കട്ടപ്പന: 20 വര്‍ഷമായി നാട്ടുവൈദ്യത്തിന്റെ മറവില്‍ വ്യാജ ചികത്സ നടത്തിയിരുന്ന അലോപ്പതി ഡോക്ടറെ കട്ടപ്പന പോലീസ് അറസ്റ്റു ചെയ്തു. കട്ടപ്പന സാഗര തീയേറ്ററിന് സമീപം ചാന്‍സി ക്ലിനിക് നടത്തിയിരുന്ന കൊല്‍ക്കൊത്ത സ്വദേശി സാത്തോ വിശ്വാസ് (48) ആണ് അറസ്റ്റിലായത്.
പൈല്‍സ്, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങള്‍ക്ക് നാട്ടുചികത്സ എന്ന പേരില്‍ ഡോക്ടറുടെ ബോര്‍ഡ് വച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജില്ലാ പോലീസ് സുപ്രണ്ടിന് ലഭിച്ച രഹസ്യ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കട്ടപ്പന സിഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കട്ടപ്പന എസ്ഐ കെ.എം. സന്തോഷാണ് ഇന്നലെ രാവിലെ ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസ് എത്തുമ്പോള്‍ രണ്ട് രോഗികള്‍ ക്ലിനിക്കില്‍ ഉണ്ടായിരുന്നു. സ്വന്തമായി ഉണ്ടാക്കി നല്കുന്ന നാട്ടുമരുന്നിനോടെപ്പം ഇംഗ്ലീഷ് മരുന്നുകളും രോഗികള്‍ക്ക് നല്‍കിയിരുന്നതായി കട്ടപ്പന പോലീസ് പറഞ്ഞു. ക്ലിനിക്കില്‍ നിന്ന് ചില ഇംഗ്ലീഷ് മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഐപിസി 420 വകുപ്പ് അനുസരിച്ചാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ പോലീസിനെ കാണിച്ച യോഗ്യതാ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ, ആള്‍മാറാട്ടം നടത്തിയായിരുന്നോ ചികിത്സ തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കും. ഭാര്യയും കുഞ്ഞുമായി വെള്ളയാംകുടിയിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: