ലൗ ജിഹാദ്‌ എന്നുമാത്രം പറയരുത്‌ !

Monday 30 July 2012 10:24 pm IST

ലൗ ജിഹാദിനെക്കുറിച്ച്‌ മാത്രം മിണ്ടിപ്പോകരുത്‌ എന്നൊരു 'ഫത്വ' പുറപ്പെടുവിച്ചിരിക്കുകയാണ്‌ കേരളത്തില്‍ ചിലര്‍. മകള്‍ നഷ്ടപ്പെട്ട്‌ കോടതിയെ സമീപിക്കുന്ന മാതാപിതാക്കള്‍, ഇവരുടെ ആവലാതികള്‍ കേള്‍ക്കുന്ന ന്യായാധിപന്മാര്‍, ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരൊക്കെ ഇന്ന്‌ ഈ ഭീഷണിയുടെ നിഴലിലാണ്‌. ലൗ ജിഹാദിനെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ പോലീസിന്‌ നിര്‍ദ്ദേശം നല്‍കിയ ജഡ്ജിക്കെതിരെപോലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ലൗ ജിഹാദിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഫോണ്‍ വഴിയും ഇന്റര്‍നെറ്റിലൂടെയും ഭീഷണികള്‍ പ്രവഹിക്കുകയാണ്‌. ആവശ്യം ഒന്നുമാത്രം. ലൗജിഹാദ്‌ എന്ന്‌ പറയരുത്‌. കാരണം സംഭവിക്കുന്നത്‌ മിശ്ര വിവാഹങ്ങളാണ്‌. മതം അതില്‍ ഒരു ഘടകമേയല്ല! എന്താണ്‌ വാസ്തവം? ചോര്‍ന്നു കിട്ടിയ ഒരു രേഖയുടെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെത്തിച്ച "സമുദായ സംഘടനകള്‍ക്കുള്ള വിദേശ സഹായവും മതപരിവര്‍ത്തനവും" എന്ന റിപ്പോര്‍ട്ടനുസരിച്ച്‌ 2009 ജനുവരി മുതല്‍ 2012 മാര്‍ച്ച്‌ വരെ ഇസ്ലാമിലേയ്ക്ക്‌ മതംമാറിയ ഹിന്ദുക്കളില്‍ 3902 പേരില്‍ 1596 പേര്‍ യുവതികളാണ്‌. ഇതിലേറെയും പ്രണയക്കുരുക്കില്‍പ്പെടുത്തിയുള്ള മതം മാറ്റമാണ്‌. ആധികാരികമായി ആരും ഇതുവരെ നിഷേധിക്കാത്ത ഇങ്ങനെയൊരു വിവരം വെളിപ്പെട്ടതിനുശേഷവും പ്രണയം യുവതീയുവാക്കളുടെ ഇച്ഛാനുസരണമാണ്‌, അതില്‍ മതപരമായ ഇടപെടലോ മതംമാറ്റമോ ഒന്നുമില്ല. അതുകൊണ്ട്‌ ലൗ ജിഹാദ്‌ അയഥാര്‍ത്ഥമാണ്‌ എന്ന്‌ അതിന്റെ വക്താക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. 2011 ഒക്ടോബര്‍ 22 ന്‌ ഡിജിപിയും ഡിസംബര്‍ ഒന്നിന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടനുസരിച്ച്‌ ലൗ ജിഹാദ്‌ അജണ്ടയാക്കി ഒരു സംഘടനയും പ്രവര്‍ത്തിക്കുന്നില്ല. ഇതിനായി യാതൊരു സംഘടിത മുന്നേറ്റവും കേരളത്തില്‍ നടക്കുന്നില്ല എന്നാണ്‌ ഇക്കൂട്ടര്‍ വാദിക്കുന്നത്‌. 'യുവതികളെ പ്രണയിച്ച്‌ മതംമാറ്റി കൊടുക്കപ്പെടും' എന്നൊരു ബോര്‍ഡുംവെച്ച്‌ ലൗ ജിഹാദ്‌ അജണ്ടയും പ്രകടന പത്രികയുമൊക്കെയായി ഒരു സംഘടന കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന്‌ ആരും പറഞ്ഞിട്ടില്ല. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെ കണ്ടെത്തിക്കൊടുക്കണം എന്നല്ല ഹൈക്കോടതി ഡിജിപിയോട്‌ നിര്‍ദ്ദേശിച്ചത്‌. രണ്ട്‌ വര്‍ഷവും രണ്ട്‌ മാസവും കൊണ്ട്‌ 1596 ഹിന്ദു യുവതികള്‍ പ്രണയക്കുരുക്കില്‍പ്പെട്ട്‌ മതംമാറിയിട്ടുള്ളത്‌ ഒരു സംഘടിത മുന്നേറ്റമല്ലെങ്കില്‍ മേറ്റ്ന്താണ്‌? ഒറ്റപ്പെട്ട വ്യക്തികളുടെ പ്രണയദാഹമാണോ അതോ മതതീവ്രവാദം മുഖമുദ്രയാക്കിയ ചില സംഘടനകളുടെ പ്രതികാരമനോഭാവമാണോ ഇതിന്‌ പിന്നിലുള്ളത്‌? ലൗ ജിഹാദ്‌ എന്നൊന്നില്ല, അങ്ങനെയൊന്നുണ്ടെങ്കില്‍ത്തന്നെ അത്‌ വെറും മിശ്രവിവാഹമാണ്‌ എന്ന ആസൂത്രിതമായ പ്രചാരണത്തില്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിപോലും വീണിരിക്കുന്നു. "മതപരിവര്‍ത്തനം സംബന്ധിച്ച്‌ ആശങ്കാജനകമായ പരാതികളൊന്നുമില്ല. ഇവിടെ മിശ്രവിവാഹം നിയമവിധേയമാണ്‌. മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്‌. മതപരിവര്‍ത്തനത്തിന്റെ നല്ലൊരു ഭാഗവും മിശ്രവിവാഹങ്ങളാണ്‌" എന്നാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത്‌. നിയമസഭാ സാമാജികനെന്ന പ്രത്യേക പരിരക്ഷയുണ്ടായിട്ടുപോലും സത്യം പറയാന്‍ മുഖ്യമന്ത്രിക്കാവുന്നില്ല. ലൗ ജിഹാദ്‌ എന്നത്‌ ചില കണക്കുകളുടെ കളികള്‍ മാത്രമല്ലെന്നും സമൂഹത്തിന്റെ പ്രത്യേകിച്ച്‌ ഹിന്ദുക്കളുടെ കണ്ണ്‌ തുറപ്പിക്കേണ്ട സാമൂഹിക വിപത്താണെന്നും തിരിച്ചറിയാന്‍ ഇന്ത്യന്‍ സിനിമയുടെ പറുദീസയായ ബോളിവുഡിലേയ്ക്ക്‌ ഒന്നു നോക്കിയാല്‍ മതി. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റനായിരുന്ന മന്‍സൂര്‍ അലിഖാന്‍ ബംഗാളി ഹിന്ദുവായി ഹൈദരാബാദില്‍ ജനിച്ച ഷര്‍മിളാ ടാഗോറിനെ വിവാഹത്തിലൂടെ മതംമാറ്റി ആയിഷ സുല്‍ത്താനയാക്കി. മന്‍സൂറിന്റെ പാത പിന്തുടര്‍ന്ന മകന്‍ സെയിഫ്‌ അലിഖാന്‍ വിവാഹം ചെയ്തത്‌ സിനിമ-ടെലിവിഷന്‍ താരം അമൃതസിംഗിനെ. സിഖുകാരനായ സൈനികോദ്യോഗസ്ഥന്റെ മകളായി പഞ്ചാബില്‍ ജനിച്ച അമൃത വിഖ്യാത നോവലിസ്റ്റ്‌ കുഷ്‌വന്ത്‌ സിംഗിന്റെ ബന്ധുവുമാണ്‌. അമൃതയെ മതംമാറ്റി ഭാര്യയാക്കി രണ്ട്‌ മക്കളുടെ മാതാവായപ്പോള്‍ സെയിഫ്‌ വിവാഹമോചനം നേടി. അമൃത ഇപ്പോള്‍ മക്കളായ സാറ അലിഖാനും ഇബ്രാഹിം അലിഖാനുമൊപ്പം കഴിയുമ്പോള്‍ സെയിഫ്‌ അലിഖാന്‍ ഹിന്ദുവായ താരസുന്ദരി കരീന കപൂറിനൊപ്പമാണ്‌. 'ഇവര്‍ വിവാഹിതരായാല്‍' അമൃതയുടെ ഗതി തന്നയായിരിക്കും കരീനക്കുമെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. അഭിനയ പ്രതിഭയായ നസറുദ്ദീന്‍ ഷാ വിവാഹം ചെയ്തിരിക്കുന്നത്‌ ഹിന്ദുവായ രത്ന പഥക്കിനെയാണ്‌. ഹിന്ദുയുവതികളായ റീനാ ദത്ത, കിരണ്‍ റാവു എന്നിവരെയാണ്‌ അമീര്‍ഖാന്‍ വിവാഹം ചെയ്തത്‌. വിവാദനായകനായ സല്‍മാന്‍ ഖാന്റെ പിതാവും തിരക്കഥാകൃത്തുമായ സലിംഖാന്റെ ഭാര്യയും മതംമാറി മുസ്ലീമായ ഹിന്ദു വനിതയാണ്‌. ഐശ്വര്യറായിയുടെ ഭര്‍ത്താവാകാന്‍ സല്‍മാന്‍ഖാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ആരാധകരുടെ 'ആഷ്‌' അഭിഷേക്‌ ബച്ചന്റേതായി. ഒഴിവായത്‌ ഒരു ലൗ ജിഹാദ്‌! സല്‍മാന്റെ സഹോദരി അല്‍വിര ഖാനെ വിവാഹം ചെയ്തിരിക്കുന്നത്‌ ഹിന്ദിനടനും സംവിധായകനുമായ അതുല്‍ അഗ്നിഹോത്രിയാണ്‌. പ്രശസ്ത താരം രതി അഗ്നിഹോത്രിയുടെ സഹോദരന്‍. താരദമ്പതികളായിരുന്ന സുനില്‍ദത്തിന്റേയും നര്‍ഗീസിന്റെയും മകന്‍ സഞ്ജയ്‌ ദത്തിന്റെ ഭാര്യ അവരുടെ മുന്‍ ഭര്‍ത്താവിനെ വിവാഹം കഴിക്കാന്‍ മതം മാറിയതാണ്‌. അനശ്വര ഗായകനായിരുന്ന കിഷോര്‍ കുമാര്‍ നടി മധുബാലയെ വിവാഹം ചെയ്യാന്‍ ഇസ്ലാം മതം സ്വീകരിക്കുകയുണ്ടായി. ധര്‍മേന്ദ്രയും ഡ്രീം ഗേള്‍ ഹേമമാലിനിയും പുനര്‍വിവാഹിതരാവാന്‍ മതംമാറി മുസ്ലീമായവരാണ്‌. ഒരേസമയം മോഡലും നടിയും ഡോക്ടറുമാണ്‌ 'പോണ്ട്സി'ന്റേയും 'കൊക്കക്കോള'യുടേയും പരസ്യങ്ങളിലൂടെ പ്രേക്ഷകര്‍ക്ക്‌ സുപരിചിതയായ അഥിതി ഗോവിത്രിക്കര്‍. മതംമാറി മുസ്ലീമിനെ വിവാഹം കഴിച്ച അഥിതി, സാറ എന്ന പേര്‌ സ്വീകരിച്ചെങ്കിലും ടിവി പ്രേക്ഷകര്‍ക്കിടയിലെ ജനപ്രീതി കണക്കിലെടുത്ത്‌ പഴയ പേര്‌ നിലനിര്‍ത്തുകയാണ്‌. രാകേഷ്‌ റോഷന്റെ മകന്‍ ഋതിക്‌ റോഷന്‍ വിവാഹം ചെയ്തിരിക്കുന്നത്‌ സഞ്ജയ്‌ ഖാന്റെ മകള്‍ സൂസന്ന ഖാനെയാണ്‌. നടനും സംവിധായകനുമായ ഫിറോസ്‌ ഖാന്റെ മകളായ ലൈലയെ വിവാഹം ചെയ്തിട്ടുള്ളത്‌ സംവിധായകന്‍ രോഹിത്‌ രാജ്പാല്‍. സഞ്ജയ്‌ ഖാന്റെ മകള്‍ സിമിയോണ്‍ വിവാഹം ചെയ്തത്‌ അജയ്‌ അറോറയെ. നടിയും നര്‍ത്തകിയുമായ മല്ലിക അറോറയെ വിവാഹം ചെയ്തിട്ടുള്ളത്‌ സംവിധായകനും നടനുമായ അര്‍ബാസ്‌ ഖാന്‍. രാംഗോപാല്‍ വര്‍മയുടെ 'സത്യ' എന്ന സിനിമയിലൂടെ താരപദവി നേടിയ മനോജ്‌ വാജ്പേയി വിവാഹം ചെയ്തിട്ടുള്ളത്‌ നടിയായ ഷബാന റാസയെയാണ്‌. ഹിന്ദുവായ നാടക-സിനിമാനടന്‍ പങ്കജ്‌ കപൂര്‍ വിവാഹം ചെയ്തത്‌ ഇടതുപക്ഷ എഴുത്തുകാരനായ അന്‍വര്‍ അസീമിന്റെ മകള്‍ നീലിമ അസീമിനെ. ഈ ബന്ധത്തിലുണ്ടായ മകന്‍ ഷഹീദ്‌ കപൂര്‍ ആയി. പ്രമുഖ ഡാന്‍സ്‌ മാസ്റ്ററും നേപ്പാളി ഹിന്ദുവുമായ സരോജ്‌ ഖാന്റെ രണ്ടാം ഭര്‍ത്താവായതും മുസ്ലീം. ഇനിയും നീളുന്ന ഈ പട്ടിക തല്‍ക്കാലം ഇവിടെ അവസാനിപ്പിക്കുകയാണ്‌. ഇത്‌ ആരുടയെങ്കിലും വ്യക്തിജീവിതത്തിലേക്കുള്ള അനാവശ്യമായ എത്തിനോട്ടമല്ല. ഒരുപാട്‌ പേരുടെ ജീവിതങ്ങളില്‍ ഒരേപോലെ പ്രതിഫലിക്കുന്ന സാമൂഹിക യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടുകയാണ്‌. മതാന്തര പ്രണയവും വിവാഹവും നിഷിദ്ധമാണെന്നും നിരോധിക്കേണ്ടതാണെന്നും പറയുകയല്ല ഇവിടെ ചെയ്യുന്നത്‌. പ്രണയത്തിന്റെ പവിത്രതയേയും അനശ്വരതയേയും അംഗീകരിക്കുമ്പോള്‍ തന്നെ പ്രണയികള്‍ക്കിടയില്‍ ഒരു പ്രത്യേക മതം വില്ലനായി കടന്നുവരുന്നത്‌ കാണാതെ പോകരുതെന്ന്‌ ഓര്‍മ്മപ്പെടുത്തുകയാണ്‌. കാമുകന്‍/വരന്‍/ഭര്‍ത്താവ്‌ ഒരു മുസ്ലീമാണെങ്കില്‍ ഇതര മതസ്ഥയായ കാമുകി/വധു/ഭാര്യ മതംമാറ്റപ്പെടുന്നു. വധു മുസ്ലീമായാല്‍ മതംമാറേണ്ടത്‌ ഇതര മതസ്ഥനായ വരനാകുന്നു. ഷര്‍മിള ടാഗോറിന്‌ മന്‍സൂറിന്റെ ഭാര്യയാകാന്‍ ആയിഷ സുല്‍ത്താന ആകേണ്ടിവന്നുവെങ്കിലും ഋത്വിക്‌ റോഷന്റെ ഭാര്യയാവാന്‍ സൂസന്ന ഖാന്‌ തന്റെ പേരും മതവും മാറ്റേണ്ടിവരുന്നില്ല. മനോജ്‌ വാജ്പേയിയുടെ ഭാര്യയാവാന്‍ ഷബാനക്കും ഹിന്ദുമതം സ്വീകരിക്കേണ്ടിവരുന്നില്ല. ഹിന്ദു പേര്‌ നിലനിര്‍ത്തിക്കൊണ്ടുതന്നെ മുസ്ലീമായ പ്രണയിനിയെ സ്വന്തമാക്കാന്‍ മതംമാറിയവരായി പലരുമുണ്ട്‌. അത്യപൂര്‍വമായി മാത്രമേ ഇതിനൊക്കെ അപവാദങ്ങളുള്ളൂ. മതംമാറ്റത്തിന്റെ കാര്യത്തില്‍ ഇസ്ലാമിന്റെ ഈ മനഃശാസ്ത്രം ലൗ ജിഹാദില്‍ പ്രതിഫലിക്കുന്നത്‌ എങ്ങനെയെന്ന്‌ മനസ്സിലാക്കാന്‍ പാക്കിസ്ഥാന്റെ ഉപജ്ഞാതാവായ മുഹമ്മദാലി ജിന്നയുടെ രണ്ടാംവിവാഹം പരിശോധിച്ചാല്‍ മതി. പൂര്‍വികര്‍ ഹിന്ദുക്കളായിരുന്ന മുഹമ്മദാലി ജിന്നയുടെ മുത്തച്ഛന്‍ പൂഞ്ച ഗോകുല്‍ദാസ്‌ മെഹ്തി മതം മാറുകയായിരുന്നു. ഗുജറാത്തിലെ ഭാട്ടിയ രജപുത്ര വിഭാഗത്തില്‍പ്പെട്ട പൂഞ്ചയുടെ കുടുംബം മതം മാറിയതോടെ ഷിയാ വിഭാഗത്തില്‍പ്പെടുന്ന ഇസ്മായിലി ഖോജ മുസ്ലീങ്ങളായി. ജിന്നയാകട്ടെ പിന്നീട്‌ ഷിയാക്കളില്‍ തന്നെയുള്ള ത്വല്‍വര്‍ വിഭാഗത്തിലേയ്ക്ക്‌ മാറി. മുഹമ്മദാലിജിന്നയുടെ പിതാവ്‌ ജിന്നാഭായ്‌ പൂഞ്ച തരക്കേടില്ലാത്ത കച്ചവടക്കാരനായിരുന്നു. പിതാവിന്റെ സുഹൃത്തും സമ്പന്നനുമായ മുംബൈയിലെ പാഴ്സി വ്യാപാരി ദിന്‍ഷാ പെറ്റിന്റെ വസതിയില്‍ താമസിച്ച്‌ ആരോഗ്യം വീണ്ടെടുക്കാനെത്തിയതായിരുന്നു മുഹമ്മദാലി ജിന്ന. വിഭാര്യനായിരുന്ന ജിന്ന, ദിന്‍ഷായുടെ പതിനാറുകാരിയായ മകള്‍ രത്നാ ഭായിയെ വശത്താക്കി. ഒരു ദിവസം സര്‍ ദിന്‍ഷായുമായുള്ള