ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം

Tuesday 18 July 2017 10:12 pm IST

തളിപ്പറമ്പ്: ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ പല സ്ഥലങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. മയ്യില്‍ പോലീസ് സ്റ്റേഷന്‍ കെട്ടിടം തകര്‍ന്നു. വെള്ളാവ് പ്രദേശത്ത് നിരവധി വീടുകളുടെ ഓടുകള്‍ കാറ്റില്‍ പറന്നു. ഒട്ടേറെ കൃഷിനാശമുണ്ടായി. മയ്യില്‍ ടൗണിന് സമീപം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷന്റെ ഓടുകള്‍ പാറിപ്പോവുകയും വരാന്തക്കൊപ്പം ഓല ഉപയോഗിച്ച് കെട്ടിയ പന്തല്‍ പൊട്ടിവീഴുകയുമായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകട ഭീഷണിയിലായ ഈ കെട്ടിടത്തില്‍ ജീവന്‍ പണയം വെച്ചാണ് പോലീസുകാര്‍ ജോലിചെയ്യുന്നത്. ഇടിഞ്ഞുവീഴാറായ ഒരു പഴയ കെട്ടിടമാണ് പോലീസ സ്റ്റേഷനായി പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടം പണിയണമെന്ന ആവശ്യമുയര്‍ന്നിട്ടും ഇതുവരെ നടപടിയായിട്ടില്ല. വെള്ളാവില്‍ കെ.വി.കാര്‍ത്യായനിയുടെ വീടിന് മുകളില്‍ മരം പൊട്ടിവീണ് വീട് ഭാഗീകമായി തകര്‍ന്നു. പി.മാധവി, ചന്ദ്രമതി, എന്നിവരുടെ വീടിനും കേടുപറ്റിയിട്ടുണ്ട്. വെള്ളാവ് ബാങ്കിന് സമീപത്തെ നിരവധി സ്ഥലങ്ങളില്‍ മരങ്ങല്‍ പൊട്ടിവീണിട്ടുണ്ട്. മുയ്യം ചപ്പന്നൂരിലും കാറ്റില്‍ വ്യാപകനാശനഷ്ടം ഉണ്ടായിട്ടുണ്ട്. ശക്തമായ കാറ്റില്‍ ബര്‍ണ്ണശ്ശേരി മേഖലയിലും വ്യാപക നാശനഷ്ടമുണ്ടായി. ഹോളി ട്രിനിറ്റി കത്തീഡ്രല്‍ സെമിത്തേരി ചാപ്പലിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ഇരുമ്പു പൈപ്പും ഷീറ്റും ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് മേല്‍ക്കൂര. ഇന്നലെ പുലര്‍ച്ചെയാണ് ഈ മേഖലയില്‍ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്. സെന്‍ട്രല്‍ സ്‌കൂള്‍ പരിസരം, പട്ടാള ക്യാമ്പ് എന്നിവിടങ്ങലിലെ നിരവധി മരങ്ങളും കാറ്റില്‍ കടപുഴകിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാര്‍മസിക്ക് മുമ്പിലെ മരം കടപുഴകി ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. മട്ടന്നൂര്‍ കൊതേരിയില്‍ കൂറ്റന്‍ മരംകടപുഴകി വീണ് വൈദ്യുതി ലൈനും ക്ഷേത്രത്തിന്റെ ബോര്‍ഡും തകര്‍ന്നു. കൊതേരി അംഗന്‍വാടിക്ക് സമീപമുള്ള മരമാണ് കടപുഴകി വീണത്.മട്ടന്നൂര്‍ കണ്ണൂര്‍ റോഡില്‍മരം വീഴുമ്പോള്‍ വാഹനങ്ങള്‍ ഇല്ലാത്തത് വന്‍ ദുരന്തം ഒഴിവാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.