രാമന്‍ മനുഷ്യനോ ഈശ്വരനോ?

Tuesday 18 July 2017 9:23 am IST

രാമായണമാസം ആരംഭിക്കുകയാണ്. രാമായണ പാരായണവും പ്രഭാഷണങ്ങളും രാമായണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്ന സമയം. രാമനെക്കുറിച്ചും രാമായണത്തെക്കുറിച്ചും ഇതിനകം എത്രയോ ചര്‍ച്ചകള്‍ നടന്നു. ഇപ്പോള്‍ എന്റെ മുന്നിലുള്ള ചോദ്യം രാമന്‍ മനുഷ്യനോ ഈശ്വരനോ എന്നതാണ്. ഒറ്റ വാക്യത്തില്‍ ഉത്തരം പറഞ്ഞാല്‍ രാമന്‍ മനുഷ്യാവതാരമെടുത്ത ഈശ്വരനാണ്. അതേസമയം എല്ലാവരിലും എങ്ങും നിറഞ്ഞിരിക്കുന്ന പൊരുളായ പരമാത്മാവുമാണ്. ഇതുനുത്തരം കാണാന്‍ രാമായണത്തിലേക്കുതന്നെ പോകാം. രാമായണം എന്നവാക്കിനര്‍ത്ഥം രാമന്റെ അയനം അഥവാ മാര്‍ഗ്ഗം എന്നാണ്. അത് രാമനിലേക്കുള്ള അയനമായി സ്വീകരിച്ചാല്‍ രാമന്‍ ഈശ്വരനാകും. രാമായണം രചിച്ച വാല്മീകി പുരുഷോത്തമനായ മനുഷ്യനായി രാമനെ അവതരിപ്പിച്ചു. അദ്ധ്യാത്മരാമായണകാരന്‍ രാമനെ സാക്ഷാല്‍ പരമാത്മാവിന്റെ അവതാരമായി പ്രഖ്യാപിച്ചു. യഥാര്‍ത്ഥത്തില്‍ രാമായണം നമ്മെ മനുഷ്യനില്‍ നിന്നും ഈശ്വരത്ത്വത്തിലേക്കുയര്‍ത്തുന്ന ഉത്തമഗ്രന്ഥമാണ്. അതിനു പ്രകടമായ ഉദാഹരണം വാല്മീകി മഹര്‍ഷി തന്നെ. ജന്മംകൊണ്ട് സാത്വിക ബ്രാഹ്മണനായിരുന്ന രത്‌നാകരന്‍ ചമത പറിക്കാന്‍ വനത്തിലെത്തി. കാട്ടാളന്മാരുടെ സംസര്‍ഗ്ഗംകൊണ്ട് കൊലയും കൊള്ളയും നടത്തുന്ന കാട്ടാളനുതുല്യനായി. അതോടെ മനുഷ്യനല്ലാതായിത്തീര്‍ന്നു. എന്നാല്‍ പൂര്‍വ്വജന്മ പുണ്യംകൊണ്ട് സപ്തര്‍ഷികളുമായി സത്സംഗമുണ്ടായി. താന്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലങ്ങള്‍ താന്‍ തന്നെ അനുഭവിക്കണമെന്ന കര്‍മ്മനിയമം വിദ്യാഭ്യാസമില്ലാത്ത സ്വന്തം ഭാര്യയില്‍ നിന്നുപഠിച്ചു. അതോടെ തന്നെപ്പറ്റിചിന്തിക്കാന്‍ തുടങ്ങി. മഹര്‍ഷിമാരുടെ അനുഗ്രഹത്താല്‍ തനിക്കുള്ളിലിരിക്കുന്ന ഈശ്വരഭാവത്തെ അറിയാന്‍ തപസ്സുചെയ്തു. മരാ മരായെന്നു ജപിച്ച് തീവ്രമായ തപസ്സിലൂടെ ഈശ്വരനെ സാക്ഷാത്കരിച്ച് വാല്മീകിയെന്ന മഹാമുനിയായിത്തീര്‍ന്നു. അത് മനുഷ്യനില്‍ നിന്നും ഈശ്വരനിലേക്കുള്ള മാറ്റമായിരുന്നു. ഒരു വേടന്‍ ഇണപ്രാവുകളിലൊന്നിനെ അമ്പെയ്തു വീഴ്ത്തിയതു കണ്ടപ്പോള്‍ ഈ മഹര്‍ഷിക്കുണ്ടായ ദുഃഖം മാനിഷാദയെന്ന ശ്ലോകമായി പൊട്ടിപ്പുറപ്പെട്ടു. ഇവിടെ ഈ ഇണപ്രാവുകള്‍ രാമനും സീതയുമാണെന്നും നിഷാദന്‍ രാവണനാണെന്നും സങ്കല്‍പിച്ച ബ്രഹ്മാവ് പ്രത്യക്ഷനായി ഈ ശ്ലോകത്തിന്റെ മാതൃകയില്‍ രാമായണം രചിക്കാന്‍ നിര്‍ദ്ദേശിച്ചു. രാമനാരാണെന്ന് അറിവില്ലാതിരുന്ന മഹര്‍ഷിക്ക് രാമനെക്കുറിച്ചുള്ള അറിവു