ദേശീയ പാതയോരം മാലിന്യ നിക്ഷേപ കേന്ദ്രം

Thursday 20 July 2017 10:25 pm IST

കാഞ്ഞിരപ്പള്ളി: ദേശീയ പാതയോരം മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ള സ്ഥലമായി മാറിക്കഴിഞ്ഞു. പാതയോരത്ത് വളര്‍ന്ന കാടുകള്‍ ഇതിന് സൗകര്യമൊരുക്കുന്നു. കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ അടക്കമുള്ളവ അപകടം വിളിച്ച് വരുത്തുന്ന തരത്തില്‍ ദേശീയ പാത183ല്‍ തള്ളിയതായി പരാതിയുണ്ടെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ല. പാതയോരത്തെ പടര്‍ന്ന് കിടക്കുന്ന കാടുകളിലേക്ക് മാലിന്യം തള്ളുന്നതും പതിവാണ്. 26-ാം മൈലിനും അല്‍ഫീന്‍ പബ്ലിക് സ്‌കൂളിനുമിടയില്‍ കഴിഞ്ഞ ദിവസം തള്ളിയ കോണ്‍ക്രീറ്റ് മാലിന്യം ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന തരത്തില്‍ റോഡിലേക്ക് പരന്ന് കിടക്കുകയാണ്. വീട്ടുമാലിന്യങ്ങളടക്കമുള്ളവ വഴിയരുകിലെ കാടുകളിലേക്ക് വാഹനത്തിലെത്തി വലിച്ചെറിയുന്നതും പതിവാണ്. പഞ്ചായത്തില്‍ നടന്ന ഗതാഗത പരിഷ്‌കരണം നടത്തുന്നതിനായുള്ള അവലോക യോഗത്തില്‍ ദേശിയ പാതയോരത്തെ അനധികൃതമായി മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. റാണിയാശുപത്രിക്കും പുതക്കുഴിക്കും ഇടയിലുമായി മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി വഴിയരുകില്‍ തള്ളിയിട്ടുണ്ട്. ഇത് നീക്കം ചെയ്യണമെന്ന് താലൂക്ക് വികസന സമിതിയിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവ ഇത് വരെ നീക്കം ചെയ്തിട്ടില്ല. ദേശീയ പാതയില്‍ ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന രീതിയിലുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് പോലീസ് ദേശീയ പാത അധികൃതരെ അറിയിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ് കവാടത്തിലെ നോ പാര്‍ക്കിംഗ് ബോര്‍ഡ് ബസ് ഇറങ്ങി വരുന്നതിനായി തടസമുണ്ടാകുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് ബോര്‍ഡ് നീക്കം ചെയ്യണമെന്ന് അറിയിച്ചിത്. പാതയോരത്തെ ഇലക്ട്രിക് പോസ്റ്റുകളിലും സ്വകാര്യ കേബിള്‍ പോസ്റ്റുകളിലും സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതൊന്നും നടപ്പിലാക്കാന്‍ അധികാരികളുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.