സിപിഎം സ്വന്തം ശവക്കുഴി തോണ്ടുന്നു

Sunday 16 July 2017 10:22 pm IST

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയിട്ട് നൂറുവര്‍ഷം തികയാന്‍ പോവുകയാണ്. ഒരുഘട്ടത്തില്‍ രാജ്യത്തെ രണ്ടാമത്തെ കക്ഷിയെന്ന അവസ്ഥയിലെത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എ.കെ.ഗോപാലന് പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതൃപദവിവരെ ലഭിച്ചു. ഇന്ന് ഇന്ത്യയിലാകെയുള്ള 600 ജില്ലകളില്‍ സിപിഎമ്മിന് സ്വാധീനമേറെയുള്ള ജില്ല ഒന്നുമാത്രമാണ്. കണ്ണൂരാണത്. നേരത്തെ കൂട്ടിന് പശ്ചിമബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയുമുണ്ടായിരുന്നു. കാറ്റുംവെളിച്ചവും കടക്കാത്ത പൂര്‍ണപാര്‍ട്ടിഗ്രാമമായ മിഡ്‌നാപൂരില്‍ ഇന്ന് പാര്‍ട്ടി തന്നെ നിലംപരിശായി. രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനും കയ്യൂക്കിന്റെ രാഷ്ട്രീയം പാര്‍ട്ടി പരിപാടിയാക്കാനും ശ്രമിച്ചതുമൂലമാണ് പശ്ചിമബംഗാള്‍ നിന്ന് സിപിഎം തുടച്ചുനീക്കപ്പെട്ടത്. 35 വര്‍ഷം പശ്ചിമബംഗാളില്‍ അടക്കിവാണ പാര്‍ട്ടിക്ക് ഇന്ന് ഒരു രാജ്യസഭാംഗത്തെപ്പോലും തനിച്ചുജയിപ്പിക്കാന്‍ കെല്‍പ്പില്ലാതായി. പാര്‍ട്ടി ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സാരിത്തുമ്പും പിടിച്ചുനടക്കുന്നത് ജനറല്‍ സെക്രട്ടറിയെ രാജ്യസഭയിലെത്തിക്കാനാണ്. കോണ്‍ഗ്രസിന്റെ കൂട്ടില്ലാതെ സംസ്ഥാനത്ത് മത്സരിക്കുന്നത് ഓര്‍ക്കാന്‍ പോലും അവര്‍ക്ക് ഭയമാണ്. ബംഗാള്‍ മോഡല്‍ അക്രമവും കൊലപാതകവുമാണ് കേരളത്തില്‍ വേണ്ടതെന്ന് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പഴയ സഖാവ് എ.പി.അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തിയത് മറക്കാറായിട്ടില്ല. കുഴിവെട്ടി മൃതദേഹം അതിലിട്ട് നാലുചാക്ക് ഉപ്പും താഴ്ത്തിയാല്‍ അവശിഷ്ടം പോലും കിട്ടില്ലത്രേ. കേസുമില്ല, അന്വേഷണവുമില്ല. പശ്ചിമബംഗാളില്‍ പരാജയപ്പെട്ട യുദ്ധതന്ത്രം കണ്ണൂരില്‍ ആവര്‍ത്തിക്കുകയാണ്. കണ്ണൂരില്‍ സിപിഎമ്മിന്റെ അക്രമത്തിനിരയാകാത്ത ഒരുപാര്‍ട്ടിക്കാരുമില്ല. പല പാര്‍ട്ടികളും ജീവഭയംകൊണ്ട് പ്രവര്‍ത്തനംനിര്‍ത്തി. ശേഷിക്കുന്നവര്‍ മുരട്ട് കാളവരുമ്പോള്‍ വഴിമാറിക്കൊടുക്കുന്നതുപോലെ സിപിഎമ്മിന് മുന്നില്‍ വഴിമാറിക്കൊടുക്കുന്നു. എന്നാല്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ആരുടെ മുഷ്‌ക്കിന് മുന്നിലും അടിയറവയ്ക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തനം മുന്നോട്ട് നയിക്കുന്നു. ആ ഒറ്റക്കാരണത്താല്‍ നിരപരാധികളും നിഷ്‌കളങ്കരുമായ നൂറുകണക്കിനാളുകളെ വേട്ടയാടുന്നു. വെട്ടിക്കൊല്ലുന്നു. വീടും കുടിലും കടകളും അടിച്ചും ഇടിച്ചും തകര്‍ക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തേതാണ് പയ്യന്നൂരില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍. നേരത്തെ മുസ്ലിംലീഗുകാരും കോണ്‍ഗ്രസുകാരും സോഷ്യലിസ്റ്റുകളുമായിരുന്നു സിപിഎമ്മിനാല്‍ വേട്ടയാടപ്പെട്ടത്. ലീഗുവിരോധം മൂത്ത മാര്‍ക്‌സിസ്റ്റുകാര്‍ പള്ളിയില്‍ കിടന്നുറങ്ങിയ മുക്രിയെ വെട്ടിക്കൊന്ന