കൈയേറ്റങ്ങള്‍ക്കെതിരായ ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തി

Monday 17 July 2017 11:00 pm IST

ഇടുക്കി: പീരുമേട്, തൊടുപുഴ, ഇടുക്കി താലൂക്കുകളില്‍ നടന്നിരിക്കുന്ന ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ ഓഡിറ്റ് വിഭാഗം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും ഇടുക്കി ജില്ലാ കളക്ടര്‍ക്കും നല്‍കിയ റിപ്പോര്‍ട്ട് പൂഴ്ത്തി. 2016 ജൂണ്‍ ഒമ്പതിനാണ് പ്രിന്‍സിപ്പല്‍ അക്കൗണ്ട്‌സ് ജനറല്‍ ഇടുക്കി ജില്ലയിലെ കൈയേറ്റങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ജില്ലയിലെ 122 കൈയേറ്റക്കാരുടെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് നല്‍കിയത്. കൈയേറ്റങ്ങള്‍ക്ക് പുറമെ ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് ഭൂമി കൈവശപ്പെടുത്തി വച്ചിരിക്കുന്നവരുടെ വിവരങ്ങളും ഓഡിറ്റ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ കൈയേറ്റങ്ങള്‍ മാത്രമാണ് ജില്ലാ ഭരണകൂടം പേരിനെങ്കിലും നടപടിക്കായി ഫയലുകള്‍ നീക്കിയത്. ഏറ്റവും കൂടുതല്‍ കൈയേറ്റം നടന്നതായി കണ്ടെത്തിയിരിക്കുന്നത് പീരുമേട് താലൂക്കിലാണ്. 57 പേര്‍ ഇവിടെ സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ട്. പരുന്തുംപാറ, കുമളി ടൗണ്‍ എന്നിവിടങ്ങളിലെ കൈയേറ്റവും പെരിയാര്‍ കൈയേറ്റവുമാണ് പീരുമേട് താലൂക്കിലെ കൈയേറ്റങ്ങളില്‍ പ്രധാനപ്പെട്ടവ. കുമളിയില്‍ 22 കോടി മതിപ്പ് വിലയുള്ള സര്‍ക്കാര്‍ ഭൂമി കൈയേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദേവികുളം താലൂക്കിലെ റിപ്പോര്‍ട്ടില്‍ 22 പേരാണ് കൈയേറ്റക്കാരായുള്ളത്. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ കൈയേറ്റക്കാരനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2011ല്‍ എല്‍സി കേസെടുത്തിട്ടും രാജേന്ദ്രനെതിരെയുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ഉടുമ്പന്‍ചോല താലൂക്കില്‍ മുപ്പത്തിയൊന്നു കൈയേറ്റങ്ങളാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.