വെങ്കയ്യ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

Monday 17 July 2017 10:55 pm IST

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. ഇന്ന് രാവിലെ 11ന് വെങ്കയ്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പത്രസമ്മേളനത്തില്‍ പറഞ്ഞു. തുടക്കം മുതല്‍ വെങ്കയ്യയുടെ പേര് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ് വെങ്കയ്യ ഒഴിഞ്ഞുമാറി. രാജസ്ഥാനില്‍നിന്നുള്ള രാജ്യസഭാംഗമായ വെങ്കയ്യ ആന്ധ്ര സ്വദേശിയാണ്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള നേതാവിനെ ഉപരാഷ്ട്രപതിയാക്കുന്നതില്‍ ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ദക്ഷിണേന്ത്യയില്‍ സ്വാധീനം വര്‍ധിപ്പിക്കാനാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്. കേരളം, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനത്തില്‍ ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിചയസമ്പന്നനായ ഒരാള്‍ വേണമെന്നതും വെങ്കയ്യക്ക് അനുകൂലമായി. മറ്റ് പേരുകളൊന്നും യോഗത്തില്‍ ഉയര്‍ന്നില്ല. ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. 18 പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു. എന്നാല്‍ രാജ്യസഭാ, ലോക്‌സഭാ എംപിമാര്‍ വോട്ടു ചെയ്യുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വെങ്കയ്യക്ക് അനായാസം ജയിക്കാനാകും. അണ്ണാ ഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ എന്‍ഡിഎ ഇതര പാര്‍ട്ടികളുടെ പിന്തുണയും വെങ്കയ്യക്കുണ്ട്. ആകെയുള്ള 790 എംപിമാരില്‍ 560ലേറെ വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചേക്കും. ആഗസ്ത് അഞ്ചിനാണ് വോട്ടെടുപ്പും ഫലപ്രഖ്യാപനവും. കര്‍ഷകന്റെ മകനായ വെങ്കയ്യക്ക് വര്‍ഷങ്ങളുടെ പൊതുപ്രവര്‍ത്തന പാരമ്പര്യമുണ്ടെന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വൃത്തങ്ങളില്‍ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. അനുഭവ പരിചയം രാജ്യസഭാ ചെയര്‍മാനെന്ന നിലയില്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ സഹായിക്കും. വെങ്കയ്യയുടെ കഠിനാധ്വാനവും നിര്‍ബന്ധ ബുദ്ധിയും തന്നെ ആകര്‍ഷിച്ചതായും മോദി ട്വിറ്ററില്‍ വ്യക്തമാക്കി. ഇതിനിടെ ഗോപാല്‍കൃഷ്ണ ഗാന്ധിക്കെതിരെ ആരോപണവുമായി ശിവസേന രംഗത്തെത്തി. മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷയെ ഗോപാല്‍കൃഷ്ണ എതിര്‍ത്തിരുന്നതായി ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. തന്റെ എല്ലാ ബന്ധങ്ങളും യാക്കൂബിനെ സംരക്ഷിക്കാന്‍ ഉപയോഗിച്ചു. രാഷ്ട്രപതിക്ക് കത്തെഴുതി. എന്തു തരം മനോഭാവമാണിതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം, ശിവസേന ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.