സംഭാഷണത്തില്‍ ജിന്ന തന്ത്രപരമായി ഒരു വിഷയമെടുത്തിട്ടു. മിശ്രവിവാഹത്തെക്കുറിച്ച്‌ എന്താണഭിപ്രായമെന്നായിരുന്നു ജിന്നയുടെ ചോദ്യം. ഇതിലെ ദുഷ്ടലാക്ക്‌ മനസ്സിലാകാതെ താന്‍ അത്തരം വിവാഹങ്ങളെ അനുകൂലിക്കുന്നുവെന്ന്‌ ദിന്‍ഷാ മറുപടി നല്‍കി. ഉടന്‍ ജിന്ന തന്റെ ആവശ്യം മുന്നോട്ടുവെച്ചു. "ഞാന്‍ നിങ്ങളുടെ മകള്‍ റുത്തിയെ (അങ്ങനെയായിരുന്നു അവരുടെ ഓമനപ്പേര്‌) വിവാഹം കഴിക്കാനാഗ്രഹിക്കുന്നു." ആവശ്യം നിരസിച്ച ദിന്‍ഷ ജിന്നക്കെതിരെ കേസ്‌ കൊടുത്തെങ്കിലും പതിനെട്ട്‌ വയസ്സ്‌ തികഞ്ഞതിനാല്‍ റുത്തിയെ കോടതി ജിന്നക്കൊപ്പം വിട്ടു. ഇസ്ലാമിക രാഷ്ട്രീയത്തിന്റെ വക്താവായ ജിന്ന ലൗ ജിഹാദിന്റെ പ്രയോക്താവുമായിരുന്നു എന്നതാണ്‌ ഇത്‌ കാണിക്കുന്നത്‌. മുഹമ്മദാലി ജിന്നയുടെ കാര്യത്തില്‍ കഥ ഇവിടെ അവസാനിക്കുന്നില്ല. ജിന്നയ്ക്ക്‌ റുത്തിയില്‍ പിറന്ന മകള്‍ ദിന പില്‍ക്കാലത്ത്‌ പാഴ്സി യുവാവായ നെവ്ലി വാഡിയയെ (ഇന്ന്‌ കാണുന്ന ബോംബെ ഡയിംഗ്‌ കച്ചവട സാമ്രാജ്യത്തിന്റെ യഥാര്‍ത്ഥ ശില്‍പ്പി) വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചപ്പോള്‍ ജിന്ന തനിനിറം കാട്ടി. "സുന്ദരന്മാരായ നിരവധി മുസ്ലീം യുവാക്കള്‍ ഈ രാജ്യത്തുള്ളപ്പോള്‍ എന്തിനാണ്‌ നീയൊരു പാഴ്സി യുവാവിന്റെ പിന്നാലെ പോകുന്നത്‌?" ജിന്ന ചോദിച്ചു. ദിനയുടെ മറുപടി ഒട്ടും വൈകിയില്ല, " രാജ്യത്ത്‌ ഒരുപാട്‌ സുന്ദരികളായ മുസ്ലീം യുവതികളുണ്ടായിരുന്നിട്ടും നിങ്ങളെന്തിനാണ്‌ ഒരു പാഴ്സി പെണ്‍കുട്ടിക്ക്‌ പിന്നാലെ പോയത്‌?" മകളുടെ മറുപടിയില്‍ ജിന്നയ്ക്ക്‌ ഉത്തരംമുട്ടി എന്ന്‌ പറയേണ്ടതില്ലല്ലോ. 'നമാസ്‌' അനുഷ്ഠിക്കുകയോ റംസാന്‍ നോമ്പ്‌ നോല്‍ക്കുകയോ ചെയ്യാത്ത ജിന്നയ്ക്കുപോലും വിവാഹക്കാര്യത്തില്‍ അന്യമതസ്ഥരോടുള്ള സമീപനം ഇതായിരുന്നു. ഇതുതന്നെയാണ്‌ ഇക്കാലത്തെ ലൗ ജിഹാദികളുടെയും മനഃശാസ്ത്രം. മുരളി പാറപ്പുറം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.