വഴിയോര കച്ചവടങ്ങള്‍ ഒഴിയാന്‍ നോട്ടീസ്

Sunday 16 July 2017 11:53 pm IST

ആലുവ: ആലുവ-മൂന്നാര്‍ ദേശസാത്കൃത റോഡില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന വഴിയോര കച്ചവടങ്ങള്‍ ഒഴിയാന്‍ കീഴ്മാട് പഞ്ചായത്ത് നോട്ടീസ് നല്‍കി. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കച്ചവടക്കാരും മൂന്ന് ദിവസത്തിനകം ഒഴിയണമെന്നാണ് നിര്‍ദ്ദേശം. ഇല്ലെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിച്ച് പഞ്ചായത്ത് നേരിട്ട് ഒഴിപ്പിക്കും. പഞ്ചായത്ത് നേരിട്ട് ഒഴിപ്പിക്കുമ്പോള്‍ ചെലവാകുന്ന തുക കച്ചവടക്കാരില്‍ നിന്നും ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നു. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ ഭാഗമായ തുരുത്ത് മേല്‍പ്പാലം കടന്നുപോകുന്ന മഹിളാലയം ഭാഗത്താണ് വഴിയോര കച്ചവടങ്ങള്‍ കൂടുതല്‍ ഭീഷണി. പെട്ടി ഓട്ടോറിക്ഷകളിലും മറ്റും കൊണ്ടു വന്ന് റോഡരികിലിട്ടാണ് പഴം, മത്സ്യം, പച്ചക്കറികള്‍ എന്നിവ വില്‍ക്കുന്നത്. താരതമ്യേന രണ്ട് വാഹനങ്ങള്‍ക്ക് മാത്രം ഒരേ സമയം കടന്ന് പോകാന്‍ കഴിയുന്ന ഈ റോഡില്‍ ഇവ വന്‍ അപകട ഭീഷണയാണ് ഉയര്‍ത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മൂന്ന് സ്വകാര്യ സ്‌കൂളുകളും ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെയും വൈകിട്ടും വിദ്യാര്‍ത്ഥികളുടെയും കാല്‍നടയാത്രികരുടെയും വന്‍തിരക്ക് ഈ ഭാഗത്ത് ഉണ്ടാകാറുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.