സുദര്‍ശനം @ 25

Wednesday 19 July 2017 4:05 pm IST

തിരുവല്ലയിലെ മഞ്ഞാടിയിലുള്ള സുദര്‍ശനം നേത്രചികിത്സാലയത്തില്‍ എപ്പോഴും തിരക്കാണ്. സ്വദേശികളും വിദേശികളുമായ നിരവധിയാളുകളാണ് ദിനം പ്രതി ഇവിടെ എത്തുന്നത്. ചീഫ് ഫിസിഷനും മാനേജിങ് ഡയറക്ടറുമായ ഡോ.ബി.ജി. ഗോകുലന്റെ നേതൃത്വത്തിലാണ് ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

അമ്മ ഭാര്‍ഗവിയമ്മയുടെ വഴിയെ സഞ്ചരിച്ചപ്പോഴാണ് നേത്ര ചികിത്സയാണ് തന്റെ നിയോഗമെന്ന് അദ്ദേഹം തിരിച്ചറിയുന്നത്. 1987 ലായിരുന്നു ആയുര്‍വേദ നേത്രചികിത്സാരംഗത്തേക്കുള്ള കാല്‍വയ്പ്. ധിഷണാശാലിയും ദാര്‍ശനികനുമായ പത്മശ്രീ പി.ആര്‍.കൃഷ്ണകുമാര്‍ ആരംഭിച്ച കോയമ്പത്തൂര്‍ ആയുര്‍വേദ കോളേജിലായിരുന്നു 1979 മുതല്‍ രണ്ടാം ബാച്ചില്‍ ഏഴു വര്‍ഷം നീണ്ട ഗുരുകുല സമ്പ്രദായത്തിലുള്ള പഠനം.തുടര്‍ന്ന് ലോക് സ്വാസ്ഥ്യ പരമ്പര സംവര്‍ധന്‍ സമിതി എന്ന ഫൗണ്ടേഷനുമായി നിരവധി പ്രവര്‍ത്തനങ്ങളിലേക്ക്.

ഡോ.ബി.ജി. ഗോകുലന്‍

ഇന്ത്യയുടെ മഹത്തായ ആയുര്‍വേദ പാരമ്പര്യത്തെ തിരികെ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയായിരുന്നു പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ .

ഇന്ന് ഇതേ ലക്ഷ്യവുമായി തന്നെയാണ് സുദര്‍ശനം ആയുര്‍വേദ നേത്ര ചികിത്സാലയം പ്രവര്‍ത്തിക്കുന്നത്. പഴമയെ കൈവിടാതെ കാലഘട്ടത്തിന്റെ മാറ്റങ്ങളോട് കലഹിക്കാതെ ആയുര്‍വേദ നേത്ര ചികിത്സാവിധികളും ആധുനിക ചികിത്സാ രീതിയും സമന്വയിപ്പിച്ചു കൊണ്ടുള്ള ചികിത്സയ്ക്കാണ് ഡോ. ഗോകുലന്‍ പ്രാധാന്യം നല്‍കുന്നത്.

കാല്‍നൂറ്റാണ്ടിന്റെ അനുഭവങ്ങളുമായി മേഖലയില്‍ വഴികാട്ടിയായി വളര്‍ന്ന് അദ്ദേഹം പുതുതലമുറയ്ക്ക് നേത്ര ചികിത്സാ രംഗത്തെ ഗുരുനാഥന്‍ കൂടിയാണ്. തപസ്യ കലാസാഹിത്യവേദിയുടെ പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷന്‍,ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സോണ്‍ അദ്ധ്യക്ഷന്‍,യൂണിയന്‍ ചേമ്പര്‍ നാഷ്ണല്‍ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരുന്നു.

 • ആയുര്‍വേദ നേത്ര ചികിത്സാരംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്നു. എങ്ങനെയാണ് പൊതുവെയുള്ള പ്രതികരണം?
  ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ലോകം ഇന്ന് ഏറ്റെടുത്തിരിക്കുകയാണ്.അതില്‍ നേത്ര ചികിത്സാരംഗത്തും വലിയ സ്വീകാര്യത ലഭിക്കുന്നു.ആദ്യകാലങ്ങളില്‍ ആളുകള്‍ വരാന്‍ മടിച്ചിരുന്നുവെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും ചികിത്സയുടെ ഗുണകരമായ ഫലങ്ങളും ആയുര്‍വേദത്തിലേക്കുള്ള മടക്കയാത്രയുടെ സാധ്യതകള്‍ക്ക് വഴിതെളിച്ചു. ഇതിന് വാക്കുകള്‍ക്ക് അപ്പുറമുള്ള സാക്ഷ്യമാണ് പുറത്ത് അനുഭവപ്പെടുന്ന തിരക്ക്്.
 • നേത്രചികിത്സാ രംഗത്തെ ആയുര്‍വേദത്തിന്റെ സാധ്യതകള്‍?
  കണ്ണട വയ്ക്കാതെയോ അല്ലെങ്കില്‍ ശസ്ത്രക്രിയ വഴിയോ അല്ലാതെ കണ്ണുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നത് അലോപ്പതിയെ സംബന്ധിച്ചിടത്തോളം ഇന്ന് അത്ര എളുപ്പമല്ല. എന്നാല്‍ നേത്രരോഗങ്ങള്‍ക്ക് കൃത്യവും പ്രയോജനപ്രദവുമായ പരിഹാരമാര്‍ഗങ്ങള്‍ നമ്മുടെ പരമ്പരാഗത ചികിത്സാ രീതിയായ ആയുര്‍വേദത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും വളരെ ഫലപ്രദമായി ഇത്തരം ചികിത്സകള്‍ നടത്തുന്ന സ്ഥാപനങ്ങളുണ്ടെന്നും പലര്‍ക്കും അറിയില്ലായെന്നതാണ് യാഥാര്‍ഥ്യം. ആയുര്‍വേദ ചികിത്സാരീതികള്‍ മറ്റുള്ളവയില്‍ നിന്ന് വളരെയേറെ വ്യത്യസ്തമാണ്. ”ആയുര്‍വേദമെന്നത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും സ്പര്‍ശിച്ചുകൊണ്ടുള്ള ചികിത്സാ വിധിയാണ്. വിവിധ ശാഖകളുണ്ടെങ്കിലും ടോട്ടാലിറ്റി അല്ലെങ്കില്‍ ബോഡി ആസ് എ ഹോള്‍ എന്നതാണ് ആയുര്‍വേദത്തിന്റെ സങ്കല്‍പ്പം. എന്നാല്‍ അലോപ്പതി അങ്ങനെയാകണമെന്നില്ല. ഒരു ഇഎന്‍ടി വിദഗ്ധന് ആ മേഖലയില്‍ മാത്രമേ പ്രാവീണ്യം ഉണ്ടാവുകയുള്ളൂ. ഏതൊരു രോഗവും വാതം, പിത്തം കഫം എന്നിവയുടെ വ്യതിയാനം മൂലമാണ് ഉണ്ടാകുന്നത്. ഇതിന്റെ അനുപാതം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഇതാണ് ശരീരത്തിന്റെ പ്രവര്‍ത്തനത്തെ നിലനിര്‍ത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചികിത്സാവിധികള്‍ നിര്‍ണയിക്കുന്നതും. ആധുനിക നേത്രചികിത്സയെന്നത് സര്‍ജിക്കല്‍ സ്‌പെഷ്യാലിറ്റിയില്‍ അധിഷ്ഠിതമാണ്. ആയുര്‍വേദമാകട്ടെ മെഡിക്കല്‍ സ്‌പെഷ്യാലിറ്റിയും. സര്‍ജറിയെക്കുറിച്ച് പ്രതിപാദ്യമുണ്ടെങ്കിലും ഔഷധങ്ങള്‍ക്കും മരുന്നുകള്‍ക്കുമാണ് ആയുര്‍വേദം മുന്‍ഗണന നല്‍കുന്നത്. തിമിരത്തിന് അലോപ്പതിയിലുള്ള പ്രതിവിധി ശസ്ത്രക്രിയയാണ്. തിമിര ശസ്ത്രക്രിയ നടത്തിയാല്‍ അടുത്ത ദിവസം തന്നെ കാഴ്ച തെളിയും. ഇതു പോലെ ഗ്ലൂക്കോമ, പോലുള്ള നിരവധി രോഗങ്ങള്‍ക്ക് അലോപ്പതിയില്‍ പറഞ്ഞിട്ടുള്ളത് ശസ്ത്രക്രിയയാണ്. ഇത് കഴിഞ്ഞാലും ക്വാളിറ്റി ഓഫ് വിഷന്‍ വര്‍ധിക്കണമെന്നില്ല ഇത്തരം സന്ദര്‍ഭങ്ങളില്‍ കണ്ണിന്റെ ബലം വര്‍ധിപ്പിക്കാനും പ്രതിരോധം പ്രാപ്തമാക്കാനുമുള്ള ചികിത്സ ആയുര്‍വേദത്തില്‍ മാത്രമേയുള്ളു.
