ഡി സിനിമാസ്: റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ക്ക് മന്ത്രിയുടെ നിര്‍ദ്ദേശം

Sunday 16 July 2017 8:38 pm IST

തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസിന്റെ ഭൂമിയിടപാട് സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വി.എസ്.സുനില്‍കുമാര്‍. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. തിയറ്ററിന് വേണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്ന ആരോപണത്തില്‍ ശക്തമായ അന്വേഷണം നടത്തും. സര്‍ക്കാര്‍ ഭൂമിയാണെന്നു കണ്ടാല്‍ തിരിച്ചു പിടിക്കുമെന്നും അത് എത്ര വലിയ ഉന്നതരാണെങ്കിലും നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം ഭൂമിയിടപാട് സംബന്ധിച്ച് രണ്ട് വര്‍ഷമായി അന്വേഷണം നടന്നുവരികയാണെന്നും വിശദമായ അന്വേഷണത്തിനു ശേഷം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍ പറഞ്ഞു. ഭൂമി സംബന്ധിച്ച് 1956 മുതലുള്ള രേഖകള്‍ പരിശോധിച്ച് മുന്‍ അന്വേഷണങ്ങളും പുനരന്വേഷണവുമെല്ലാം കണക്കിലെടുത്തുവേണം റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത്. മുമ്പ് രാജകുടുംബത്തിന്റേതായിരുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയായി നിജപ്പെടുത്തുകയായിരുന്നു. പിന്നീട് ദേശീയപാതയ്ക്കും റോഡു നിര്‍മ്മാണത്തിനുമായി കുറച്ചു ഭൂമി വിട്ടു നല്‍കിയിരുന്നു. ഇതിനിടെ ഇതേ ഭൂമിയില്‍ ചില പോക്കുവരവ് നടന്നതായും കളക്ടര്‍ സൂചിപ്പിച്ചു. മുന്‍ കളക്ടര്‍ എം.എസ്.ജയയുടെ കാലത്താണ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരാതി ഉയര്‍ന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.