പുല്‍ക്കോര്‍ട്ടില്‍ ചരിത്രം കുറിച്ച് ഫെഡറര്‍

Sunday 16 July 2017 11:31 pm IST

ലണ്ടന്‍: മൂന്നാം സീഡായ റോജര്‍ ഫെഡറര്‍ക്ക് വിംബിള്‍ഡണില്‍ എട്ടാം കിരീടം നേടി ചരിത്രം കുറിച്ചു. പുല്‍ക്കോര്‍ട്ടിലെ കലാശപ്പോരാട്ടത്തില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് പതിനാലാം സീഡായ മാരിന്‍ സിലിക്കിനെ തകര്‍ത്താണ് എട്ടാം കിരീടത്തില്‍ മുത്തമിട്ടത്. ഇതാദ്യമായാണ് ഒരു താരം ഇവിടെ എട്ടാം കിരീടം ചൂടുന്നത്. ഫെഡററുടെ പത്തൊന്‍പതാം ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണിത് . ഒരു മണിക്കൂര്‍ 41 മിനിറ്റ് നീണ്ട് പോരാട്ടത്തില്‍ 6-3,6-1,6-4 എന്ന സ്‌കോറിനാണ് വിജയം നേടിയത്. ഒന്നാം റൗണ്ട് മുതല്‍ ഒരു സെറ്റുപോലും എതിരാളികള്‍ക്ക് വിട്ടുകൊടുക്കാതെയാണ് ഫെഡറര്‍ ഇത്തവണ കിരീടമണിഞ്ഞത്. 1976 ബോര്‍ഗിനുശേഷം ഇതാദ്യമായാണ് ഒരു താരം ഒറ്റ സെറ്റും വിട്ടുകൊടുക്കാതെ കിരീടം നേടുന്നത്. വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമെന്ന ബഹുമതിയും 35കാരനായ ഫെഡറര്‍ക്ക് സ്വന്തമായി. 1976ല്‍ 32-ാം വയസില്‍ ആര്‍തര്‍ ആഷെ കുറിച്ച റെക്കോര്‍ഡാണ് വഴിമാറിയത്. തുടക്കം മുതല്‍ അരങ്ങുതകര്‍ത്ത് മുന്നേറിയ ഫെഡറര്‍ ആദ്യ രണ്ട് സെറ്റിലും അനായാസം ജയിച്ചു കയറി. അതേസമയം നിര്‍ണായകമായ മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ മാരിന്‍ സിലിക്ക് മുന്നിട്ടു നിന്നു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ഫെഡറര്‍ 3-3 ന് ഒപ്പമെത്തി. പിന്നീട് ഒരു ഗെയിം കൂടി വിട്ടുകൊടുത്ത് 6-4 ന് സെറ്റും കിരീടവും സ്വന്തമാക്കി. 2014 ല്‍ യുഎസ് ഓപ്പണ്‍ നേടിയശേഷം ഇതാദ്യമായാണ് ഫെഡറര്‍ ഒരു മേജര്‍ ടൂര്‍ണമെന്റില്‍ കിരീടമണിയുന്നത്. ഫെഡറര്‍ ആദ്യമായി ഒരു ഗ്രാന്‍ഡ്സ്ലാമിന്റെ ഫൈനല്‍ കളിച്ചത് വിംബിള്‍ഡണിലായിരുന്നു. 2003ലാണ് ഫെഡറര്‍ ഇവിടെ ആദ്യമായി ഫൈനലിലെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.