ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കുന്നത് പാക് സൈന്യം

Monday 17 July 2017 10:12 pm IST

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെ പാക് സൈനിക പോസ്റ്റുകളുടെ സമീപത്തു കൂടിയാണ് ഭീകരര്‍ നുഴഞ്ഞു കയറുന്നതെന്ന് ഇന്ത്യന്‍ സൈന്യം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെയെല്ലാം പൂര്‍ണ്ണ ഉത്തരവാദിത്തം പാകിസ്ഥാനാണെന്നും ഇരുരാജ്യങ്ങളുടെയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാരുടെ (ഡിജിഎംഒ) യോഗത്തില്‍ ഇന്ത്യ വ്യക്തമാക്കി. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്ന പാകിസ്ഥാന്റെ ആരോപണം ഇന്ത്യ ശക്തിയായി നിഷേധിച്ചു. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ഉചിതമായ തിരിച്ചടി നല്‍കുക മാത്രമാണ് ഇന്ത്യ ചെയ്തിട്ടുള്ളതെ് ഇന്ത്യയുടെ ഡിജിഎംഒ ലെഫ്. ജനറല്‍ എ.കെ. ഭട്ട് വ്യക്തമാക്കി. പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെ പാക് പോസ്റ്റുകളുടെ സമീപത്തു കൂടിയാണ് ഭീകരര്‍ നുഴഞ്ഞ് കയറുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന വെടിവയ്പ്പ് നുഴഞ്ഞ്കയറ്റക്കാര്‍ക്ക് പാക് സൈന്യം നല്‍കുന്ന പിന്‍തുണയുടെ തെളിവാണെന്നും ഡിജിഎംഒ ചൂണ്ടിക്കാട്ടി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായാല്‍ തിരിച്ചടി നല്‍കാനുള്ള അധികാരം സൈന്യത്തിനുണ്ടെങ്കിലും ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നിയന്ത്രണ രേഖയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താനാണ് ഇന്ത്യ എക്കാലത്തും ശ്രമിച്ചിട്ടുള്ളതെന്നും ഭട്ട് വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ ഒരു പാക് സൈനികനും, ഒരു സിവിലിയനും കൊല്ലപ്പെട്ടുവെന്ന പാകിസ്ഥാന്റെ ആരോപണം ഇന്ത്യ നിഷേധിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.