കേരളം സഞ്ചരിക്കുന്നത് തെറ്റായ രാഷ്ട്രീയ പാതയിലൂടെ: റൂഡി

Tuesday 18 July 2017 10:42 pm IST

തിരുവനന്തപുരം: കേരളം തെറ്റായ രാഷ്ട്രീയ പാതയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര നൈപുണ്യവികസന മന്ത്രി രാജീവ് പ്രതാപ് റൂഡി. ഭരണഘടന അനുശാസിക്കുന്ന തരത്തിലുള്ള ഭരണമല്ല കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദീനദയാല്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സാംസ്‌കാരിക വകുപ്പും ദീനദയാല്‍ റിസര്‍ച്ച് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന 'കേരളത്തിന്റെ സമഗ്രവികസനത്തിന് മറ്റൊരു മോഡല്‍' സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ തെറ്റായ രാഷ്ട്രീയ സഞ്ചാരം മാറ്റേണ്ട കാലമായി. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും സാമ്പത്തികമായും വികസനപരമായും മുന്നേറുന്നു. എന്നാല്‍ എല്ലാ മേഖലകളിലും അനുകൂല ഘടകങ്ങളുള്ള കേരളം വികസനകാര്യത്തില്‍ വളരെ പിന്നിലാണ്. കോണ്‍ഗ്രസില്‍ മക്കള്‍ രാഷ്ട്രീയവും ലല്ലുപ്രസാദിന്റെയും മൂലായം സിംഗിന്റെയും പാര്‍ട്ടികളില്‍ ബന്ധു ആധിപത്യവുമാണ്. ബിജെപിയെ ഫാസിസ്റ്റുകള്‍ എന്ന് മുദ്ര കുത്തുന്നവര്‍ ഇതിനെക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും. അവസാന വരിയില്‍ നില്‍ക്കുന്ന അവസാന ആളെയും പരിഗണിക്കുന്ന പ്രത്യയശാസ്ത്രമാണ് ദീനദയാല്‍ മുന്നോട്ടുവച്ചതെന്നും റൂഡി പറഞ്ഞു. ഒ. രാജഗോപാല്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ഐഎസ്‌ഐആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍, ആര്‍ക്കിട്ടെക്റ്റ് ജി. ശങ്കര്‍, ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍, പാപ്പനംകോട് സജി തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.