നവീകരണം കുഴിയടയ്ക്കലില്‍ മാത്രം

Monday 17 July 2017 3:17 pm IST

കുന്നത്തൂര്‍: ജില്ലയിലെ തന്നെ പ്രധാന റോഡുകളിലൊന്നായ കരുനാഗപ്പള്ളി-കൊട്ടാരക്കര റോഡും തകര്‍ന്നു. ശാസ്താംകോട്ടമുതല്‍ കുന്നത്തൂര്‍ വരെയുള്ള ഭാഗമാണ് മഴയെത്തുടര്‍ന്ന് പൂര്‍ണമായി തകര്‍ന്ന് യാത്ര ദുസ്സഹമായത്. കഴിഞ്ഞ മണ്ഡലകാലത്തിന് മുന്നോടിയായാണ് ഈ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടന്നത്. പ്രധാനപാതയായതിനാല്‍ത്തന്നെ റീടാറിങിനായിരുന്നു ആദ്യതീരുമാനമെങ്കിലും പിന്നീടത് കുഴിയടയ്ക്കല്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. കുഴിയടച്ച് ആഴ്ചകള്‍ക്കകം തന്നെ റോഡ് തകര്‍ന്നു. എന്‍എച്ച് 47നെയും കൊല്ലം-ചെങ്കോട്ട ദേശീയപാതയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡായതിനാല്‍ കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് ഈ റോഡിന് പ്രത്യേക പരിഗണന നല്‍കി നിലവാരമുയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഈ തീരുമാനം മരവിപ്പിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തോളമായി റോഡിന്റെ കുഴിയടയ്ക്കല്‍ മാത്രമാണ് നടക്കുന്നത്.'ഭരണിക്കാവ് മുതല്‍ കുന്നത്തൂര്‍ വരെയുള്ള അഞ്ച് കിലോ മീറ്റര്‍ റോഡ് ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു കിടക്കുകയാണ്. ഭരണിക്കാവ് ജങ്ഷന്‍, സിനിമാപ്പറമ്പ്, തൊളിക്കല്‍, ഭൂതക്കുഴി, നെടിയവിള, കുന്നത്തൂര്‍ തുടങ്ങിയ ഭാഗങ്ങളിലെല്ലാം റോഡ് തകര്‍ന്ന് വെള്ളക്കെട്ടായി മാറിയിട്ടുണ്ട്. കുന്നത്തൂര്‍ പാലത്തിന് സമീപം ആറ്റുകടവ് ജങ്ഷനില്‍ വലിയ കുഴികളാണ് റോഡില്‍ രൂപപ്പെട്ടിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കുഴിയില്‍ വീഴാതിരിക്കാന്‍ ശ്രമിച്ച ടിപ്പര്‍ ലോറിയുടെ ഇടിയേറ്റ് ഇവിടെ ഒരു ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു. റോഡിലെ കുഴികള്‍ മൂലം അപകടം നിത്യസംഭവമായിട്ടുണ്ട്. മതിയായ രീതിയില്‍ ഓടകള്‍ നിര്‍മ്മിക്കാത്തതാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത്. ഏനാത്ത് പാലം തകരാറിലായതോടെ എംസി റോഡ് വഴിയുള്ള വാഹനങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ അറ്റകുറ്റപ്പണികള്‍ അനിവാര്യമാണ്.