ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നു വാര്‍ത്ത; പാക് മാധ്യമങ്ങള്‍ക്കെതിരെ ചൈന

Tuesday 18 July 2017 3:07 pm IST

ന്യൂദല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ ചൈനയുടെ ആക്രമണത്തില്‍ ഇന്ത്യയുടെ നിരവധി സൈനികര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്ത പ്രചരിപ്പിക്കുന്ന പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ക്കെതിരെ ചൈന. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആക്രമണത്തില്‍ 158 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു എന്നാണ് പാക്കിസ്ഥാനിലെ ഉറുദു ന്യൂസ് ഏജന്‍സി ദുനിയ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തത്. സംഘര്‍ഷം നിലനില്‍ക്കുന്ന സിക്കിം അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ചൈനീസ് സൈന്യം നിരന്തരം റോക്കറ്റ് ആക്രമണം നടത്തിയെന്നും ഇന്ത്യയുടെ നിരവധി സൈനികര്‍ മരിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഒട്ടേറെ സൈനികര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് പിന്നീട് മറ്റു പല പാക് മാധ്യമങ്ങളും നല്‍കി. റിപ്പോര്‍ട്ടിനൊപ്പം രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യവും നല്‍കിയിരുന്നു. അതിര്‍ത്തിയില്‍ ശത്രു സേനയ്‌ക്കെതിരെ ചൈനീസ് സൈന്യം റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നു എന്ന വിവരണത്തോടെയാണ് ഈ ദൃശ്യം നല്‍കിയിരിക്കുന്നത്. തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്ത എന്നാണ് ചൈനയുടെ ഔദ്യോഗിക മാധ്യമം പ്രതികരിച്ചത്. ഇത്തരത്തിലൊരു വാര്‍ത്ത പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്തിനെന്ന് അറിയില്ല. അടിസ്ഥാനരഹിതമാണിത്, പീപ്പിള്‍സ് ഡെയ്‌ലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ ചൈനീസ് എംബസിയും ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.