പാര്‍ലമെന്റ് സമ്മേളനം ഇന്ന് തുടങ്ങും

Monday 17 July 2017 1:52 am IST

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ലോക്‌സഭയില്‍ പുതിയ 16 ബില്ലുകള്‍ അവതരിപ്പിക്കും. ബാങ്കിംഗ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സുപ്രധാന ബില്ലും ഇത്തവണ ലോക്‌സഭ പരിഗണിക്കുന്നുണ്ട്. ഉപഭോക്തൃസംരക്ഷണ ബില്‍, എന്‍ഐഎ ഭേദഗതി ബില്‍, ദേശീയ സ്‌പോര്‍ട്ട് സര്‍വ്വകലാശാല ബില്‍ തുടങ്ങിയ ബില്ലുകളാണ് പുതുതായി അവതരിപ്പിക്കുന്നത്. ലോക്‌സഭയില്‍ നേരത്തെ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്‍ അടക്കം എട്ടു ബില്ലുകള്‍ ഇത്തവണ പാസാക്കാനാവുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. ഫാക്ടറീസ് ഭേദഗതി ബില്‍, മോട്ടോര്‍ വെഹിക്കിള്‍ ബില്‍ തുടങ്ങിയ ബില്ലുകള്‍ രാജ്യസഭയും പരിഗണിക്കും. വര്‍ഷകാല സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി എല്ലാ പാര്‍ട്ടികളുടേയും പിന്തുണ തേടുന്നതായി കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. നിയമ ക്രമങ്ങള്‍ അനുസരിച്ച് എല്ലാ ചര്‍ച്ചകളും സഭയില്‍ നടക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടാവണമെന്നും അനന്ത്കുമാര്‍ പറഞ്ഞു. ആഗസ്ത് 11 വരെ നീളുന്ന സഭാ സമ്മേളനത്തില്‍ 19 പ്രവൃത്തി ദിവസങ്ങളാണ് ഉണ്ടാകുക. ആദ്യ ദിനമായ ഇന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കും. ആഗസ്ത് 5ന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും പാര്‍ലമെന്റില്‍ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.