മെഡിക്കല്‍ കോളേജ് അഴിമതി ആരോപണം; കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഇന്ന്

Thursday 20 July 2017 9:03 pm IST

ന്യൂദല്‍ഹി: മെഡിക്കല്‍ കോളേജിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട കേരളത്തിലെ വിഷയത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഇന്ന് പാര്‍ലമെന്റില്‍ നിലപാടറിയിക്കും. കേരളത്തിലെ ചില ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്നാരോപിച്ച് കെ.സി. വേണുഗോപാല്‍, എംബി. രാജേഷ് എന്നിവര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ബഹളം വച്ചതോടെ സഭാ നടപടികള്‍ തടസ്സപ്പെട്ടു. വിഷയം അറിയില്ലെന്നും പഠിച്ചതിന് ശേഷം അടുത്ത ദിവസം പ്രതികരിക്കാമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ സഭയില്‍ വ്യക്തമാക്കി. വിഷയത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വവുമായി അകന്ന ബന്ധമുള്ളവരാണ് ആരോപണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും സംസ്ഥാന നേതാക്കള്‍ക്ക് പങ്കില്ലെന്നുമാണ് കേന്ദ്രത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങള്‍ യുപിഎ ഭരണകാലം മുതല്‍ രാജ്യത്ത് നിലവിലുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാണ് സ്വയംഭരണസ്ഥാപനമായ എംസിഐയുടെ പ്രവര്‍ത്തനം. മെഡിക്കല്‍ കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് അഴിമതി ഇല്ലാതാക്കി സുതാര്യത ഉറപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ കേന്ദ്രം തയ്യാറാക്കി. ബില്ല് പാസാക്കുന്നതോടെ എംസിഐക്ക് പകരം പുതിയ സംവിധാനം വരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.