ഭൂമി കൈയേറ്റം; ദിലീപിന് ലോകായുക്തയുടെ നോട്ടീസ്

Thursday 20 July 2017 9:00 pm IST

തൃശൂര്‍: ഡി സിനിമാസിനു വേണ്ടി പുറമ്പോക്ക് ഭൂമി കൈയ്യേറിയെന്ന പരാതിയില്‍ നടന്‍ ദിലീപിന് ലോകായുക്ത നോട്ടീസ് അയച്ചു. പുറമ്പോക്കിലും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുമുള്ള ഭൂമിയില്‍ കെട്ടിട നിര്‍മാണത്തിന് കൃത്രിമ രേഖകളുണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. കേസില്‍ ദിലീപിനോട് 28 ന് ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടു. ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ്, ജസറ്റിസ് എ.പി. ബഷീര്‍ എന്നിവര്‍ അംഗങ്ങളായുള്ള ഡിവിഷന്‍ ബെഞ്ച് അടിയന്തര പ്രാധാന്യമുള്ള കേസെന്ന് പരിഗണിച്ചാണ് പരാതി ഫയലില്‍ സ്വീകരിച്ച് നോട്ടീസയച്ചത്. ദിലീപ്, മുന്‍ തൃശൂര്‍ കലക്ടര്‍ എം.എസ്. ജയ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എന്നിവരുള്‍പ്പെടെ 13 പേരെ പ്രതി ചേര്‍ത്ത് പരിസ്ഥിതി പ്രവര്‍ത്തകന്‍ പി.എം. മുകുന്ദനാണ് പരാതി നല്‍കിയിരിക്കുന്നത്. ഇതേസമയം ദിലീപിന്റെ ഡി-സിനിമാസ് തിയറ്റര്‍ ഭൂമി കൈയ്യേറിയ സംഭവത്തില്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി നാളെ പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.