മാങ്കുളത്ത് സിപിഎമ്മുകാര്‍ ഭൂമി കൈയേറി

Tuesday 18 July 2017 11:31 pm IST

  ഇടുക്കി: മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്ത് ലക്ഷങ്ങള്‍ വിലവരുന്ന റവന്യൂ മിച്ച ഭൂമി സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൈയേറി. ഇവിടെ കെട്ടിടം പണിയാനാണ് നീക്കം. ചെറുകിട കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്കാലുള്ള നിര്‍ദ്ദേശത്തിന്റെ മറപിടിച്ചാണ് കൈയേറ്റം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാറ്റായുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മിച്ചഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് നിരവധിപ്പേര്‍ക്ക് പട്ടയം നല്‍കിയിരുന്നു. ഇവിടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരേക്കറോളം നീക്കിവച്ചിരുന്നു. ഈ ഭൂമിയുടെ ഒരു ഭാഗത്താണ് സിപിഎമ്മും പോഷക സംഘനകളും കൊടിമരം സ്ഥാപിച്ചത്. കഴിഞ്ഞദിവസം ഇവിടെ ജെസിബി ഉപയോഗിച്ച് സിപിഎമ്മുകാര്‍ മണ്ണ് നികത്തിയതോടെയാണ് കൈയേറ്റം വ്യക്തമായത്. സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മാങ്കുളം വില്ലേജ് ഓഫീസര്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ക്ക് സ്റ്റോപ്പ് മെമ്മൊ നല്‍കും. ഈ വസ്തുവിന് തൊട്ടടുത്ത് സര്‍ക്കാര്‍ ഭൂമിയില്‍ ആരാധനാലയത്തിനായി മതില്‍ നിര്‍മ്മിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും റവന്യൂ അധികൃതര്‍ അറിയിച്ചു. ഭൂമി കൈവശപ്പെടുത്താന്‍ സിപിഎം നടത്തുന്ന നീക്കം ചൂണ്ടിക്കാട്ടി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.