ഇന്ത്യയുടെ വളര്‍ച്ചയെ ചൈന ശാന്തതയോടെ വീക്ഷിക്കണം

Monday 17 July 2017 12:20 pm IST

ന്യൂദല്‍ഹി: ഇന്ത്യയുടെ വളര്‍ച്ചയെ ചൈന ശാന്തതയോടെ വീക്ഷിക്കണമെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ്. ഇന്ത്യയുമായി മത്സരിക്കണമെങ്കിലും ചൈന കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള നിലവിലെ നയതന്ത്ര നിലപാടുകളുടെ പശ്ചാലത്തിലാണ് ചൈനീസ് മാധ്യമത്തിലെ ലേഖനം. ചൈനയടക്കമുള്ള വിദേശ നിക്ഷേപങ്ങള്‍ ഇന്ത്യയില്‍ കൂടി വരുന്നത് ഇന്ത്യയിലെ സാമ്പത്തിക മേഖലയിലും തൊഴിലവസരങ്ങളിലും വ്യവസായ മേഖലകളിലും പുരോഗതിയുണ്ടാക്കിയിട്ടുണ്ടെന്നും ഗ്ലോബല്‍ ടൈസ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ഈ വളര്‍ച്ചയെ ചൈന ശാന്തതയോടെ നോക്കി കാണണം.  ഇന്ത്യയുടെ വളര്‍ച്ച കാണിക്കുന്നത് ചൈനയും വിദേശ നിക്ഷേപങ്ങളെ പിന്തുടരണമെന്നാണ്. വിദേശനിക്ഷേപങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന് 'മേക്ക് ഇന്‍ ഇന്ത്യ' പോലുള്ള സംരഭങ്ങള്‍ തുടങ്ങാന്‍ സഹായകമായെന്നും ലേഖനം വിശദീകരിക്കുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയിലെന്താണോ നടന്നിരുന്നത് അതാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്നത്. വിദേശ നിക്ഷേപങ്ങളിലൂടെ വികസിപ്പിച്ച വ്യവസായ സംരംഭങ്ങള്‍ വഴി ധാരാളം കഴിവുള്ള ജോലിക്കാരേയും വ്യവസായികളേയും വാര്‍ത്തെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നും പുത്തന്‍ യുഗത്തിലേയ്ക്കുള്ള ചൈനയുടെ വളര്‍ച്ച പ്രബലമാക്കേണ്ടതുണ്ടെന്നും ചൈനീസ് മാധ്യമം കൂട്ടിച്ചേര്‍ത്തു.