റബ്ബര്‍ വില മെച്ചപ്പെടുന്നു, മലയോര മേഖലയ്ക്ക് ആശ്വാസം

Tuesday 18 July 2017 9:23 pm IST

കോട്ടയം: ഏറെ നാളുകള്‍ക്ക് ശേഷം റബ്ബര്‍ വില ഉയരാന്‍ തുടങ്ങിയത് മലയോര മേഖലയ്ക്ക് ആശ്വാസമായി. ഇന്നലെ ആര്‍എസ്എസ്-4ന്റെ റബ്ബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച വില 138.50 രൂപയായിരുന്നു. തലേ ദിവസത്തെക്കാളും ആര്‍എസ്എസ് -4ന് രണ്ടര രൂപയും ആര്‍എസ്എസ് -5ന് രണ്ട് രൂപയുമാണ് വര്‍ധിച്ചത്. ആര്‍എസ്എസ്-5 ഇന്നലെ 136 രൂപയ്ക്കാണ് കച്ചവടം നടന്നത്. ജിഎസ്ടിയുടെ ഗുണഫലം റബ്ബര്‍ മേഖലയില്‍ പ്രകടമായി തുടങ്ങിയതായായിട്ടാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ജിഎസ്ടി വന്നപ്പോള്‍ പ്രകൃതിദത്ത റബ്ബറിന്റെ നികുതി അഞ്ചുശതമാനമായിട്ടാണ് നിശ്ചയിച്ചത്. അതേസമയം സിന്തറ്റിക് റബ്ബറിന്റെ നികുതി 18 ശതമാനമാക്കി. ഇതോടെ വിദേശത്ത് നിന്ന് വന്‍തോതില്‍ കൃത്രിമ റബ്ബര്‍ ഇറക്കുമതി ചെയ്യാനുള്ള സാധ്യതയാണ് അടഞ്ഞത്. ഇറക്കുമതി തീരുവ ഉള്‍പ്പെടെ വിദേശത്ത് നിന്ന് റബ്ബര്‍ ഇറക്കുമതി ചെയ്യുമ്പോള്‍ 23 ശതമാനം നികുതിയാകും. ഇത് വന്‍കിട കമ്പനികള്‍ക്ക് തിരിച്ചടിയാകും. സ്വഭാവികമായും റബ്ബറിന് ആഭ്യന്തര മാര്‍ക്കറ്റിനെ ആശ്രയിക്കേണ്ടി വരും. ഇത് റബ്ബറിന്റെ ആവശ്യം ഉയരാനും വില വര്‍ധിക്കാനും കാരണമാകുമെന്നാണ് കണക്കാക്കുന്നത്. ഒരു മാസമായി റബ്ബര്‍ മേഖല വിലത്തകര്‍ച്ച നേരിടുകയാണ്. കഴിഞ്ഞ മാസം ആര്‍എസ്എസ്-4 ന്റെ വില 122 - 120രൂപയിലേക്ക് കൂപ്പ് കുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് റബ്ബര്‍ കര്‍ഷകര്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ജിഎസ്ടി നിലവില്‍ വന്നതോടെ റബ്ബര്‍മേഖലയ്ക്ക് ഉണര്‍വായിട്ടുണ്ട്. ആഭ്യന്തര ടയര്‍ കമ്പനികള്‍ റബ്ബര്‍ വാങ്ങാന്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നുണ്ട്. എന്നാല്‍ മഴക്കാലമായതിനാല്‍ ഉല്പാദനം കുറവാണ്. കര്‍ഷകരുടെ പക്കല്‍ പഴയ സ്റ്റോക്ക് മാത്രമാണുള്ളത്. വിദേശ വിപണിയിലും റബ്ബര്‍ വില ഉയരുന്ന പ്രവണതയാണ് കാണി്ക്കുന്നത്. ബാങ്കോക്ക്, ക്വാലാലംപൂര്‍ വിപണികളിലും റബ്ബര്‍ വിലയില്‍ ഉയര്‍ച്ച കാണിക്കുന്നുണ്ട്. അതേ സമയം സംസ്ഥാന സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ കാര്യമായി നടക്കുന്നില്ല. കിലോയ്ക്ക് 150 രൂപ ലഭിക്കാന്‍ സഹായിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചിട്ടില്ല. പദ്ധതി പ്രകാരം 27 കോടി രൂപ കുടിശികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.