അനധികൃത പാര്‍ക്കിംഗ് ; നഗരസഭക്ക് നഷ്ടം ലക്ഷങ്ങള്‍

Tuesday 18 July 2017 10:09 pm IST

ഒറ്റപ്പാലം: നഗരത്തിലെ ഗതാഗതകുരുക്കും പാര്‍ക്കിംഗ് അസൗകര്യവും നഗരസഭയുടെ അനാസ്ഥയും മുതലെടുത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിനോട് ചേര്‍ന്നു അനധികൃത വാഹനപാര്‍ക്കിംഗ്. ഒറ്റപ്പാലത്തെ പ്രധാന പാതക്കുസമീപം സ്വകാര്യവ്യക്തിനടത്തുന്ന അനധികൃത പാര്‍ക്കിംഗിലൂടെ ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. പ്രതിദിനം നൂറില്‍ പരം വാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാന്‍ ഫീസീടാക്കിയാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.മണിക്കൂറുകള്‍ കണക്കാക്കിയാണു വാഹനങ്ങള്‍ക്കു വാടക. ഇതിനായി ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ നഗരസഭയാകട്ടെ ഇതു കണ്ടില്ലെന്ന് നടിക്കുകയാണ്. നഗരസഭയില്‍ നിന്ന് അനുമതി ലഭിച്ച ശേഷം മാത്രമേ പാര്‍ക്കിംഗ് സംവിധാനം നിയമപരമായി നടത്താന്‍ കഴിയൂ. ഇതിനായി നഗരസഭ പാര്‍ക്കിംഗ് സ്ഥലം അളന്നു നല്‍കേണ്ടതും ലൈസന്‍സ്തുക നിശ്ചയിക്കേണ്ടതുമാണ്. ഇതിലൂടെ പാര്‍ക്കിംഗ് വരുമാനത്തിന്റെ നിശ്ചിത ശതമാനം നഗരസഭക്ക് വാടയിനത്തില്‍ ലഭിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ നഗരസഭ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഗതാഗതക്കുരുക്കും വാഹന പാര്‍ക്കിംഗും ഒറ്റപ്പാലത്തിന്റെ ഏറ്റവും വലിയ തലവേദനയാണിപ്പോള്‍. നിലവിലുള്ള സ്വകാര്യ വ്യക്തികളുടെ പാര്‍ക്കിംഗ് സംവിധാനങ്ങള്‍ നിയമാനുസൃതമാക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്തരം പാര്‍ക്കിംഗ്‌സെന്ററുകള്‍ വലിയ തോതിലാണ് വാഹന ഉടമകളെ ചൂഷണം ചെയ്യുന്നത്. നഗരസഭയുടെ മൗനാനുവാദത്തോടെ സേവനമെന്നപേരില്‍ ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കുകയാണു ചിലസ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ് ഉടമകള്‍. ഒറ്റപ്പാലത്തെ ബൈപാസ് പദ്ധതിയും റോഡ് വികസനവും, വാഹനപാര്‍ക്കിംഗ് ക്രമീകരണവുംഅധികാരികളുടെ ഫയലുകളില്‍ ഒതുങ്ങുകയാണ്. ഇതിന് ഇരയാകുന്നതാകട്ടെ ഒറ്റപ്പാലത്തെ ജനങ്ങളും. എന്നാല്‍ അനധികൃത സ്വകാര്യ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ഉടമകള്‍ക്കുനോട്ടീസ് നല്‍കിയതായും നഗരസഭ അധികൃതര്‍ പറയുന്നു. എന്നാലിത് അനുസരിക്കാന്‍ പലരും തയ്യാറായിട്ടില്ല. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസില്‍ പരാതി നല്‍കിയതായും നഗരസഭ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.