അച്ചന്‍കോവിലാറിന്റെ തീരമിടിയുന്നു നിരവധി കുടുംബങ്ങള്‍ ഭീതിയില്‍

Sunday 16 July 2017 9:12 pm IST

പത്തനംതിട്ട: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ അച്ചന്‍കോവിലാറിന്റെ ഇരു കരകളിലുമായി താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ഭീതിയില്‍. പലരുടെയും കൃഷികള്‍ മാത്രമല്ല തിട്ട ഇടിച്ചില്‍ കാരണം വലിയതോതില്‍ ഭുമിയും നഷ്ടപ്പെടുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടേയും വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടും ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്തുകള്‍ മുഖേന ആറ്റുതീരങ്ങളില്‍ കരിങ്കല്‍ സംരക്ഷണഭിത്തികള്‍ നിര്‍മിക്കാറുണ്ട്. എന്നാല്‍ ഈ മേഖലയില്‍ കാര്യമായി സംരക്ഷണ ഭിത്തികള്‍ കെട്ടാത്തതാണ് പ്രധാന കാരണം. മുമ്പ് നിര്‍മ്മിച്ചതു പലയിടത്തും മലവെള്ളപ്പാച്ചിലില്‍ കുത്തി ഒലിച്ചുപോകുകയും ചെയ്തു. തീരപ്രദേശത്ത് താമസിക്കുന്നവര്‍ നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് നിവേദനങ്ങളും, പരാതികളും നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. കരിങ്കല്‍ കെട്ടിയ കുളി കടവുകളും പലയിടത്തും തകര്‍ന്നു പോയിട്ടുണ്ട്. ചെളിനിറഞ്ഞ ഇവിടെ കുളിക്കാനും, തുണി അലക്കാനും കഴിയാതെയുമായി. കോന്നി, പ്രമാടം ഗ്രാമ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പ്രമാടം നാലാം വാര്‍ഡിലെ ചിറ്റൂര്‍ മുക്കിനു സമീപമുള്ള ഇളകൊള്ളൂര്‍ മണ്ണും ഭാഗത്തെ അഞ്ച് കുടുംബങ്ങളാണ് ഭീതിയില്‍ കഴിയുന്നത്. കാവും മുറിയില്‍ ഗോപകുമാര്‍, മുരളീധരന്‍, കൊട്ടാരത്തില്‍ കെ.ജി.രാജന്‍, ഉണ്ണികൃഷ്ണന്‍ നായര്‍, സുരേഷ് കുമാര്‍ എന്നിവരുടെ കുടുംബങ്ങളാണിത്. ചിറ്റൂര്‍ ജംങ്ഷനു സമീപത്തു നിന്നും ആരംഭിക്കുന്ന റോഡ് ആറിന്റെ കരയിലൂടെ ഈ വീടുകളുടെ സമീപം വരെ മാത്രമേ ഉള്ളു. ഇതുകഴിഞ്ഞാല്‍ പെരുമ്പലത്ത് കുടുംബംവക കാവാണ്. മുന്‍പ് ലോറികള്‍ കടന്നു പോകുന്ന വീതിയിലായിരുന്നു ഈ വഴി. വഴിക്ക് അപ്പുറം ആറിനോടു ചേര്‍ന്ന് വീണ്ടും നാലു മീറ്ററോളം വീതിയും ഉണ്ടായിരുന്നു. പതിനൊന്ന് വര്‍ഷം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് 80 മീറ്റര്‍ നീളത്തില്‍ കാവു വരെ ഒരു മീറ്റര്‍ മാത്രം ഉയരത്തില്‍ കരിങ്കല്‍ കെട്ടിയിരുന്നു. താഴ്ഭാഗത്തേക്ക് കരിങ്കല്‍ എത്തിക്കാന്‍ തിട്ട ഇടിച്ചാണ് ലോറി ഇറക്കിയത്. നിര്‍മാണ ശേഷം വഴിക്കായി ഇടിച്ചതിട്ട ഇടിഞ്ഞ് വീഴാന്‍ തുടങ്ങി. കാലക്രമേണ കരിങ്കല്‍കെട്ടും തകര്‍ന്ന് പോയി. തിട്ട ഇടിച്ചില്‍ രൂക്ഷമായതോടെ വഴിയുടെ വീതിയും കുറഞ്ഞ് വീട്ടിലേക്ക് വാഹനങ്ങള്‍ വരാത്ത സ്ഥിതിയിലായി. അത്യാവശ്യ സാഹചര്യത്തില്‍ ഓട്ടോറിക്ഷകള്‍ പോലും വരാന്‍ കഴിയാത്തത് ഈ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. രണ്ട് വര്‍ഷം മുമ്പ് ഇവിടേക്ക് വന്ന ഓട്ടോറിക്ഷ തിട്ട ഇടിഞ്ഞ് ആറ്റിലേക്ക് മറിഞ്ഞതോടെയാണ് ഈ അവസ്ഥയിലായത്. കുട്ടികളെ സുരക്ഷിതമായി സംരക്ഷിക്കുന്നതാണ് ഇവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. കുട്ടികളെ വീടിനു പുറത്തിറക്കാന്‍ പോലും വീട്ടുകാര്‍ക്ക് ഭയമാണ്. രാത്രി കാലങ്ങളില്‍ അസുഖം ബാധിച്ചാല്‍ ആശുപത്രിയില്‍ പോകാന്‍ പോലും ഒരു വാഹനം ഇവിടെ എത്തില്ല എന്നതാണ് ഗുരുതരമായ അവസ്ഥ. മതിയായ ഉയരത്തില്‍ സംരക്ഷണ ഭിത്തി കെട്ടി ജീവന്‍ രക്ഷിക്കണമെന്നാണ് ഈ കുടുംബങ്ങളുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.