ഷംനയുടെ മരണത്തിന് കാരണം ചികിത്സാപ്പിഴവ്

Monday 17 July 2017 2:56 pm IST

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി ഷംന തസ്നിമിന്റെ മരണത്തിന് കാരണം ചികിത്സാപ്പിഴവെന്ന് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ചിന്റെയും മെഡിക്കല്‍ അപ്പക്സ് ബോഡിയുടെയൂം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. മെഡിസിന്‍ വിഭാഗം മേധാവി ഡോ.ജില്‍സ് ജോര്‍ജ്ജ്, ഡോ.കൃഷ്ണ മോഹന്‍, നഴിസിംഗ് സൂപ്രണ്ട് എന്നിവരടക്കം 15 പേര്‍ വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുത്തിവെപ്പിനെ തുടർന്ന് കഴിഞ്ഞ കഴിഞ്ഞ വര്‍ഷം ജൂലൈ 18 നാണ് ഷംന ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങിയത്. ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ഥിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ചും മെഡിക്കല്‍ ബോര്‍ഡിന്റെ അപ്പെക്സ് ബോര്‍ഡും ചൂണ്ടിക്കാട്ടി. മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഷംന. പനിക്ക് ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചിരുന്നെങ്കിലും ഭേദമാകാത്തതിനാല്‍ ഡോക്ടറിന്റെ നിര്‍ദേശപ്രകാരം ഇഞ്ചക്ഷന്‍ നല്‍കുകയും തുടര്‍ന്ന് ഷംന ബോധരഹിതയായി വീഴുകയുമായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ദ്ധയായ ഡോ.ലിസ ജോണ്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നടപടികള്‍ക്കെതിരെ വിയോജനക്കുറിപ്പ് എഴുതിവച്ചതാണ് കേസില്‍ വഴിത്തിരിവായത്. മകളുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഷംനയുടെ പിതാവ് ആദ്യം സമീപിച്ചത് കളമശ്ശേരി പോലീസ് സ്റ്റേഷനിലാണ്. തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണറാണ് ഈ കേസ് ഏറ്റെടുത്തത്. പോലീസ് ആവശ്യപ്പെട്ടതുപ്രകാരം മെഡിക്കല്‍ ബോര്‍ഡ് ചേരുകയായിരുന്നു. മെഡിക്കല്‍ ഓഫീസറുടെ അഭിപ്രായമനുസരിച്ച്‌ ഈ കേസന്വേഷണം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഷംനയുടെ ഉപ്പയെ വിളിച്ചറിയിച്ചു. ചികിത്സാപ്പിഴവില്ലെന്നാണ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആദ്യത്തെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നത് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കുട്ടപ്പന്റെ നേതൃത്വത്തിലായിരുന്നു. ജില്ലാ ആശുപത്രിയിലെ മൂന്നോ നാലോ ഉദ്യോഗസ്ഥര്‍ മാത്രമാണ് ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.