ഒത്തൊരുമയോടെ ശക്തമായി വളരാം: പ്രധാനമന്ത്രി

Monday 17 July 2017 10:15 pm IST

ന്യൂദല്‍ഹി: ഒത്തൊരുമിച്ച് ശക്തമായി വളരുകയെന്നതാണ് ജിഎസ്ടിയുടെ അന്തഃസത്തയെന്നും പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തിലും പ്രതിപക്ഷത്തില്‍ നിന്ന് ഇതേ മനോഭാവം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടിയുടെ നടത്തിപ്പിന് ശേഷം വരുന്ന പാലമെന്റ് സമ്മേളനം പുതിയ ഉത്സാഹം കൊണ്ടുവരും. ദേശീയ താല്‍പ്പര്യത്തിന് രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും തീരുമാനങ്ങള്‍ കൈക്കൊണ്ടത് ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്. ജിഎസ്ടി നടപ്പാക്കിയതിലൂടെ ഇത് വീണ്ടും തെളിയിക്കപ്പെട്ടു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കം കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനം പ്രധാനപ്പെട്ടതാണെന്ന് മോദി ചൂണ്ടിക്കാട്ടി. 2017 ആഗസ്റ്റ് 15ന് രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ ഏഴ് ദശകങ്ങള്‍ പൂര്‍ത്തിയാക്കും. 2017 ആഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് 75 വയസ്സ് തികയും. ഈ സമ്മേളന കാലയളവില്‍ പുതിയ രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും തെരഞ്ഞെടുക്കും. രാജ്യതാല്‍പര്യം കണക്കിലെടുത്തുള്ള പ്രധാന തീരുമാനങ്ങള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള ചര്‍ച്ചയ്ക്കും സമ്മേളനം അവസരം ഒരുക്കുമെന്നാണ് വിശ്വാസമെന്നും മോദി വ്യക്തമാക്കി. അമര്‍നാഥ് തീര്‍ത്ഥാടകരുടെ ബസ്സപകടത്തില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ആശ്വാസ ധനമായി പ്രഖ്യാപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, ഫാറൂഖ് അബ്ദുള്ള എന്നിവര്‍ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു. സമ്മേളനത്തിന് അഞ്ച് മിനിട്ട് മുന്‍പ് ഹാളിലെത്തിയ പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളെ അഭിവാദനം ചെയ്തത് കൗതുകമായി. പ്രതിപക്ഷ ബെഞ്ച് സന്ദര്‍ശിച്ച മോദി എച്ച്.ഡി. ദേവഗൗഡ, മുലായം സിങ് യാദവ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, എം.തമ്പിദുരൈ എന്നിവരെ ഹസ്തദാനം ചെയ്തു. സോണിയയെ കൈകൂപ്പിയായിരുന്നു അഭിവാദനം ചെയ്തത്. ഖാര്‍ഗെ, മുലായം എന്നിവരുമായി സംസാരിച്ചു. രണ്ടാം നിരയിലുള്ള രാഹുല്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്കും ആശംസ നേര്‍ന്നു. ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍, ചൈനീസ് അതിര്‍ത്തി സംഘര്‍ഷം, കശ്മീരിലെ സ്ഥിതിഗതികള്‍, ബംഗാള്‍, കേരളാ സംഘര്‍ഷങ്ങള്‍ എന്നിവ വരും ദിവസങ്ങളില്‍ സഭയില്‍ ചര്‍ച്ചയാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.