കുണ്ടു കുഴിയും നിറഞ്ഞ ദേശീയപാത 183

Sunday 16 July 2017 9:01 pm IST

പൊന്‍കുന്നം: ദേശീയപാത 183ല്‍ പൊന്‍കുന്നം മുതല്‍ മുണ്ടക്കയം വരെയുള്ള ഭാഗത്ത് ടാറിങ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടു തുടങ്ങി. റോഡിലെ കുഴികള്‍ക്കും കട്ടിങ്ങുകള്‍ക്കും പുറമേ വളവുകളില്‍ മെറ്റല്‍ ഇളകി കിടക്കുന്നതും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. പൊന്‍കുന്നം ടൗണ്‍ മുതല്‍ കെവിഎംഎസ് ജംക്ഷന്‍ വരെയും കണ്ണാശുപത്രിപ്പടിക്കു സമീപം വളവിലും കാഞ്ഞിരപ്പള്ളി പഞ്ചായത്തുപടിക്കു സമീപവും ടാറിങ് പൊളിഞ്ഞ് കുഴികളുണ്ടായിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി മുതല്‍ മുണ്ടക്കയം വരെയുള്ള ഭാഗത്ത് പലയിടങ്ങളിലും കുഴികള്‍ രൂപപ്പെട്ടു. റാണി ആശുപത്രിപ്പടിക്കു സമീപം ടാറിങ് പൊളിഞ്ഞ് കുഴി രൂപപ്പെട്ടു. 26-ാം മൈലിനും പാറത്തോട് പഞ്ചായത്ത് ഓഫിസ് പടിക്കുമിടെ ടാറിങ് പൊളിഞ്ഞു. ഈ ഭാഗത്താണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നതും. പൊടിമറ്റത്ത് എസ്ഡി കോളജിന് സമീപത്തെ വളവില്‍ മഴ പെയ്താല്‍ വെള്ളം ഒഴുകിപ്പോകാതെ റോഡില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. 31–ാം മൈലിനും പൈങ്ങനയ്ക്കുമിടയിലും ഗ്യാലക്‌സി ജംക്ഷന് സമീപവും മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് മുന്നിലും വന്‍കുഴികളാണുള്ളത്. ദേശീയ പാതയിലൂടെ വേഗത്തിലെത്തുന്ന വാഹനങ്ങള്‍ അപ്രതീക്ഷിത കുഴികളില്‍ ചാടി അപകടങ്ങളുണ്ടാകുന്നതും പതിവാണ്. പാതയോരത്തെ കാടും കാഴ്ച മറയ്ക്കുന്ന വളവുകളും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.