മത്സ്യോത്സവം ബഹിഷ്‌ക്കരിക്കും

Wednesday 19 July 2017 7:29 pm IST

സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്നു: ധീവരസഭ ആലപ്പുഴ: മത്സ്യത്തൊഴിലാളി സമൂഹത്തോട് കടുത്ത അവഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നതെന്ന് ധീവരസഭ ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ അടുത്ത മാസം പ്രഖ്യാപിച്ചിരിക്കുന്ന മത്സ്യോത്സവം ധീവരസഭ ബഹിഷ്‌ക്കരിക്കും. മത്സ്യത്തൊഴിലാളി പെന്‍ഷന്‍ മുടങ്ങിയിട്ട് ആറു മാസത്തിലേറെയായി, പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് 1,350 രൂപ വീതം ആശ്വാസ സഹായം നല്‍കുന്ന തണല്‍ പദ്ധതി പോലും സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കി. അപകട മരണ ഇന്‍ഷ്വറന്‍സ്, ചികിത്സാ സഹായം, മത്സ്യത്തൊഴിലാളി ബോണസ് എന്നിവയും നിര്‍ത്തലാക്കിയിരിക്കുകയാണ്. കൂടാതെ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, പ്രോത്സാഹന സമ്മാനങ്ങള്‍, കലാകായിക മത്സരങ്ങളില്‍ മികവു പുലര്‍ത്തിയവര്‍ക്ക് പുരസ്‌ക്കാരങ്ങളുടെ വിതരണവും മുടക്കി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കടല്‍ക്ഷോഭം നേരിടുന്നതിന് യാതൊരു പദ്ധതിയും നടപ്പാക്കിയില്ല. മത്സ്യത്തൊഴിലാളി സമൂഹത്തെ രണ്ടാംതരം പൗരന്മാരായാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. ജിഎസ്ടി നടപ്പാക്കിയതോടെ മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയത് പിന്‍വലിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.