പയ്യന്നൂരിനടുത്ത് രാമന്തളിയില്‍ ഏതാനും മാസം മുമ്പാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. അതിനടുത്ത പഴയങ്ങാടിയില്‍ മുസ്ലിം കുടുംബങ്ങളുടെ നൂറുകണക്കിന് തെങ്ങുകളും വാഴകളും വെട്ടിയിട്ട് സിപിഎം ചുടല നൃത്തം ചവിട്ടിയതാണ്. ഇപ്പോഴത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയായി. ഇക്കഴിഞ്ഞ ജൂലൈ 11 ന് രാത്രി സിപിഎം അക്ഷരാര്‍ത്ഥത്തില്‍ പയ്യന്നൂരില്‍ സംഹാരം തന്നെയാണ് നടത്തിയത്. ഒരു ഡസനോളം വീടുകള്‍ സംഘടിതമായെത്തിയ മാര്‍ക്‌സിസ്റ്റുകാര്‍ അടിച്ചുതകര്‍ത്തു. വീട്ടുപകരണങ്ങളെല്ലാം നശിപ്പിക്കുകയോ കട്ടുകടത്തുകയോ ചെയ്തു. വാസയോഗ്യമല്ലാത്ത നിലയില്‍ തകര്‍ക്കപ്പെട്ട വീടുകളിലെ കുടുംബങ്ങള്‍ക്കുവേണ്ടി പയ്യന്നൂര്‍ കാരയില്‍ അഭയാര്‍ത്ഥി ക്യാമ്പ് ആരംഭിച്ചിരിക്കുന്നു. കാരയില്‍ സിപിഎമ്മുകാര്‍ വീടും വാഹനങ്ങളും തകര്‍ത്ത ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യവാഹ് പി.രാജേഷ് കുമാറിന്റെ വീട്ടുപറമ്പിലാണ് ക്യാമ്പ് ആരംഭിച്ചത്. അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പയ്യന്നൂരിലെത്തിയ ജില്ലാ കളക്ടര്‍ മീര്‍മുഹമ്മദ് ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പിലെ മാര്‍ക്‌സിസ്റ്റ് ക്രൂരതയ്ക്കിരയായ സ്ത്രീകളും കുട്ടികളും തങ്ങളുടെ ദുരിതങ്ങള്‍ ജില്ലാ കളക്ടറെ തേങ്ങിക്കരഞ്ഞുകൊണ്ട് ബോധിപ്പിച്ചു. കമ്മ്യൂണിസ്റ്റ് ഭീകരതയില്‍ സര്‍വ്വവും നഷ്ടപ്പെട്ട അമ്മമാരും കുഞ്ഞുങ്ങളും നിറകണ്ണുകളുമായി അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുകയാണ്. അമ്മമാരേയും പ്രായമായ സ്ത്രീകളേയും പുരുഷന്‍മാരേയും കൈക്കുഞ്ഞുങ്ങളെയും കളക്ടര്‍ ആശ്വസിപ്പിക്കുകയും ചെയ്തു. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പത്തോളം വീടുകളും ബിജെപി മണ്ഡലം കമ്മറ്റി ഓഫീസ്, ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യാലയം എന്നിവയും തകര്‍ക്കപ്പെട്ടവയില്‍പ്പെടുന്നു. വീടുകള്‍ പൂര്‍ണ്ണമായും തകര്‍ത്ത അക്രമിസംഘം പല വീടുകളില്‍ നിന്നും പണവും സ്വര്‍ണ്ണവും കൊളളയടിച്ചു. ഒട്ടുമിക്ക സ്ഥലത്തും പോലീസ് നോക്കിനില്‍ക്കേയായിരുന്നു അക്രമം. പെട്രോളും ഡീസലും ഒഴിച്ച് വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും അത്യുഗ്രശക്തിയുളള ബോംബുകളെറിഞ്ഞ് തകര്‍ക്കുകയുമായിരുന്നു. വീടുകളിലും ഓഫീസുകളിലും കണ്ണില്‍ക്കണ്ടതെല്ലാം അക്രമിസംഘം തകര്‍ത്തു. കിണറുകളെല്ലാം മലിനമാക്കി. ആര്‍എസ്എസ് പയ്യന്നൂര്‍ കാര്യാലയത്തിന് തീയിട്ട് ഒരു സാധനമൊഴിയാതെ സിപിഎം സംഘം നശിപ്പിച്ചു. തീകൊടുത്ത വീടുകള്‍ കത്തിയമരുമ്പോള്‍ എത്തിച്ചേര്‍ന്ന അഗ്‌നിശമനസേനാ വാഹനങ്ങളെ പോലും തടഞ്ഞുവയ്ക്കുകയും പൊലീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തത് ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്നേവരെ ചെയ്യാത്ത ഹീനമായ പ്രവൃത്തിയാണ്. മനുഷ്യത്വം പറയുന്ന പാര്‍ട്ടി സ്വന്തം ശവക്കുഴി തോണ്ടുകയാണ്. അവരെ കാത്തിരിക്കുന്നത് പശ്ചിമബംഗാളും മിഡ്‌നാപൂരുമാണെന്നോര്‍ക്കുന്നത് നന്ന്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.