70 ലിറ്റര്‍ വ്യാജമദ്യം പിടികൂടി; പ്രതികള്‍ രക്ഷപ്പെട്ടു

Sunday 16 July 2017 9:37 pm IST

അടിമാലി: കാറില്‍ മദ്യം കടത്തുന്നതിനിടെ എക്‌സൈസ് സംഘത്തെ കണ്ട പ്രതികള്‍ മദ്യ ചാക്കുകള്‍ വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. 70 ലിറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്തു. ഇന്നലെ പുലര്‍ച്ചെ 5 മണിയോടെ അടിമാലി കല്ലാറില്‍ വെച്ചാണ് സംഭവം. അടിമാലി എക്‌സൈസ് അസി.ഇന്‍സ്‌പെക്ടമ്മാരായ വിവി തോമസ്, കെ യു സണ്ണി എന്നിവരുടെ നേത്യത്വത്തില്‍ വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയം എത്തിയ കാര്‍ കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. എന്നാല്‍ എക്‌സൈസ് സംഘം കാറിനെ പിന്തുടര്‍ന്നു. കല്ലാര്‍ പീച്ചാടില്‍ എത്തിയപ്പോള്‍ സംഘം കാറില്‍ നിന്ന് മൂന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 70 ലിറ്റര്‍ ചാരായം എക്‌സൈസ് സംഘത്തിന് നേരെ എറിഞ്ഞശേഷം രക്ഷപെടുകയായിരുന്നു. സംഭവവവുമായി ബന്ധപ്പെട്ട് മാങ്കുളം അരിമറ്റം വയലില്‍ജോഷി, മാങ്കുളം പെരുമ്പന്‍കുത്ത് നിറക്കുളം റോയി ജോര്‍ജ്ജ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. ഇവര്‍ക്കായി എക്‌സൈസ് സംഘം തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. അര ലിറ്ററിന്റെ 140 കുപ്പികളിലാണ് മദ്യം നിറച്ചിരുന്നത്.