നല്‍കിയത് നാരദ മഹര്‍ഷിയായിരുന്നു. രാമനെ മനുഷ്യനായിട്ടാണോ ഈശ്വരനായിട്ടാണോ വാല്മീകി അവതരിപ്പിച്ചത്? രാമായണം രചിക്കണമെന്ന് ബ്രഹ്മാവ് നിര്‍ദ്ദേശിച്ചപ്പോള്‍ വാല്മീകി മഹര്‍ഷി ആദ്യം വിഷമിച്ചു. എഴുതാനറിയില്ല. എഴുതേണ്ട കഥയറിയില്ല. വാക്കുകള്‍ക്ക് ദാരിദ്ര്യമുണ്ടാകും. ബ്രഹ്മാവ് സരസ്വതീദേവിയുടെ കടാക്ഷം വാല്മീകിയ്ക്കു നല്‍കി. സരസ്വതി നാവില്‍ വിളയാടാന്‍ തുടങ്ങിയപ്പോള്‍ ബ്രഹ്മപുത്രനായ നാരദമഹര്‍ഷി അവിടെയെത്തി. വാല്മീകി നാരദനോടു ചോദിച്ചു- കോന്വസ്മിന്‍ സാമ്പ്രതം ലോകേ ഗുണവാന്‍ കശ്ച വീര്യവാന്‍ ധര്‍മ്മജ്ഞശ്ച കൃതജ്ഞശ്ച സത്യവാക്യോ ദൃഢവ്രതഃ ഹേ മുനിപുംഗവ! ഇപ്പോള്‍ ഈ ലോകത്തില്‍ ഗുണവാനും വീര്യവാനും ധര്‍മ്മം അറിയുന്നവനും ഉപകാരസ്മരണയുള്ളവനും, സത്യവ്രതനും ദൃഢബുദ്ധിയുള്ളവനുമായിട്ട് ആരുണ്ട്? സദാചാരനിരതനും, സര്‍വ്വര്‍ക്കും ഹിതകാരിയും, വിദ്വാനും, സമര്‍ത്ഥനും, എല്ലാവര്‍ക്കും പ്രിയങ്കരനുമായിട്ട് ഇവിടെ ആരുണ്ട്? കോപത്തെ കീഴടക്കിയവനും, തേജസ്വിയും അസൂയയില്ലാത്തനും. എന്നാല്‍ യുദ്ധത്തില്‍ ദേവന്മാര്‍ പോലും ഭയപ്പെടുന്നവനായിട്ട് ഈലോകത്ത് ആരുണ്ട്? ഇങ്ങനെയൊരാളെക്കുറിച്ച് അങ്ങേയ്ക്ക് അറിയാമോ? നാരദനറിയാം. നരനെക്കുറിച്ചറിയുന്നവനാണ് നാരദന്‍. മൂന്നുലോകങ്ങളെക്കുറിച്ചും അറിയുന്ന നാരദന്‍ വാല്മീകിയോടു പറഞ്ഞു- ബഹവോ ദുര്‍ല്ലഭാശ്ചൈവ യേ ത്വയാ കീര്‍ത്തിതാഗുണാഃ മുനേ വക്ഷ്യാമ്യഹം ബുദ്ധ്വാ തൈര്യുക്തഃ ശ്രുയതാം നരഃ ഇക്ഷ്വാകുവംശപ്രഭവോ രാമോനാമ ജനൈ ശ്രുതഃ നിയതാത്മാ മഹാവീര്യോ ദ്യുതിമാന്‍ ധൃതിമാന്‍ വശീ. ഹേ മുനേ, അങ്ങു വര്‍ണ്ണിച്ച ഗുണങ്ങളുള്ള മനുഷ്യര്‍ ലോകത്തില്‍ ദുര്‍ലഭമാണ്. എന്നാല്‍ അങ്ങുവര്‍ണ്ണിച്ച എല്ലാഗുണങ്ങളും തികഞ്ഞ ഒരാളെ എനിക്കറിയാം. ഞാന്‍ പറഞ്ഞുതരാം. ഇക്ഷ്വാകുവംശത്തില്‍ പിറന്നവനും രാമനെന്നു പ്രസിദ്ധനായവനുമായ ഒരാളുണ്ട്. അദ്ദേഹം ആത്മനിയന്ത്രണം ഉള്ളവനും, വീര്യവാനും തേജസ്വിയും ധീരനും ഇന്ദ്രിയങ്ങളെ ജയിച്ചവനുമാണ്. പിന്നീട് രാമന്റെ ഗുണഗണങ്ങളെപ്പറ്റി പതിനഞ്ചു ശ്ലോകങ്ങളിലാണ് നാരദന്‍ പറയുന്നത്. അതായത് മര്യാദാപുരുഷോത്തമനെന്ന് ആരെയെങ്കിലും പറയാന്‍ കഴിയുമെങ്കില്‍ അതു രാമനെ മാത്രം. ഗുണങ്ങളെല്ലാം ഒരാളില്‍ സമ്മേളിക്കുന്ന ഒരേയൊരു മനുഷ്യന്‍ മാത്രം. അങ്ങനെ സര്‍വ്വഗുണ സമ്പന്നനായ ഒരുത്തമ മനുഷ്യനെയാണ് നാരദന്‍ വാല്മീകി മഹര്‍ഷിക്ക് കാട്ടിക്കൊടുത്തത്. ആ മനുഷ്യന്റെ കഥയാണ് വാല്മീകി രചിച്ച രാമായണം. എന്തൊക്കെ ഗുണങ്ങളാണ് കൗസല്യാപുത്രനായ രാമനില്‍ സമ്മേളിച്ചിരിക്കുന്നത്?

(തുടരും)