ദളിതനായ രണ്ടാമത്തെ രാഷ്ട്രപതി

Thursday 20 July 2017 6:15 pm IST

മലയാളിയായ കെ. ആര്‍. നാരായണനു ശേഷം ദളിത് വിഭാഗത്തില്‍ നിന്ന് എത്തുന്ന രണ്ടാമത്തെ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. ഭാരതത്തിന്റെ 14-ാമത്് രാഷ്ട്രപതി. എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കോവിന്ദിനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിജയം ഉറപ്പിച്ചിരുന്നു.

ദളിതരുടെയും പിന്നാക്ക വിഭാഗത്തിന്റെയും ഉന്നമനത്തിന് വേണ്ടി എന്നും പോരാടിയ വ്യക്തിയാണ് കോവിന്ദ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ ബിജെപിയുമായി അടുപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം. പടിഞ്ഞാറന്‍ യുപിയില്‍ നിന്നുള്ള ദളിത് വിഭാഗത്തിലെ പ്രമുഖ നേതാവായി ഉയര്‍ന്നുവന്ന അദ്ദേഹം രാഷ്ട്രീയത്തിലെ സൗമ്യമുഖമായാണ് അറിയപ്പെടുന്നത്.

ബിജെപിയുടെ ദളിത് മോര്‍ച്ചയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് പാര്‍ലമെന്റിലേക്ക് എത്തിച്ചേര്‍ന്നതോടെ രാജ്യത്തെ ദളിത് വിഷയങ്ങളില്‍ സഭയ്ക്കുള്ളിലെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ദളിത്-പിന്നാക്ക സമൂഹത്തില്‍നിന്നുള്ള പ്രശ്നങ്ങള്‍ സഭയിലെത്തിക്കുന്നതില്‍ രാംനാഥ് കോവിന്ദ് ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്നതായി പാര്‍ലമെന്റിലെ ബിജെപി ഓഫീസ് സെക്രട്ടറിയും മലയാളിയുമായ എന്‍. വേണുഗോപാല്‍ ഓര്‍മ്മിക്കുന്നു.

രാജ്യത്തെ ദളിത് വിഷയങ്ങള്‍ ശൂന്യവേളയിലും ചോദ്യോത്തര വേളയിലും ഉന്നയിക്കുകയും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ അത്തരം പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്ത കോവിന്ദ്, അഭിഭാഷകനെന്ന നിലയിലുള്ള കഴിവും പ്രസംഗ പാടവവും സഭയ്ക്കുള്ളിലും മികച്ച രീതിയില്‍ തന്നെയാണ് കാഴ്ചവെച്ചത്.

പാര്‍ലമെന്റംഗമായ കാലത്ത് പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമം, സാമൂഹ്യനീതി, നിയമം, ആഭ്യന്തരം, പെട്രോളിയം തുടങ്ങിയ വിവിധ വിഷയങ്ങളിലൂടെ പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മറ്റികളിലെ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002ല്‍ ഐക്യരാഷ്ട്രസഭയില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്ത് പ്രസംഗിച്ചു.

സവര്‍ണ്ണ പാര്‍ട്ടിയെന്ന് എതിരാളികള്‍ ആക്ഷേപിക്കുമ്പോഴും പിന്നാക്ക ജനവിഭാഗത്തിന്റെ പിന്തുണയായിരുന്നു ബിജെപിയുടെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടേയും എക്കാലത്തെയും കരുത്ത്. നിരവധിയായ ദളിത് നേതാക്കള്‍ ആര്‍എസ്എസിലും ബിജെപിയിലും അതിന്റെ പഴയ രാഷ്ട്രീയ രൂപമായ ജനസംഘത്തിലുമുണ്ടായിരുന്നു. എന്നാല്‍ ജാതീയമായ വേര്‍തിരിവുകള്‍ക്ക് പ്രസക്തിയില്ലാത്ത സംഘപരിവാര്‍ സംഘടനകളില്‍ അവരാരും ദളിത് മുഖമെന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ബന്ദാരു ലക്ഷ്മണെന്ന മുന്‍ ആര്‍എസ്എസ് കാര്യകര്‍ത്താവിനെ ബിജെപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കുമ്പോഴും ജാതിയെപ്പറ്റിയല്ല, മറിച്ച് കഴിവിനെപ്പറ്റി മാത്രമാണ് പ്രസ്ഥാനം ചിന്തിച്ചിട്ടുണ്ടാവുക. പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തെത്തിയതും ജാതീയത അടിസ്ഥാനമാക്കിയല്ലല്ലോ.

സാമൂഹ്യ സമരസതയുടെ മാതൃക എന്നും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ അവരുടെ നേതാക്കളിലൂടെ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും കാണാനും അംഗീകരിക്കാനും മുഖ്യധാരാ മാധ്യമങ്ങളും മറ്റു രാഷ്ട്രീയ നേതൃത്വങ്ങളും ഒരിക്കലും തയ്യാറായിട്ടില്ല എന്നുമാത്രം.

എന്നും ദുര്‍ബ്ബല ജനവിഭാഗത്തിനൊപ്പം 

സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം അവരുടെ ശബ്ദമായി എക്കാലത്തും പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് രാംനാഥ് കോവിന്ദ്. സമൂഹത്തിലെ ദുര്‍ബ്ബല ജനവിഭാഗത്തിനൊപ്പം നിന്നുകൊണ്ട് സ്ത്രീകള്‍ക്കും ദളിതര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു.

ഭാര്യയോടൊപ്പം

സൗജന്യ നിയമ സഹായം നല്‍കുന്നതടക്കമുള്ള നിരവധി ദൗത്യങ്ങള്‍ അദ്ദേഹം നിര്‍വഹിച്ചു. പൊതുജീവിതം പൂര്‍ണ്ണമായും ദളിത്,പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ച രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായതോടെ യുപിയിലെയും ബീഹാറിലെയും പ്രാദേശിക കക്ഷികളുടെ പിന്തുണ ഉറപ്പിക്കാന്‍ ബിജെപിക്ക് കഴിയും.

അഖിലേന്ത്യാ കോലി സമാജിന്റെ അധ്യക്ഷന്‍ കൂടിയാണ് രാംനാഥ് കോവിന്ദ്. സവിത കോവിന്ദ് ആണ് ഭാര്യ. പ്രശാന്ത് കുമാര്‍, സ്വാതി എന്നിവര്‍ മക്കള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.