വന്യമൃഗങ്ങള്‍ വരുത്തുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കുന്നില്ല

Sunday 16 July 2017 9:13 pm IST

പത്തനംതിട്ട: വനമേഖലയ്ക്ക് സമീപം താമസിക്കുന്നവര്‍ തീരാ ദുരിതത്തില്‍. ആയിരക്കണക്കിനു രൂപാ മുടക്കി കൃഷി ഇറക്കുന്നവര്‍ക്ക് വിളവെടുപ്പിനുള്ള ഭാഗ്യമില്ല. കാട്ടാനയും പന്നിയും അടക്കമുള്ള വന്യമൃഗങ്ങള്‍ കൃഷി വിളകള്‍ മുഴുവന്‍ നശിപ്പിക്കുന്നു. വന്യമൃഗങ്ങള്‍ വരുത്തുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കുകയാണെന്ന് കര്‍ഷകര്‍. വനമേഖലയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കാട്ടാന, കാട്ടുപന്നി, മ്ലാവ്, കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയവയുടെ ശല്യം കാരണം കുടിയേറ്റ കര്‍ഷകരും ദുരിതത്തിലാണ്. ആവാസ വ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ് ഇവയെ നാട്ടിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്. റബര്‍ വില ഇടിഞ്ഞതോടെ ഈ പ്രദേശങ്ങളിലെ കര്‍ഷകര്‍ റബര്‍ തോട്ടങ്ങള്‍ ഉപേക്ഷിച്ച നിലയിലാണ്. കാടുകയറി കിടക്കുന്ന ഈ തോട്ടങ്ങളാണ് കാട്ടുപന്നികളുടെ ഇപ്പോഴത്തെ ആവാസ കേന്ദ്രം. അശാസ്ത്രീയമായ വനപരിപാലനം മൂലം മൃഗങ്ങള്‍ക്ക് കാട്ടില്‍ ആവശ്യത്തിനു ഭക്ഷണം ലഭ്യമല്ലാതായി. വനത്തിലെ അക്വേഷ്യ, മാഞ്ചിയം തോട്ടങ്ങള്‍ പൂക്കുമ്പോഴുണ്ടാകുന്ന ഗന്ധം ഒരു ജീവിക്കും സുഖകരമല്ല. മനുഷ്യനടക്കം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. ഈ വൃക്ഷങ്ങളുടെ ഇല മണ്ണുമായി ചേരാത്തതു മൂലം അതിനു കീഴില്‍ സസ്യങ്ങളും വളരില്ല. തോടുകളിലേയും നീര്‍ച്ചാലുകളിലേയും ജലം ഈ വൃക്ഷങ്ങള്‍ ഊറ്റിക്കുടിക്കുന്നതിനാല്‍ ജീവികള്‍ക്ക് വേനല്‍ക്കാലത്ത് വെള്ളത്തിനും ക്ഷാമമാണ്. കാട്ടുതീയാണ് മറ്റൊരു പ്രശ്‌നം. വേനല്‍ക്കാലത്ത് ഉള്‍വനങ്ങളിലുള്‍പ്പെടെ കാട്ടുതീ പടരുന്നതു കാരണം രാജവെമ്പാലയടക്കമുള്ള ഉരഗങ്ങള്‍ക്കും, പക്ഷികള്‍ക്കും, ജീവികള്‍ക്കും ഇവിടെ കഴിയാനാകാതെ വരുന്നു. മുമ്പ് ജനങ്ങള്‍ വിറക്, പുല്ല് എന്നിവ ശേഖരിക്കാന്‍ വനത്തെ ആശ്രയിച്ചിരുന്നു. ഇവര്‍ പോകുന്ന വഴിക്ക് വളരെ അകലെ മാത്രമേ വന്യജീവികള്‍ എത്തുമായിരുന്നുള്ളു. വിറക് ശേഖരണം നിലച്ചതോടെ കാട്ടുവഴികളും അടഞ്ഞു. ഇതൊക്കെ വന്യമൃഗങ്ങള്‍ കൂടുതല്‍ ജനവാസ കേന്ദങ്ങളിലേക്ക് എത്തുന്നതിന് ഇടയാക്കുന്നു.