 • നേത്ര രോഗങ്ങളില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗം?
  നേത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ രോഗങ്ങള്‍ക്ക് അപ്പുറം ചില അവസ്ഥയാണ്.ഒരു പുരുഷായുസ്സില്‍ ഉണ്ടാകുന്ന എല്ലാമാറ്റങ്ങള്‍ക്കും നേത്രങ്ങളും വിധേയമാകുന്നു.രോഗത്തിന് ചികിത്സയെന്നതിനപ്പുറം ഈ അവസ്ഥകളോടുള്ള പ്രതിരോധമാണ് വേണ്ടത്. ഇതിനായി ഇന്നത്തെ തലമുറ ജീവിതചര്യ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ്. ദിവസം കുറഞ്ഞത് നാലുതവണയെങ്കിലും ശുദ്ധമായ തണുത്തവെള്ളത്തില്‍ മുഖം കഴുകാന്‍ ശ്രദ്ധിക്കുക .വിദഗ്ദ്ധരുടെ നിര്‍ദ്ദേശമില്ലാത്ത സ്വയംചികിത്സകള്‍ ഒഴിവാക്കുക. ലഘുവായ നേത്ര വ്യായാമം ഉള്‍പ്പെടെ മറ്റ് ചികിത്സാവിധികള്‍ വര്‍ഷം തോറും ചെയ്യുന്നത് കാഴ്ച മാത്രമല്ല, നേത്രാരോഗ്യവും മെച്ചപ്പെടുത്താന്‍ സഹായിക്കും,”
 • സുദര്‍ശനം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് പഞ്ചകര്‍മ്മ സെന്റര്‍ മുന്നൊട്ടുവെയ്ക്കുന്ന സേവനങ്ങള്‍?
  നേത്ര ചികിത്സാരംഗത്ത് ആയുര്‍വേദത്തിന്റെ പാരമ്പര്യം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെയുണ്ട്. അതിനെ സാധാരണക്കാരന് പ്രാപ്തമാകുംവിധം ക്രമീകരിക്കക എന്ന ദൗത്യമാണ് സുദര്‍ശനം മുന്നോട്ടുവെയ്ക്കുന്നത്. ലോകത്തില്‍ ആദ്യമായി തിമിര ശസ്ത്രക്രിയ ചെയ്തതാകട്ടെ ഭാരതത്തിലാണ്. എന്നാല്‍ തലമുറകളില്‍ നിന്ന് ഈ അറിവ് മാഞ്ഞു പോകാനുള്ള സാഹചര്യമുണ്ടായി.അതുകൊണ്ടു തന്നെയാണ് ഇന്ത്യയുടേതായ ആയുര്‍വേദ സമ്പത്ത് മറന്ന് ആളുകള്‍ അലോപ്പതിയെ ആശ്രയിക്കാന്‍ തുടങ്ങിയതും. ആയുര്‍വേദത്തിന്റെ നഷ്ടപ്രഭാവം തിരിച്ചുപിടിക്കുകയെന്നത് അതുകൊണ്ടുതന്നെ തങ്ങളുടെ കടമ കൂടിയാണെന്ന തിരിച്ചറിവിന്റെ ബലത്തിലാണ് 1993 ല്‍ സുദര്‍ശനം നേത്ര ചികിത്സാലയം സ്ഥാപിക്കുന്നത്. തുടക്കത്തില്‍ നേത്ര ഫൗണ്ടേഷന്റെ ഭാഗമായാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. വിഖ്യാതനായ ഒഫ്താല്‍മോളജിസ്റ്റ് ഡോ.എസ്.എസ് ബദരീനാഥ്, കെ.കെ സൊമാനി, ദര്‍ശന്‍ ശങ്കര്‍, ഡോ.എ.വി ബാലസുബ്രഹ്മണ്യം, പി.ആര്‍. കൃഷ്ണകുമാര്‍, ഡോ.പ്രൊഫ. പ്രേമ പാണ്ഡുരങ്ക്, വൈദ്യ വിലാസ് നാനല്‍ എന്നിവര്‍ തുടക്കകാലത്ത് ഫൗണ്ടേഷന്റെ അമരക്കാരായിരുന്നു.
