ദശരഥനും ഋഷ്യശൃംഗനും

Wednesday 19 July 2017 8:24 pm IST

തനിക്കു പുത്രന്മാരില്ലാത്തതിനാല്‍ രാജ്യത്തിന് അനന്തരാവകാശി ഇല്ലല്ലോ എന്നോര്‍ത്ത് ദുഃഖിതനായിരുന്ന ദശരഥമഹാരാജാവ് പുത്രന്മാരുണ്ടാകുവാനായി അശ്വമേധയാഗവും പുത്രകാമേഷ്ടിയും നടത്തുവാന്‍ തീരുമാനിച്ചു. ഇത് തന്റെ ഗുരുക്കന്മാരുടേയും ഋഷിമാരുടേയും മന്ത്രിമാരുടേയും മുമ്പില്‍ അവതരിപ്പിക്കുകയും ഇതിന് അവരുടെ അംഗീകാരം ലഭിക്കുകയുമുണ്ടായി. യാഗത്തിനായിവേണ്ട സജ്ജീകരണങ്ങള്‍ നടത്തുവാന്‍ അദ്ദേഹം ഓരോരുത്തരെ ചുമതലപ്പടുത്തി. അശ്വമേധത്തിലെ അശ്വം ഓരോ പദംവെയ്ക്കുമ്പോഴും യാഗാഗ്‌നിയില്‍ ആഹുതിചെയ്യുകയെന്ന കര്‍മ്മമാണ് മുഖ്യപുരോഹിതന്റേത്. ദശരഥന്റെ സൂതനും മന്ത്രിയുമായ സുമന്ത്രര്‍, ഒരു പുരാണസത്രത്തില്‍ താന്‍ കേട്ട ഒരു പുരാവൃത്തം രഹസ്യമായി രാജാവിനോടു പറഞ്ഞു. കാശ്യപന്റെ മകനായ വിഭാണ്ഡകന്റെ പുത്രന്‍ ഋഷ്യശൃംഗന്‍, മഹാതപസ്വിയും തേജസ്വിയുമത്രേ. ഋഷ്യശൃംഗന്‍ അംഗരാജാവായ ലോമപാദന്റെ വളര്‍ത്തുമകളും അങ്ങയുടെ മകളുമായ ശാന്തയെ വിവാഹം കഴിച്ചിട്ടുണ്ടല്ലോ. ഈ യാഗത്തില്‍ ഋഷ്യശൃംഗനെ വരുത്തി മുഖ്യപുരോഹിതനാക്കണം. അങ്ങേയ്ക്ക് നാലുപുത്രന്മാരുണ്ടാകും. ദശരഥന്‍ അംഗരാജാവിന്റെ അനുവാദത്തോടെ ഋഷ്യശൃംഗനെയും ശാന്തയേയും അയോദ്ധ്യയില്‍ കൊണ്ടുവന്നു. ഋഷ്യശൃംഗന്‍ യാഗത്തിന്റെ കാര്‍മ്മികത്വം വഹിച്ചു. യാഗസ്ഥലത്തുവച്ച് ദേവന്മാര്‍ അവിടെ സന്നിഹിതനായിരുന്ന ബ്രഹ്മാവിനോട് രാവണന്റെ അന്ത്യത്തിനായി പ്രാര്‍ത്ഥിച്ചു. ബ്രഹ്മാവാകട്ടെ ഇക്കാര്യം അവിടെത്തന്നെയുണ്ടായിരുന്ന വിഷ്ണുവിനോടുണര്‍ത്തിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വിഷ്ണു രാവണന്റെ വംശനാശം വരുത്തുവാനായി പതിനോരായിരം വര്‍ഷം മനുഷ്യലോകത്തില്‍ കഴിയുവാന്‍ നിശ്ചയിക്കുകയുമുണ്ടായി. വിഷ്ണു തന്റെ പ്രഭാവത്തെ നാല് അംശങ്ങളാക്കി മാറ്റുകയും ദശരഥനെ പിതാവായി വരിക്കുകയും മറയുകയും ചെയ്തു. അതിനുശേഷം യാഗകുണ്ഡത്തില്‍ നിന്നും തേജോമയനായ വിഷ്ണുദൂതന്‍ ഒരു പാത്രത്തില്‍ പായസവുമായി പ്രത്യക്ഷപ്പെടുകയും രാജാവിനോട് ഇങ്ങനെ പറയുകയും ചെയ്തു-ജനങ്ങളുടെ രക്ഷകനായ രാജന്‍, എന്നെ വിഷ്ണുവിന്റെ ദൂതന്‍ എന്നറിഞ്ഞാലും. ഈ പായസം അങ്ങയുടെ പത്‌നിമാര്‍ക്കു നല്‍കിയാലും. അങ്ങേയ്ക്കു പുത്രന്മാരെ ലഭിക്കും. രാജാവ് പായസത്തില്‍ പകുതി കൗസല്യക്കും ബാക്കിയുടെ പകുതി സുമിത്രയ്ക്കും നല്‍കി. ശേഷിച്ച കാല്‍ഭാഗത്തില്‍ പകുതി കൈകേയിക്കും നല്‍കി. ബാക്കി വീണ്ടും സുമിത്രയ്ക്കു കൊടുത്തു. pillaivnsreekaran@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.