എംജി കോളേജില്‍ എസ്എഫ്‌ഐ അക്രമം

Tuesday 18 July 2017 10:28 pm IST

തിരുവനന്തപുരം: ഹൈക്കോടതി കലാലയ രാഷ്ട്രീയം നിരോധിച്ച എംജി കോളേജില്‍ യൂണിറ്റ് രൂപീകരിക്കാനുള്ള എസ്എഫ്‌ഐ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. ഒരു സംഘം വിദ്യാര്‍ഥികള്‍ എതിര്‍ത്തതോടെ സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിനു മുന്നില്‍ അക്രമം അഴിച്ചുവിട്ടു. പോലീസ് ലാത്തിവീശിയതിനെത്തുടര്‍ന്ന് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിന് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടിയും ഡിവൈഎഫ്‌ഐ ജില്ലാ നേതാക്കളും ചേര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ എംജി കോളേജിലേക്ക് അയച്ചു. പുറത്തുനിന്ന വന്ന വിദ്യാര്‍ഥികള്‍ കോളേജില്‍ കടന്ന് എസ്എഫ്‌ഐയുടെ പതാക ഉയര്‍ത്താന്‍ ശ്രമിച്ചത് ഒരുസംഘം വിദ്യാര്‍ഥികള്‍ എതിര്‍ത്തു. കലാലയ രാഷ്ട്രീയം നിരോധിച്ചിരിക്കുന്നതിനാല്‍ ഒരു വിദ്യാര്‍ഥി സംഘടനയ്ക്കു മാത്രമായി കോളേജില്‍ യൂണിറ്റ് രൂപീകരിക്കുന്നതിനെയാണ് കോളേജില്‍ പഠിക്കുന്നവര്‍ എതിര്‍ത്തത്. ഇതോടെ അക്രമാസക്തരായ എസ്എഫ്‌ഐക്കാര്‍ കോളേജ് ഗേറ്റ് തകര്‍ത്ത് ഉള്ളില്‍ കടക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടികളടക്കമുള്ള ചില എസ്എഫ്‌ഐക്കാര്‍ പൂട്ടിയിട്ടിരുന്ന ഗേറ്റ് തകര്‍ത്ത് ഉള്ളില്‍ കടന്ന് ഒരു മരത്തില്‍ എസ്എഫ്‌ഐയുടെ പതാക കെട്ടി. എതിര്‍ത്ത വിദ്യാര്‍ഥികളെ എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിക്കാനാരംഭിച്ചു. ഇത് തടസപ്പെടുത്താന്‍ ശ്രമിച്ചതോടെ ജാഥയ്ക്കുള്ളില്‍ നിന്ന് കല്ലുകളും കുപ്പികളും എറിയാന്‍ തുടങ്ങി. അവസാനം പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തതോടെ എസ്എഫ്‌ഐക്കാര്‍ ചിതറിയോടി. ഇതിനിടയിലാണ് ജില്ലാ പ്രസിഡന്റിന് പരിക്കേറ്റത്. പോലീസ് ഇടപെടല്‍ തിരിച്ചടിയാകുമെന്ന കണ്ടതോടെ മുന്‍ എംഎല്‍എ ശിവന്‍കുട്ടിയും ഒരുസംഘം ഡിവൈഎഫ്‌ഐ നേതാക്കളും സ്ഥലത്തെത്തി. എസ്എഫ്‌ഐക്കാരെ ഒരുസംഘം വിദ്യാര്‍ഥികള്‍ ആക്രമിച്ചെന്നും അവര്‍ക്കെതിരെ കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, കലാലയ രാഷ്ട്രീയം നിരോധിച്ചിരിക്കുന്ന കോളേജിനുള്ളില്‍ അതിക്രമിച്ച് കടന്ന് ബലമായി പതാക ഉയര്‍ത്തിയത് നിയമലംഘനമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടിയതോടെ ഇവര്‍ പിന്‍വാങ്ങി. അക്രമം ശ്രദ്ധതിരിക്കാന്‍ എബിവിപി തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ പൊതുവിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സര്‍ക്കാര്‍ എസ്എഫ്‌ഐയെ ഉപയോഗിച്ച് അക്രമം നടത്തുകയാണെന്ന് എബിവിപി. ഇതിന്റെ ഭാഗമായാണ് ഇന്നലെ എംജി കോളേജില്‍ നടന്ന സംഭവങ്ങളെന്നും എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് പറഞ്ഞു. കോടതി രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ച എംജി കോളേജിലേക്ക് എന്തടിസ്ഥാനത്തിലാണ് എസ്എഫ്‌ഐ മാര്‍ച്ച് നടത്തിയതെന്ന് തുറന്നുപറയാന്‍ ഇടതു നേതാക്കള്‍ തയാറാകണം. എംജി കോളേജിലെ ചില വിദ്യാര്‍ഥികള്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്ന് യൂണിറ്റ് തുടങ്ങി എന്ന് പത്രപ്രസ്താവനയിലൂടെ സംഘര്‍ഷം സൃഷ്ടിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോള്‍ സിപിഎം സംസ്ഥാന സമിതി അംഗം വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ യൂണിവേഴ്സിറ്റി കോളേജിലെയും പുറത്തുനിന്നുമുള്ള സിപിഎം-എസ്എഫ്‌ഐ ഗുണ്ടകള്‍ ആയുധങ്ങളുമായി എത്തി ബോധപൂര്‍വം ആക്രമം അഴിച്ചുവിടുകയുമാണുണ്ടായതെന്നും ശ്യാംരാജ് ചൂണ്ടിക്കാട്ടി. എസ്എഫ്‌ഐ- പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ ഇന്ന് പ്രതിഷേധദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.