 • ആയുര്‍വേദ ചികിത്സാരംഗം പൊതുവെ ചിലവേറിയതാണെന്ന് പറയുന്നുണ്ടല്ലൊ?
  ഈ പരാമര്‍ശത്തോട് യോജിക്കാനാവില്ല. ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ലോകത്തിന്റെ സ്വീകാര്യതയിലേക്ക് എത്തുമ്പോള്‍ അതിനെ തടയാന്‍ ചില ആസൂത്രിത ശക്തികള്‍ നടത്തുന്ന കുപ്രചരണമാണിത്. ആയുര്‍വേദത്തെ മടക്കിക്കൊണ്ടു വരികയെന്ന വ്യക്തമായ ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. പലയിടങ്ങളിലും ചികിത്സക്കായി ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടും ഫലമുണ്ടാകാതെയാണ് ഇവര്‍ ഒടുവില്‍ ഇവിടെ എത്തിയത്. മറ്റിടങ്ങളില്‍ ചിലവായതിന്റെ നാലിലൊന്ന് പോലും ഇവിടെ ചിലവാകുന്നില്ല. മുമ്പ് പറഞ്ഞതുപോലെ സുദര്‍ശനത്തിന് നേത്രചികിത്സ ഒരു ദൗത്യമാണ്, നിയോഗമാണ്, അതിനപ്പറും സേവനമാണ്.
 • പുതുതലമുറ ജീവിത ശൈലി കണ്ണുകളെ എത്രത്തോളം ബാധിക്കുന്നു?
  പുതിയ തലമുറയില്‍പ്പെട്ട കുട്ടികള്‍ കൂടുതല്‍ സമയം വീടിനകത്ത് പെരുമാറുന്നു. വളരെ അടുത്ത വസ്തുക്കളെയാണ് ഇവര്‍ നോക്കുന്നത്. ഇതിലൂടെ കണ്ണിന്റെ ഫോക്കല്‍ പോയിന്റ് റെറ്റിനയുടെ പിന്നിലേക്കു നീളുകയും അവ പരിഹരിക്കാന്‍ കണ്ണട ആവശ്യമായി വരുന്നു. ഇത് പഠന വിധേയമാക്കിയ വസ്തുതയാണ്. ദീര്‍ഘദൃഷ്ടി അഥവാ ഹൈപ്പര്‍മെട്രോപിയ. പ്രധാനമായും നേത്ര ഗോളത്തിന്റെ കൃഷ്ണമണിയുടെ അല്ലെങ്കില്‍ ലെന്‍സ് ക്രമീകരിക്കുന്ന പേശികളുടെ അപര്യാപ്തമായ വളര്‍ച്ചമൂലമോ ക്ഷീണം മൂലമോ സംഭവിക്കുന്നതാണ്. പ്ലസ് ലെന്‍സുകളാണ് ഇതിന് ധരിക്കുന്നത്. ഇവയും കാലാന്തരത്തില്‍ കണ്ണടമാറ്റാന്‍ കഴിയാതാവുകയും ചിലപ്പോള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും. കണ്ണടകള്‍ കൃത്യമായ കാഴ്ച ഉറപ്പുവരുത്തുന്നുവെന്നതിലുപരി അവയെ ഒരിക്കലും ഒരു ചികിത്സയെന്ന നിലയില്‍ കാണരുത്. കാലാന്തരത്തില്‍ കണ്ണടകളുടെ ‘പവര്‍’ വര്‍ധിച്ചു വരുന്നതായി മനസിലാക്കാം. കൂടാതെ ചില അവസരങ്ങളിലെങ്കിലും തീവ്രമായ ഹ്രസ്വദൃഷ്ടിയിലേക്ക് നയിക്കുകയും കണ്ണിനകത്തെ റെറ്റിനയെത്തന്നെ നശിപ്പിക്കാനും ഇത് ഇടവരുത്തുന്നു. ”പ്രധാനമായും