കൊടുങ്കാറ്റില്‍ വ്യാപക നാശം

Wednesday 19 July 2017 9:59 pm IST

തൊടുപുഴ: കാലവര്‍ഷത്തോടൊപ്പം എത്തിയ കൊടുങ്കാറ്റില്‍ കരിമണ്ണൂര്‍ മേഖലയില്‍ വ്യാപകനാശനഷ്ടം. നിരവധി വീടുകള്‍ക്ക് നാശം. ഞറുകുറ്റി, ഏഴുമുട്ടം, കുറുമ്പാലമറ്റം, പെരുങ്കാവ്, കരിമണ്ണൂര്‍ ടൗണ്‍, തേക്കിന്‍കൂട്ടം, കോട്ടക്കവല, കുമാരമംഗലം, ഉരിയരിക്കുന്ന്, ഏഴല്ലൂര്‍, ഈസ്റ്റ് കലൂര്‍, പടി. കോടിക്കുളം, പഴുക്കാകുളം, കാഞ്ഞിരംപാറ, കാരുപ്പാറ, വണ്ടമറ്റം, ഉടുമ്പന്നൂര്‍, വണ്ണപ്പുറം തുടങ്ങിയ ഇടങ്ങളിലാണ് ഇന്നലെ രാവിലെ ഉണ്ടായ കാറ്റില്‍ വ്യാപകനാശം ഉണ്ടായത്. നിരവധി ഇടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 9.45 ഓടെയാണ് ശക്തമായ കാറ്റ് വീശിയത്. കാരൂപ്പാറ ആലുംതറയില്‍ അലിയാരുടെ വീടിന് മുകളിലേക്ക് സമീപത്ത് നിന്നിരുന്ന മരത്തിന്റെ ശിഖരം അടര്‍ന്ന് വീണു. വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സമീപത്തായി മരവെട്ടിക്കല്‍ ദിലീപിന്റെ വീടിന് മുകളിലേക്ക് മരം വീണ് ഭാഗീകമായി മല്‍ക്കൂര തകര്‍ന്നു. നെല്ലിക്കുന്നേല്‍ അലിയാരിന്റെ രണ്ട് തേക്ക് മരവും, 5 റബ്ബര്‍ മരവും, 30ലധികം വാഴയും നശിച്ചു. മേക്കുന്നേല്‍ ലൂക്കോസ് അഗസ്തിയുടെ മൂന്നരയേക്കര്‍ സ്ഥലത്തെ നാനൂറോളം റബര്‍ മരങ്ങളാണ് നിലംപതിച്ചത്. ഇത് കൂടാതെ അരയേക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്ന കപ്പയും നശിച്ചു. പന്തയ്ക്കല്‍ കുടുംബത്തിലെ തങ്കച്ചന്‍ മാത്യുവിന്റെ ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത റബര്‍, തെങ്ങ്, ആഞ്ഞിലി എന്നിവ നശിച്ചു. ചീനിക്കല്‍ ബേബിയുടെ നാലരയേക്കര്‍ സ്ഥലത്തെ നൂറോളം റബര്‍ മരങ്ങളും കൃഷിയും നശിച്ചു. പെരിങ്കാവിന്‍കുന്ന് വാണിയകിഴക്കേല്‍ ബിനോയ് വര്‍ഗീസിന്റെ വീടിന്റെ ഓട് കാറ്റത്ത് പറന്ന് പോയി. മുപ്പതോളം ജാതി, പ്ലാവ്, കൊടി, റബര്‍ എന്നിവയും കടപുഴകി. ഇദ്ദേഹത്തിന്റെ സഹോദരന്‍ ബെല്‍ജി വര്‍ഗീസിന്റെ പുരയിടത്തിലെ നിരവധി വൃക്ഷങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. കുന്നം-കാരൂപ്പാറ റോഡില്‍ ഒരുകിലോമീറ്ററോളം ഭാഗത്ത് നിരവധി മരങ്ങളാണ് കടപുഴകിവീണത്. ഞറുക്കുറ്റി-വണ്ടമറ്റം പഴയ റോഡും പുതിയ റോഡും മരം വീണ് കുരുക്കിലായി. പഴ യ റോഡില്‍ കുന്നേല്‍ ജോര്‍ജ്ജ്, പെരിങ്ങാകുന്നേല്‍ ഔത എന്നിവരുടെ തോട്ടങ്ങളില്‍ നിരവധി മരങ്ങള്‍ നശിച്ചു. ഞറുക്കുറ്റി തെക്കേതൊട്ടിയില്‍ ചാക്കോ ജയിംസിന്റെ വീട്ടിലേക്കുള്ള വഴി മരങ്ങള്‍ വീണ് തടസപ്പെട്ടു. ഒരേക്കര്‍ സ്ഥലത്തെ റബറും നശിച്ചു. കരിമണ്ണൂര്‍ ടൗണില്‍ ഗവ. യു.