താറുമാറായി വടമണ്‍-അരീക്കല്‍ റോഡ്

Monday 17 July 2017 3:19 pm IST

അഞ്ചല്‍: കാലങ്ങളായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാത്തതിനാല്‍ വടമണ്‍-അരീക്കല്‍ റോഡ് താറുമാറായി. റോഡ് പലഭാഗത്തും വന്‍കുഴികളായി കാല്‍നടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്. മുന്‍പ് പി.ഡബ്‌ള്യു.ഡി.യുടെ അധീനതയിലായിരുന്ന റോഡ് പഞ്ചായത്തിന് കൈമാറുകയായിരുന്നു. രാഷ്ട്രീയ വിരോധം നിമിത്തം അഞ്ചല്‍ പഞ്ചായത്ത് വടമണ്‍ ഗ്രാമത്തെ അവഗണിക്കുകയാണെന്നാണ് ആക്ഷേപം. വടമണ്‍ ഗവണ്‍മെന്റ് യുപിഎസ്, വടമണ്‍ മേജര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുടുംബാരോഗ്യകേന്ദ്രം, അങ്കണവാടി തുടങ്ങിയവയിലേക്ക് പോകുന്ന ആളുകള്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. സമീപത്തെ റോഡുകള്‍ പല തവണ റീ ടാറിങ് നടത്തിയിട്ടും പ്രധാന റോഡിനെ അവഗണിക്കുകയാണ്. തകര്‍ന്നു കിടക്കുന്ന റോഡിലൂടെ വാഹനങ്ങള്‍ കടന്നുവരാന്‍ മടിക്കുന്നു. ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി. സ്വകാര്യബസ് പലതും ഓട്ടം അവസാനിപ്പിച്ചു. രോഗികള്‍ക്ക് ആശുപത്രിയിലേക്കു പോകാനായി ഓട്ടോ വിളിച്ചാലും വരാത്ത സ്ഥിതി. പലസ്ഥലങ്ങളിലും വന്‍ കുഴികളായി.തകര്‍ന്നു കിടക്കുന്ന റോഡ് ഉടന്‍ സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി.