നഴ്‌സുമാരുടെ സമരം; കരിനിയമം സര്‍ക്കാര്‍ ഒത്താശയോടെ: പി.കെ.കൃഷ്ണദാസ്

Monday 17 July 2017 6:03 pm IST

കണ്ണൂര്‍: ന്യായമായ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താന്‍ ജില്ലാ ഭരണകൂടം കരിനിയമം പ്രയോഗിച്ചത് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. സ്വകാര്യ ആശുപത്രികള്‍ക്ക് മുന്‍പില്‍ സമരം നടത്തുന്ന നഴ്‌സുമാരെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ജോലിക്ക് നിയോഗിക്കുന്നത് ഏത് നിയമപ്രകാരമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വൈദഗ്ദ്യമില്ലാത്ത നഴ്‌സിങ് വിദ്യാര്‍ത്ഥികളെ ജോലിക്ക് നിയോഗിച്ചാലുണ്ടാകുന്ന വീഴ്ചകള്‍ക്ക് ജില്ലാ ഭരണകൂടത്തിന് മാത്രമായിരിക്കും പൂര്‍ണ്ണമായ ബാധ്യത. സമരം അടിച്ചമര്‍ത്താന്‍ 144 പ്രഖ്യപിച്ച കലക്ടറുടെ നടപിടി പ്രാകൃതമാണ്. പാര്‍ട്ടി നേതാക്കന്‍മാര്‍ തന്നെ പലയിടത്തും ആശുപത്രി മുതലാളിമാരായത് കൊണ്ടാണ് ഭരണ-പ്രതിപക്ഷ കക്ഷികള്‍ സമരത്തെ പിന്‍തുണക്കാത്തത്. സുപ്രീം കോടതി വിധി നടപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ മാനേജ്‌മെന്റുകളുമായി ഒത്തുകളിച്ച് സമരത്തെ അടിച്ചമര്‍ത്താനാണഅ സര്‍ക്കാര്‍ ശ്രമമെന്നും ഇതിനെതിരെ പൊതുസമൂഹം ഉണര്‍ന്ന പ്രവര്‍ത്തിക്കണമെന്നും കൃഷ്ദാസ് ആവശ്യപ്പെട്ടു.