കന്നിപ്രസവത്തിന്റെ ആലസ്യത്തില്‍ ലക്ഷ്മി; കുട്ടിക്കുറുമ്പുമായി ധീര

Monday 17 July 2017 2:50 am IST

കൊട്ടാരക്കര: പതിനൊന്ന് മാസം മുന്‍പ് കൊട്ടാരക്കരയിലെത്തുമ്പോള്‍ ലക്ഷ്മി വിരുന്നുകാരിയായിരുന്നു. ഇന്നിപ്പോള്‍ കന്നിപ്രസവം കഴിഞ്ഞ് വീട്ടുകാരിയായി. കൊട്ടാരക്കരയിലെ ശ്രീവിനായക ഗ്രൂപ്പ് എംഡി വിനായക അജിത്ത് കുമാറാണ് തമിഴ്‌നാട്ടില്‍ നിന്ന് അഞ്ച് വയസുള്ള ലക്ഷ്മിയെന്ന കുതിരയെ വാങ്ങി കൊട്ടാരക്കരയിലെത്തിച്ചത്. കാല്‍പ്പാടി ഇനത്തിലുള്ളതാണ് കുതിര. എംസി റോഡില്‍ കൊട്ടാരക്കര കരിക്കത്ത് റോഡിനോട് ചേര്‍ന്നുള്ള കമ്പനിവക സ്ഥലത്താണ് ലക്ഷ്മിക്ക് തൊഴുത്തൊരുക്കിയിരിക്കുന്നത്. തവിട്ടും ഇടയ്ക്ക് വെള്ളയും നിറമുള്ള ലക്ഷ്മി കാഴ്ചയിലും സുന്ദരി. കരീപ്ര സ്വദേശി ലിജോയുടെ പരിശീലനം ലഭിച്ചതോടെ ലക്ഷ്മി തന്നെ കാണാനെത്തുന്നവരെ നമസ്‌കരിക്കാനും ശീലിച്ചു. ഇടയ്ക്ക് ഡാന്‍സും കളിക്കും. സവാരിക്കും ഘോഷയാത്രയ്ക്കുമൊക്കെ പോകാറുണ്ട്. രണ്ടാഴ്ച മുന്‍പാണ് ലക്ഷ്മി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതോടെ കാഴ്ചക്കാരുടെ എണ്ണവും കൂടി. തൂവെള്ള നിറമുള്ള കുട്ടിക്കുതിരയ്ക്ക് ധീര എന്ന പേര് നല്‍കി. അമ്മക്കുതിരയുടെ പാല്‍ മാത്രമാണ് ഇപ്പോള്‍ ധീരയുടെ ആഹാരം. ലക്ഷ്മിക്ക് മുതിരയും കടലയും തവിടുമാണ് നല്‍കുക. പുല്ല് പറമ്പില്‍ നിന്ന് കഴിച്ചുകൊള്ളും. കന്നി പ്രസവത്തിന്റെ ക്ഷീണം മാറാന്‍ ഇപ്പോള്‍ പ്രോട്ടീന്‍ പൗഡറും നല്‍കുന്നുണ്ട്. അല്പം വളരുന്നതോടെ ധീരയ്ക്കും പരിശീലനം നല്‍കി രംഗത്തിറക്കുമെന്ന് വിനായക അജിത്ത് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.