ഞാന്‍ ലങ്കാലക്ഷ്മി

Wednesday 19 July 2017 1:54 am IST

നിമിഷവേഗം വായുപുത്രന്‍ ആ കരയിലെത്തി. നൂറുയോജന വരുന്ന സമുദ്രം ഒരൊറ്റ കുതിപ്പില്‍ ചാടിക്കടന്നിട്ടും വായു പുത്രന് അല്‍പ്പമെങ്കിലും ക്ഷീണമോ കിതപ്പോ ഉണ്ടായില്ല. കരയില്‍ കാലൂന്നിനിന്ന് ആഞ്ജനേയന്‍ ചുറ്റുപാടിലേക്ക് കണ്ണയച്ചു. ഇനിയെന്തു വേണം എന്നായിരുന്നു ചിന്ത. കിളിപ്പാട്ടില്‍ അതു വിവരിക്കുന്നത് എങ്ങനെയാണ്? മുത്തശ്ശന്‍ വരുണിനോട് തിരക്കി. വരുണ്‍ ചൊല്ലി പരവശതയോടു ഝടുതി പല വഴി നിരൂപിച്ചു പത്മനാഭന്‍ തന്നെ ധ്യാനിച്ചു മേവിനാന്‍ നിശിതമസി നിശിചരപുരേ കൃശരൂപനായ് നിര്‍ജ്ജനദേശേ കടപ്പനെന്നോര്‍ത്തവന്‍ നിജമനസി നിശിചരകുലാരിയെ ധ്യാനിച്ചു നിര്‍ജ്ജരവൈരിപുരം ഗമിച്ചീടിനാന്‍ 'അതെ'-മുത്തശ്ശന്‍ തുടര്‍ന്നു: സൂര്യാസ്തമയത്തെ പ്രതീക്ഷിച്ച് ഹനുമാന്‍ അവിടെയിരുന്നു. നിശാദേവി പതുക്കെ വന്നണഞ്ഞു. അന്നേരം ഹനുമാന്‍ രൂപമൊന്നു മാറി-ഒരു പൂച്ചയുടെ വലുപ്പത്തിലേക്ക് ചുരുങ്ങി; ഒറ്റച്ചാട്ടത്തിന്, നഗരത്തെ വലയം ചെയ്തിരിക്കുന്ന കോട്ടയുടെ നെറുകയിലെത്തി. അവിടെയിരുന്നു നോക്കിയാല്‍ ലങ്കാപുരിയെ ഒന്നടങ്കം കാണാം. മഹാപുരിയുടെ മാഹാത്മ്യം വായുപുത്രനെ അദ്ഭുതസ്തബ്ധനാക്കി. കര്‍ത്തവ്യബോധമുദിച്ച നേരം, മാരുതി കോട്ടയുടെ നെറുകയില്‍നിന്നു ചാടിയിറങ്ങി. ചെന്നുപെട്ടത്, കോട്ടയ്ക്കു കാവല്‍ നില്‍ക്കുന്ന ലങ്കാലക്ഷ്മിയുടെ മുന്നിലാണ്. ഹനുമാന്‍ നോക്കി: തന്റെ മുന്നില്‍ നില്‍ക്കുന്നത് ഘോരരൂപിയായ ഒരു രാക്ഷസി. അലറുന്ന സ്വരത്തില്‍ അവള്‍ തിരക്കി: നീയാരാണ്? വായുപുത്രന്‍ അക്ഷോഭ്യനായി തിരിച്ചുചോദിച്ചു: നീയാരാണ്? ഒരു നേരമ്പോക്ക് ആസ്വദിക്കുമ്പോലെ അവള്‍ പറഞ്ഞു: അതറിഞ്ഞാലേ നീയാരണെന്നു വെളിപ്പെടുത്തുകയുള്ളൂവെങ്കില്‍ പറയാം: ഈ നഗരത്തെ കാത്തു സൂക്ഷിക്കുന്ന ദ്വാരപാലികയാണ് ഞാന്‍. ഇനി പറയൂ. നീയാരാണ്? ആഞ്ജനേയന്‍ വിനയാന്വിതനായി മൊഴിഞ്ഞു: ഈ പുരിയൊന്നു ചുറ്റിക്കാണാന്‍ വന്നതാണു ഞാന്‍. അതിനെനിക്ക് അനുവാദം തരണം. കണ്ടുകഴിഞ്ഞ്, വന്ന വഴിയേ ഞാന്‍ പൊയ്‌ക്കൊള്ളാം. ലങ്കാലക്ഷ്മി ഗൗരവം പൂണ്ടു: ഒരു ഈച്ചയ്ക്കുപോലും ഇതിനകത്തു കടക്കാന്‍ അനുവാദമില്ല. പിന്നെയാണോ വാനരപ്പരിഷയായ നിനക്ക്? ഒഴിഞ്ഞുപോവാന്‍ കൂട്ടാക്കാതെ, പിന്നേയും അകത്തുകടക്കണമെന്നു വാശിപിടിച്ച വാനരേന്ദ്രനെ ലങ്കാലക്ഷ്മി കഴുത്തില്‍ പിടിച്ചു പുറത്താക്കാന്‍ ശ്രമിക്കവേ, ഹനുമാന്‍ അവരെ ശക്തിയോടെ തള്ളിമാറ്റി. അവരതു പ്രതീക്ഷിച്ചിരുന്നില്ല: അടിതെറ്റി അവര്‍ നിലംപതിച്ചു. അതോടെ അവര്‍ ശാപമുക്തയായി; ലങ്കാശ്രീയായ അവര്‍ അവിടം വിട്ടു' 'ഒരു കഥ കേട്ടിട്ടുണ്ട്' മുത്തശ്ശി പറഞ്ഞു: ഏറെ നാളായി രാവണന്റെ തോളിന് വേദന. വൈദ്യന്മാര്‍ പല ചികിത്സയും വിധിച്ചു; ഒരു ഫലവും കണ്ടില്ല. അപ്പോള്‍, കൊട്ടാരം ജ്യോതിഷി പറഞ്ഞു: സന്ധ്യമയങ്ങിയ നേരം ഒരു ഈറന്‍തോര്‍ത്ത് തോളത്ത് മടക്കിയിടുക... രാവണന്‍ അതനുസരിച്ചു; പിടിച്ചുകെട്ടിയ മട്ടില്‍ തോളത്തെ വേദനമാറി. ശ്രീത്വത്തിന്റെ വിളയാട്ടമായിരുന്നുവത്രെ തോളില്‍. ഈറന്‍ തോര്‍ത്തിട്ട നേരം അവിടെ അശ്രീകരം കുടിയേറി; അതോടെ ശ്രീത്വം പിന്‍വാങ്ങി. തോളത്തെ കുഴപ്പവും മാറിക്കിട്ടിയത്രേ.' 'അന്നേരമാവും ലങ്കാലക്ഷ്മി ലങ്കവിട്ടത്, അല്ലേ?' ശരത്ത് തിരക്കി. 'ആവും'-മുത്തശ്ശന്‍ തലകുലുക്കി: 'പിന്നെ ഹനുമാന്‍ സമയം കളഞ്ഞില്ല. അകത്തുകടന്നു.'

(തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.