ന്യൂദല്‍ഹി: അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തുന്ന സമരരീതിക്കെതിരെ പ്രമുഖ ധനതത്വ ശാസ്ത്രജ്ഞനും നോബല്‍ സമ്മാന ജേതാവുമായ അമര്‍ത്യസെന്‍. ഇരുന്നുകൊണ്ട് സമരം നടത്തിയാല്‍ മാത്രം അഴിമതി ഇല്ലാതാക്കാന്‍ കഴിയില്ല. അഴിമതിയുടെ കാരണവും അത് എങ്ങനെ ഇല്ലാതാക്കാമെന്നത് സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടും തെറ്റാണെന്ന് അമര്‍ത്യസെന്‍ അഭിപ്രായപ്പെട്ടു.
അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തുന്ന നിരാഹാര സമരം മൂന്ന് ദിവസം പിന്നിടുകയാണ്. അഴിമതിക്കെതിരെയുള്ള രോഷപ്രകടനമാണ് ഹസാരെ സംഘം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ തനിക്ക് അദ്ദേഹത്തോട് അനുകമ്പയും സഹതാപവുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മരച്ചുവട്ടില്‍ എല്ലാവരേയും വിളിച്ചു ചേര്‍ത്ത് സമരം നടത്തിയതുകൊണ്ടുമാത്രം അഴിമതി അവസാനിക്കില്ലെന്ന് സെന്‍ അവകാശപ്പെട്ടു.
ഒരാള്‍ വേണ്ട എന്നു പറഞ്ഞാല്‍ അവസാനിക്കുന്നതല്ല അഴിമതി. അഴിമതി വേണോ വേണ്ടയോ എന്നല്ല മറിച്ച് അഴിമതി തുടച്ചുനീക്കുകയാണ് വേണ്ടത്. അഴിമതി എങ്ങനെ ഇല്ലാതാക്കും എന്ന ചോദ്യം ഉയരണം. തീര്‍ച്ചയായും ഒരു കുട്ടിപോലും അഴിമതി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഹസാരെയുടെ സമരരീതിക്കെതിരെ തുറന്നടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: