ഷെഡ്യൂള്‍ പരിഷ്‌കരണം അശാസ്ത്രീയം: ഡ്രൈവേഴ്‌സ് യൂണിയന്‍

Tuesday 18 July 2017 9:53 pm IST

കോട്ടയം: കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഏകപക്ഷീയമായി നടപ്പാക്കിയ ഷെഡ്യൂള്‍ പരിഷ്‌കരണം അശാസ്ത്രീയവും അധാര്‍മ്മികവുമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്‌സ് യൂണിയന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സണ്ണി തോമസും, സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. അയ്യപ്പനും പറഞ്ഞു. അശാസ്ത്രീയമായ ഷെഡ്യൂള്‍ പരിഷ്‌കരണത്തില്‍ ബുദ്ധിമുട്ടുന്നത് ഡ്രൈവര്‍ വിഭാഗമാണ്. 8 മണിക്കൂര്‍ ജോലിയില്‍ ആറര മണിക്കൂര്‍ സ്റ്റിയറിംഗ് ഡ്യൂട്ടി എന്നതാണ് നിയമാനുസൃതം അംഗീകരിച്ചിട്ടുള്ള ഒരു ഡ്യൂട്ടി. എന്നാല്‍ മാനേജ്‌മെന്റ് നടപ്പാക്കിയ സിംഗിള്‍ ഡ്യൂട്ടിയും ഒന്നര ഡ്യൂട്ടിയും ഈ മാനദണ്ഡങ്ങള്‍ ആകെ ലംഘിച്ചുകൊണ്ടുള്ളതാണ്. ഒരേ റൂട്ടില്‍ ഒരേ കിലോമീറ്ററും ഒരേ ക്ലാസ് സര്‍വ്വീസുമായി ഓപ്പറേറ്റ് ചെയ്യുന്ന സര്‍വ്വീസുകള്‍ക്ക് വ്യത്യസ്ത ഡ്യൂട്ടി പാറ്റേണാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഓടുന്ന സമയവും കിലോമീറ്ററും മാനദണ്ഡമാക്കാതെ ഓരോ ബസിനും ലഭിക്കുന്ന കളക്ഷന്റെ അടിസ്ഥാനത്തില്‍ ശമ്പളവും ഡ്യൂട്ടിയും നിശ്ചയിക്കുന്ന നടപടി തുല്യ ജോലിക്ക് തുല്യ വേതനം എന്ന പൊതുതത്വത്തിന്റെ ലംഘനമാണെന്നും ഭാരവാഹികള്‍ പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.