നെല്‍ പാടങ്ങളില്‍ ബംഗാളി ആധിപത്യം

Sunday 16 July 2017 9:41 pm IST

ആലത്തൂര്‍: സ്ത്രീതൊഴിലാളികളുടെ ക്ഷാമത്തിനിടെ നടീലിന് ബംഗാളിപയ്യന്‍മാര്‍ എത്തിയത് കര്‍ഷകര്‍ക്ക് ആശ്വാസമായി. സ്ത്രീ തൊഴിലാളികള്‍ കൂര്‍ക്കപ്പാടങ്ങളും, ഇഞ്ചിപ്പാടങ്ങളിലും പുല്ലും കളയും വലിക്കാനായി പോകുന്നതാണ് നെല്‍ക്കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയത്. പാടത്തുപണിക്ക് തൊഴിലാളികളെവിളിച്ച് കര്‍ഷകര്‍ മടുത്തു. നടീലിന് തൊഴിലാളികളെ കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണ് ബംഗാളി തൊഴിലാളികള്‍ എത്തിയത്. ഒരേക്കര്‍ നെല്‍പ്പാടം ഞാറുപറിച്ച് നടീല്‍ നടത്തിക്കൊടുക്കാന്‍ 4500 രൂപ നല്‍കിയാല്‍ മതി. എട്ടോ പത്തോ പേരടങ്ങുന്ന സംഘമെത്തി രണ്ടര മണിക്കൂറിനുളളില്‍ നടീല്‍ നടത്തി ഉടമയ്ക്ക് നന്ദിയും പറഞ്ഞ് മടങ്ങും. സ്ത്രീ തൊഴിലാളികളാണ് ഇത്രയും പേരെങ്കില്‍ രണ്ടോ മൂന്നോ ദിവസമെടുക്കുന്നിടത്താണ് രണ്ടര മണിക്കൂര്‍കൊണ്ട് കൃഷിപ്പണി പൊടിപൊടിക്കുന്നത്. നടീലിനിടയില്‍ മിക്ചറും കട്ടന്‍ചായയോ, പൊറോട്ടയോ കിട്ടിയാല്‍ വലിയ സന്തോഷമാവും. രണ്ടാം വിളയ്ക്ക് നടീലിനും ആലത്തൂര്‍ മേഖലയിലുണ്ടാകുമെന്ന് ബംഗാളികള്‍ പറഞ്ഞു. വടക്കഞ്ചേരി,മംഗലം,ആലത്തൂര്‍ ഭാഗങ്ങളില്‍ വാടകയ്ക്ക് വീടെടുത്താണ് ഇവരുടെ താമസം.