പി സ്‌കൂളിന് സമീപം കുന്നപ്പിള്ളില്‍ മാത്യുവിന്റെ പുരയിടത്തില്‍ നിന്ന വന്‍ തേക്കുമരം 11 കെവി ലൈനിലേക്ക് വീണു. ഇതോടെ ടൗണിലെ വൈദ്യുതി നിലച്ചു. കരിമണ്ണൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനിലെ കെട്ടിടങ്ങള്‍ മേഞ്ഞിരുന്ന ഷീറ്റുകള്‍ കാറ്റില്‍ പറന്നു. വണ്ണപ്പുറം അമ്പലപ്പടിയില്‍ തെങ്ങ് വീണ് ഗതാഗതം നഷ്ടപ്പെട്ടു. കാളിയാര്‍ എസ്റ്റേറ്റില്‍ അഞ്ചോളം റബ്ബര്‍മരങ്ങള്‍ നശിച്ചു. പുറപ്പുഴ വഴിത്തല റോഡില്‍ എല്‍പി സ്‌കൂള്‍ ജങ്ഷനില്‍ പ്ലാവ് കടപുഴകി വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഇലക്ട്രിക് പോസ്റ്റും ഒടിഞ്ഞിട്ടുണ്ട്. കോടിക്കുളം, വണ്ണപ്പുറത്ത് തെങ്ങ് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് കൊടുങ്കാറ്റില്‍ മരം വീണത് ബസ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. വണ്ണപ്പുറം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബിബിന്‍സ് ബസിന്റെ മുന്നിലും പിന്നിലുമാണ് ഞറുക്കുറ്റിക്ക് സമീപത്ത് വച്ച് റബ്ബര്‍ മരങ്ങള്‍ കടപുഴകി വീണത്. ഇതോടെ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാതായി. ഉടന്‍ തന്നെ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി മരം മുറിച്ച് മാറ്റിയാണ് ബസിന് പോകാന്‍ വഴിയൊരുക്കിയത്. വൈദ്യുതി ബന്ധം തകരാറില്‍ 20ഓളം പോസ്റ്റുകളാണ് ഇന്നലെ ഉണ്ടായ കാറ്റില്‍ തൊടുപുഴ മേഖലയില്‍ നശിച്ചത്. ഇതില്‍ അധികവും ഞറുക്കുറ്റി-വണ്ടമറ്റം റോഡിലാണ്. 12 പോസ്റ്റുകളാണ് ഇവിടെ മാത്രം ഒടിഞ്ഞത്. കാരിപ്പാറ-കുന്നം റോഡില്‍ തൊണ്ടുംവാതിലില്‍ നാല് പോസ്റ്റും ഒടിഞ്ഞിട്ടുണ്ട്. പുറപ്പുഴയ്ക്ക് സമീപവും പോസ്റ്റുകള്‍ ഒടിഞ്ഞിട്ടുണ്ട്. മൂന്ന് 11 കെ വി പോസ്റ്റുകളും, ട്രാന്‍സ്‌ഫോര്‍മറിന് സപ്പോര്‍ട്ടായി നിന്നിരുന്ന ഒരു പോസ്റ്റും ഒടിഞ്ഞിട്ടുണ്ട്. 600ഓളം വീടുകളുടെ വൈദ്യുതി താല്‍ക്കാലികമായി മുടങ്ങിയിരിക്കുകയാണ്. കാരൂപ്പാറ, ചെറുതോട്ടിന്‍കര എന്നിവിടങ്ങളിലെ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഒഴിച്ച് ബാക്കിയുള്ളവ അടിയന്തിരമായി പണിപൂര്‍ത്തിയാക്കി ചാര്‍ജ്ജ് ചെയ്തു. ബാക്കിയുള്ളവയുടെ പണി ഇന്നും നാളെയുമായി പൂര്‍ത്തിയാക്കുമെന്നും ഇതിനായി പ്രത്യേകം കോണ്‍ട്രാക്ട് ജോലിക്കാരെ നിയോഗിച്ചതായും കെഎസ്ഇബി സബ് എഞ്ചിനീയര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.