ഷോര്‍ട്ട് സൈറ്റ് അഥവാ ഹ്രസ്വദൃഷ്ടിയാണ് (മയോപ്പിയ) കുട്ടികളില്‍ കണ്ടുവരുന്നത്. അസ്റ്റിഗ് മാറ്റിസമെന്ന തകരാറാണ് മറ്റൊന്ന്്. പ്രധാനമായും കൃഷ്ണമണിയുടെ രൂപത്തിലുള്ള തകരാര്‍മൂലം ഒരു വസ്തുവിന്റെ ഫോക്കസ് വിവിധ കോണുകളില്‍ വിവിധ സ്ഥലങ്ങളില്‍ പതിക്കുന്നതാണ് ഈ അവസ്ഥ. ഇതു കണ്ണട ധരിച്ച് മറികടക്കാമെങ്കിലും, ഈ മൂന്ന് അവസ്ഥകളിലും ചെറുപ്രായത്തില്‍ത്തന്നെ അഥവാ തിരിച്ചറിയുന്ന ഉടന്‍ തന്നെ നടത്തുന്ന ആയുര്‍വേദ ചികിത്സയിലൂടെ വലിയൊരളവു വരെ ഭേദമാക്കാനാവും. ഒപ്പം കണ്ണട ഒഴിവാക്കുകയും ചെയ്യാം,
 • കേന്ദ്രസര്‍ക്കാരിന്റെ ആയുര്‍വേദത്തോടുള്ള സമീപനം?
  കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ നരേന്ദ്രമോദി സര്‍ക്കാര്‍ ആയുര്‍വേദത്തിനായി ചെയ്ത ഏറ്റവും വലിയ കാര്യമാണ് ‘ആയുഷ്’ വകുപ്പിന്റെ സ്വതന്ത്ര വികാസം. ആരോഗ്യമേഖലയിലെ പ്രവര്‍ത്തനനേട്ടങ്ങളുടെ സരണിയിലെ മഹത്തായൊരധ്യായമാണിത്. ആയുര്‍വ്വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സാ സമ്പ്രദായങ്ങളുടെ സമന്വിതരൂപമായ ആയുഷ് ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഞങ്ങളെ പോലുള്ളവരുടെ ചിരകാലസ്വപ്‌നമായിരുന്നു ഇത്. അവഗണിക്കപ്പെട്ട പരമ്പരാഗത ശാസ്ത്രശാഖക്ക് അംഗീകാരംകൂടിയാണിത്.സമീപ ഭാവിയില്‍ സര്‍ജ്ജറി അടക്കമുള്ള സാധ്യതകള്‍ക്ക് അവസരം ഉണ്ടാകുമെന്ന് വിശ്വാസവുമുണ്ട്.
 • ഈ മേഖല ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി?
  ആയുര്‍വേദ നേത്ര ചികിത്സാരംഗത്ത് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി നിരവധിയാളുകള്‍ ഈ മേഖലയില്‍ ഇപ്പോള്‍ വരുന്നുണ്ടെങ്കിലും നിലവിലത്തെ സാഹചര്യത്തിന് ആനുപാതികമായ ചികിത്സകര്‍ വേണം. കൂടുതല്‍ പഠനങ്ങള്‍ നടക്കണം. മറ്റൊരു പ്രധാനപ്രശ്‌നം പച്ചമരുന്നുകളുടെ ലഭ്യതക്കുറവാണ്. പശ്ചിമഘട്ടത്തില്‍ അടക്കം ഉണ്ടായിരുന്ന പല അത്ഭുത സസ്യങ്ങളും ഇന്ന് കനത്ത വെല്ലുവിളികള്‍ നേരിടുന്നു. ഇവയെ പരിപാലിക്കാന്‍ സംസ്ഥാന സര്‍ക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും മുന്നോട്ട് വരണം.