്ക്, ഗോസായി കോളനി, സെന്റ് മേരീസ് പാലത്തിന് കിഴക്ക് ഭാഗം, വടക്കേ അങ്ങാടി കവലയ്ക്ക് വടക്ക് ഭാഗം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമാകുന്നത്. ഇവിടങ്ങളില്‍ മഴവെള്ളം കെട്ടിക്കിടന്ന് റോഡ് തകര്‍ന്ന് ഗതാഗതവും തടസപ്പെടുന്നത് പതിവാണമഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാത്തതും വെള്ളക്കെട്ട് രൂക്ഷമാകുന്നതിന് കാരണമായിട്ടുണ്ട്. കാനകള്‍ യഥാസമയം ശുചീകരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നും വിമര്‍ശനമുണ്ട്. മഴക്കാലത്ത് നഗരസഭ കാര്യലയത്തിന് മുന്‍വശം വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. ഇതിന് പരിഹരിക്കാന്‍ അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. ടൗണ്‍ എല്‍പി സ്‌കൂളിന് മുന്നിലെ വെള്ളക്കെട്ട് കുട്ടികള്‍ക്ക് അടക്കം ദുരിതമാകുകയാണ്.