ഓട്ടോ ഡ്രൈവറുടെ മരണം: എക്‌സൈസിനെതിരെ നാട്ടുകാരും പോലീസും

Wednesday 19 July 2017 10:04 pm IST

മുണ്ടക്കയം: എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോകും വഴി ഓട്ടോ അപകടത്തില്‍പെട്ട് ഓട്ടോ ഡ്രൈവര്‍ പുഞ്ചവയല്‍ ചിറയ്ക്കല്‍ മോഹനന്‍(48) മരിച്ച സംഭവത്തില്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കി. മദ്യം അനധികൃതമായി വില്‍പന നടത്തുന്നുവെന്ന് ആരോപിച്ചാണ് മോഹനനെ എക്‌സൈസ് സംഘം പിടികൂടുന്നത്. വണ്ടിയില്‍ മദ്യം ഉണ്ടായിരുന്നുവെന്നും വീട്ടില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്നും ആരോപിച്ച് പരിശോധനക്കായി കൊണ്ട് വരവെയാണ് അപകടം സംഭവിക്കുന്നത്. കസ്റ്റഡിയില്‍ എടുത്ത പ്രതിയെകൊണ്ട് വാഹനം ഓടിപ്പിച്ചത് നിയമവിരുദ്ധമാണെന്നും അത് ഇനി ആവര്‍ത്തിക്കപ്പെടരുതെന്നും പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യമോ മറ്റ് ലഹരി വസ്തുക്കളോ പിടിച്ചാല്‍ അവിടെവച്ച് തന്നെ മഹസര്‍ തയാറാക്കി കേസെടുത്ത ശേഷമേ പ്രതിയെ കൊണ്ടുപോകാവു എന്നാണ് എക്‌സൈസ് നിയമം. രണ്ടര ലിറ്റര്‍ മദ്യമാണെങ്കില്‍ കേസെടുക്കുവാനും എക്‌സൈസിന് കഴിയില്ല. മോഹനന്റെ ഓട്ടോയില്‍ നിന്നും പിടികൂടിയത് രണ്ട് ലിറ്റര്‍ മദ്യമായതിനാല്‍ ഏതു കേസില്‍ കസ്റ്റഡിയിലെടുത്തുവെന്നാണ് നാട്ടുകാരുടെ ചോദ്യം. ഇയാള്‍ മുന്‍പ് സമാന കേസില്‍ പ്രതി ആയതിനാല്‍ വീട്ടില്‍ മദ്യം സൂക്ഷിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാന്‍ രണ്ട് എക്‌സൈസ് ഓഫീസര്‍മാരെ ഓട്ടോയില്‍ കയറ്റി മോഹനന് ഒപ്പം വിടുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ അപകടത്തിന് ശേഷം ഓട്ടോറിക്ഷയില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും മദ്യം കണ്ടെത്തുവാനായില്ല. സംഭവിച്ചത് അപകടമെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും മോഹനന്‍ ജീവന്‍ ഒടുക്കുവാന്‍ വേണ്ടി മനപൂര്‍വ്വം ചെയ്തതാണെന്നും എക്‌സൈസ് പിടിച്ചുവെന്ന വെപ്രാളത്തില്‍ വണ്ടി ഓടിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടതാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.